കേരള പ്രളയത്തിന്റെ ഭീകരത: ബഹിരാകാശ കാഴ്ചകളുമായി നാസ

കേരളത്തെ തകർത്ത പേമാരിയുടെയും പ്രളയത്തിന്റെ പുതിയ വിവരങ്ങളും സാറ്റ്‌ലൈറ്റ് ചിത്രങ്ങളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നൂറു വർഷത്തിനിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മോശമായ മൺസൂൺ സീസണുകളിൽ ഒന്നാണ് കേരളം നേരിടേണ്ടിവന്നതെന്നാണ് നാസ പറയുന്നത്. ബഹിരാകാശത്തു നിന്നു നിരീക്ഷിക്കുമ്പോൾ മാത്രമാണ് ഈ വൻ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകുക. 

കഴിഞ്ഞ ദിവസങ്ങളിൽ നാസ പുറത്തുവിട്ട ആനിമേഷനുകളും മറ്റു സാറ്റ്‌ലൈറ്റ് ചിത്രങ്ങളും കേരളത്തിലെ മൺസൂൺ വ്യാപ്തിയെ കുറിച്ച് വ്യക്തമാക്കുന്നതാണ്. 2018 ഫെബ്രുവരി 6 നും ഓഗസ്റ്റ് 22 നും പകർത്തിയ രണ്ട് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ കാണുമ്പോഴാണ് കേരളം എത്രത്തോളം വലിയ ദുരന്തത്തേയാണ് നേരിട്ടതെന്ന് മനസ്സിലാകുക.

വേമ്പനാട്ടു കായലിന്റെ ഭാഗത്തു നിന്നുള്ള ആകാശകാഴ്ചയാണ് നാസ പുറത്തുവിട്ടത്. ഫെബ്രുവരി ആറിലെ ചിത്രത്തിൽ വേമ്പനാട്ടു കായൽ തെളിഞ്ഞു കാണാം. മറ്റു പ്രദേശങ്ങളിലെ പച്ചപ്പിന്റെ സുന്ദര കാഴ്ചകളും കാണാൻ സാധിക്കുന്നുണ്ട്. 

എന്നാൽ ശക്തമായ മഴയ്ക്ക് ശേഷം കേരളം പ്രളയത്തിൽ മുങ്ങിയതിനു ശേഷം ഓഗസ്റ്റ് 22 ന് പകർത്തിയ ചിത്രത്തിൽ വേമ്പനാട്ടു കായൽ കാൺമാനില്ല. പച്ചപ്പെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഭീകര ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്.