sections
MORE

‘കേരളത്തിൽ ഇനി പേമാരിക്ക് സാധ്യതയില്ല; മഴ വിട്ടൊഴിഞ്ഞിരിക്കുന്നു’

weather-man
SHARE

ഈ നൂറ്റാണ്ടിൽ ഇതുവരെ സംഭവിക്കാത്ത ദുരന്തത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. മൂന്നു ദിവസത്തെ ശക്തമായ മഴയിൽ കേരളം മുങ്ങി. മുങ്ങില്ലെന്ന് കരുതിയിരുന്ന മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. എന്നാൽ ഇനി ഇത്തരമൊരു പേമാരി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് തമിഴ്നാട്ടുകാരൻ 'കാലാവസ്ഥാ മാന്ത്രികന്‍' പ്രദീപ് ജോൺ പ്രവചിക്കുന്നത്.

കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചിട്ടത് ഇങ്ങനെ: 

ഒരാഴ്ചത്തെ പേമാരിക്കൊടുവില്‍, മേഘാവൃതമല്ലാത്ത കേരളം

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇനിയും ഒറ്റപ്പെട്ട മഴ പെയ്യും. നാളെയും ഒരുപക്ഷേ അതിനു ശേഷവും മഴ പെയ്യും. അതെല്ലാം ഈ സീസണില്‍ കേരളത്തില്‍ സാധാരണമാണ്. എന്നാല്‍ കടുത്ത പേമാരി ഉണ്ടാവുമെന്ന ഊഹാപോഹങ്ങളും കിംവദന്തികളിലും നിങ്ങള്‍ വിശ്വസിക്കരുത്. ഒരാഴ്ചക്കു ശേഷം ഇതാദ്യമായി മഴമേഘങ്ങള്‍ തീരെ കുറഞ്ഞ ആകാശമാണ് കേരളത്തിന് മുകളില്‍. ഇന്നത്തെ (ശനിയാഴ്ചത്തെ) റഡാര്‍ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. മഴ കീഴടങ്ങിയിരിക്കുന്നു.

പുതിയ ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയല്ല

പുതിയൊരു ന്യുനമര്‍ദം ഒഡീഷ തീരത്ത് രൂപപ്പെട്ടു വരുന്നുണ്ട്. എന്നാലിത് നേരത്തെ സംഭവിച്ചതുപോലെ കേരളത്തില്‍ മൺസൂൺ കാറ്റിന് കാരണമാവില്ല. ദയവായി വ്യാജ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. പുതിയ ന്യൂനമര്‍ദം കേരളത്തില്‍ മറ്റൊരു പേമാരിക്കു കാരണമാവില്ല. അതേ, 1882, 1924, 1961 നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും ഭീകരമായ പേമാരിക്കു അന്ത്യമാവുകയാണ്'

ആരാണ് പ്രദീപ് ജോൺ ?

റിപ്പോർട്ട്: രാജീവ് നായർ

തമിഴ്‌നാട്ടില്‍ മാനം കറുക്കുമ്പോള്‍, സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകള്‍ പരക്കുമ്പോള്‍, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ലക്ഷക്കണക്കിനു പേര്‍ ഉറ്റുനോക്കുന്നത് 'തമിഴ്‌നാട് വെതര്‍മാന്‍' എന്ന ഫെയ്സ്ബുക് പേജിലേക്ക്. കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെ. മഴ കനക്കുന്ന കേരളത്തിലെ ബാണാസുര സാഗര്‍ ഡാമില്‍നിന്നു തമിഴ്‌നാട്ടിലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കുകളും മഴയുടെ ലഭ്യതയും ജാഗ്രതാ മുന്നറിയിപ്പുകളും ഉള്‍പ്പെടെ വേണ്ടതെല്ലാം മുപ്പത്തിയെട്ടുകാരനായ പ്രദീപ് അതില്‍ ഒരുക്കിയിട്ടുണ്ടാകും. മക്കളുടെ കല്യാണം മഴയില്ലാത്തപ്പോള്‍ നടത്താന്‍ മാതാപിതാക്കള്‍ തേടിയെത്തുന്നുതും പ്രദീപിനെയാണ്. ഫെയ്‌സ്ബുക്കില്‍ 57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതര്‍മാനെ പിന്തുടരുന്നത്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്‌നാട്ടുകാര്‍ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു.

2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്കു മനസിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപ് സ്വീകരിക്കുന്നത്. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.

വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്. അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാര്‍, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതല്‍ അറിവുകള്‍ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകള്‍ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്‌സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്.

ധനതത്വശാസ്ത്രത്തില്‍ എംബിഎ നേടിയ പ്രദീപ് 1996ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്. 1996 ജൂണില്‍ ചെന്നൈയില്‍ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയില്‍ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടില്‍ തന്നെ കുടുങ്ങിപ്പോയി. 700 മില്ലീമീറ്റര്‍ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തില്‍ വൈദ്യതിബന്ധം പോലുമില്ലാതെ ആളുകള്‍ വീടുകളില്‍ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാല്‍ക്കണിയില്‍ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴക്കണക്കുകളില്‍ ആകെ നനയുകയായിരുന്നു. അക്കാലം മുതല്‍ മഴലഭ്യത രേഖപ്പെടുത്താന്‍ തുടങ്ങിയ പ്രദീപ് 2010-ല്‍ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകള്‍ക്കായി ലേഖനങ്ങള്‍ തയാറാക്കി.

2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി. സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു.

2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. ചില ഘട്ടങ്ങളില്‍ തെറ്റായ വിവരങ്ങളില്‍നിന്നു ചെന്നൈ സ്വദേശികളെ രക്ഷിക്കാനും പ്രദീപിനു കഴിഞ്ഞു. ഒരു രാജ്യാന്തര മാധ്യമം ഉള്‍പ്പെടെ പ്രളയമുന്നറിയിപ്പു പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ആളുകള്‍ വിലപ്പെട്ടതെല്ലാം വാരിക്കൂട്ടി വീടുകള്‍ വിട്ടുപോകാന്‍ നീക്കം തുടങ്ങി. എന്നാല്‍ മറിച്ചായിരുന്നു പ്രദീപിന്റെ നിരീക്ഷണങ്ങള്‍. ഒടുവില്‍ പ്രദീപിന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ആളുകള്‍ക്കു വിശ്വാസമേറുകയും ചെയ്തു.

തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ ജോണ്‍ ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റം പോലും പ്രദീപിന്റെ ഉറക്കം കെടുത്തും. പിന്നെ പുലരും വരെ കാറ്റിന്റെ ഗതി നിരീക്ഷിക്കും. ഒടുവില്‍ പരിഭവത്തോടെ ഭാര്യയും കുഞ്ഞും എത്തുമ്പോഴാവും പ്രദീപ് ലാപ്‌ടോപ്പ് അടച്ച് ഉറക്കത്തിലേക്കു മടങ്ങുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA