sections
MORE

ചൊവ്വയിലെ മണൽക്കാറ്റ്; ആ പേടകത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകും?

mars
SHARE

ചൊവ്വാഗ്രഹത്തെ കുറിച്ചു പഠിക്കാനുള്ള നാസയുടെ മാർസ് എക്സ്പ്ലൊറേഷൻ റോവർ പ്രോഗ്രാമിന്റെ ഭാഗമായി 2003 ജൂലൈയിലാണ് ഓപ്പർച്യുണിറ്റി പേടകം വിക്ഷേപിക്കുന്നത്. ഈ റോബട്ടിക് റോവർ വിജയകരമായി തൊട്ടടുത്ത വർഷം ജനുവരിയിൽ ചൊവ്വയിലെത്തി, പ്രവർത്തനവും ആരംഭിച്ചു. എന്നാൽ 14 വർഷത്തിനപ്പുറം പെട്ടെന്നൊരു നാൾ ഓപ്പർച്യുണിറ്റി നിശബ്ദമായി. ചൊവ്വയിൽ വീശിയടിച്ച മണൽക്കാറ്റായിരുന്നു കാരണം. മനുഷ്യൻ പരീക്ഷണങ്ങൾ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു മണൽക്കാറ്റ് ചൊവ്വയിൽ ദൃശ്യമാകുന്നത്. 

ജൂണിൽ ആരംഭിച്ച കാറ്റിന്റെ തീവ്രത കുറഞ്ഞത് ഇപ്പോഴാണ്. ഈ സാഹചര്യത്തിൽ ഓപ്പർച്യുണിറ്റിയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളും നാസ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ഓപ്പർച്യുണിറ്റിയില്‍ നിന്നും സിഗ്നലുകളൊന്നും ഭൂമിയിലെത്തിയിട്ടില്ല. എന്നാൽ അതിനു കാത്തുനില്‍ക്കാതെ ഭൂമിയിൽ നിന്നുള്ള കമാൻഡുകൾ തുരടരെ അയയ്ക്കാനാണ് നാസയുടെ തീരുമാനം. ഡീപ് സ്പെയ്സ് നെറ്റ്‌വർക്ക് വഴിയാണ് കമാൻഡുകള്‍ നൽകുന്നത്. ഏതെങ്കിലും വിധത്തിൽ ഓപ്പർച്യുണിറ്റി പ്രതികരിക്കുമെന്നു തന്നെയാണു ഗവേഷകരുടെ വിശ്വാസം. 

മറ്റു റോവറുകളിൽ നിന്നു വ്യത്യസ്തമായി ഓപ്പർച്യുണിറ്റിയ്ക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നത് സൗരോർജ പാനലുകൾ വഴിയായിരുന്നു. മണൽക്കാറ്റ് ശക്തമായതോടെ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക്  സൂര്യപ്രകാശം എത്താതായി. അതോടെ പതിയെപ്പതിയെ ഓപ്പർച്യുണിറ്റിയുടെ ചാർജും തീർന്ന് അത് ‘ഉറക്ക’ത്തിലേക്കു(ഹൈബർനേഷൻ) വഴുതി വീണു. നോർമൽ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി പോലും മാസങ്ങളായി ഓപ്പർച്യുണിറ്റിയ്ക്കു ലഭിക്കുന്നില്ല. എന്നാൽ അന്തരീക്ഷം ‘ക്ലിയറാ’യതോടെ ഈ റോവറിനാവശ്യമായ സൗരോർജം അധികം വൈകാതെ ലഭിക്കുമെന്നാണു കരുതുന്നത്. അപ്പോഴും ആശങ്ക ഉണർത്തുന്ന ഒരുപിടി കാര്യങ്ങളുണ്ട്. 

ഓപ്പർച്യുണിറ്റിയുടെ സോളർ പാനലുകളിൽ കാറ്റിൽ മണലടിയാനുള്ള സാധ്യതയുണ്ട്. അതോടെ സൂര്യപ്രകാശം ലഭിക്കാൻ ഇനിയും വൈകും. കാറ്റിൽ മണലെല്ലാം പാറിപ്പോകും വരെ ഇനിയും കാത്തിരിക്കണം. ഓപ്പർച്യുണിറ്റിയിലുള്ള ‘ഓൺ‍–ബോർഡ്’ ക്ലോക്ക് പ്രവർത്തനരഹിതമാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ ഇനി റോവറുമായി എന്നു ബന്ധം സ്ഥാപിക്കുമെന്നതിൽ ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തിലാണ് ഓപ്പർച്യുണിറ്റി സന്ദേശം അയയ്ക്കുന്നതു കാക്കാതെ കമാന്‍ഡുകളയയ്ക്കാൻ നാസ തീരുമാനിച്ചതും. 

Opportunity-rover

പേടകത്തിന്റെ ‘ഉറക്കക്കാലത്ത്’ പവറിന്റെയോ കമ്യൂണിക്കേഷന്റെയോ ഹാർഡ്‌വെയർ തകരാറിലാകാനും സാധ്യതയുണ്ട്. ഒരുവിധത്തിൽപ്പെട്ട താപനിലയെയെല്ലാം നേരിടാൻ ഇവയ്ക്കാകും. കൃത്യമായ താപനിലയിൽ റോവറിനെ നിലനിർത്താൻ ഹീറ്ററുകളുമുണ്ട്. എന്നാൽ 14 വർഷമായതിനാലും അതീവ ദുഷ്കരമായ അന്തരീക്ഷ സാഹചര്യങ്ങളെ നേരിട്ടിട്ടുള്ളതിനാലും  ഹാർഡ്‌വെയറിന് എളുപ്പം കേടുപാടുകൾക്കു സാധ്യതയുണ്ടെന്നാണു നാസയുടെ നിഗമനം. 45 ദിവസം കൊണ്ട് കമാൻഡുകളിലൂടെ ഓപ്പർച്യുണിറ്റിയെ തിരികെ കൊണ്ടുവരാനാണു അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയുടെ നീക്കം. എന്നിട്ടും മറുപടിയൊന്നുമുണ്ടായില്ലെങ്കിൽ പിന്നെയും മാസങ്ങളോളം കാത്തിരിക്കുക മാത്രമേയുള്ളൂ വഴി, എന്നെങ്കിലും ഓപ്പർച്യുണിറ്റി പ്രതികരിക്കുമെന്ന പ്രതീക്ഷയുമായ്..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA