sections
MORE

ബഹിരാകാശത്ത് ഇന്ത്യൻ കുതിപ്പ്: സഹായം തേടിയത് 28 രാജ്യങ്ങൾ

pslv-c40
SHARE

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊൻതൂവൽ കൂടി. സെപ്റ്റംബർ 16ന് ബ്രിട്ടന്റെ രണ്ടു ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒയുടെ പിഎസ്എൽവി സി42 റോക്കറ്റ് വഴി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തില്‍ ഇന്ത്യയിൽ നിന്നുള്ള ഉപഗ്രഹങ്ങൾ ഇല്ല. പൂർണമായും കൊമേഴ്സ്യൽ വിക്ഷേപണമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

ഭൗമ നിരീക്ഷണത്തിനുള്ള ബ്രിട്ടന്റെ നോവാസർ, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിക്കുന്നത്. ഇതുവരെ 28 രാജ്യങ്ങളിൽ നിന്നായി 237 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുക്കൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആർഒ നേടിയത്. 2014–15 വർഷത്തിൽ 415.4 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. 2013–14 ൽ ഇത് 136 കോടി രൂപയായിരുന്നു. നിലവിൽ ലോക ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ വരുമാന വിഹിതം 36,000 കോടി രൂപയാണ്. മൊത്തം വിഹിതത്തിന്റെ 0.6 ശതമാനം മാത്രമാണിത്. അമേരിക്കയുടെ നാസയും സ്വകാര്യ സ്ഥാപനമായ സ്പെയ്സ് എക്സും മൊത്തം വരുമാനത്തിന്റെ 65 ശതമാനവും കയ്യടക്കിയിരിക്കുന്നു.

1999 മെയ് 26ന് കൊറിയയുടെ KITSAT-3 ജർമനിയുടെ DLR-TUBSAT എന്നിവയാണ് ഐഎസ്ആർഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങൾ. നമ്മുടെ ഓഷ്യൻസാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എൽവി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഇംഗ്ലണ്ട്, അമേരിക്ക, അർജീരിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇന്തൊനീഷ്യ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ലക്സംബർഗ്, നെതർലൻഡ്, കൊറിയ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എൽവി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഐഎസ്‌ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഐഎസ്ആർഒയുടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉപഗ്രഹ നിർമാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിർമാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആൻട്രിക്സിന്റെ നേതൃത്വത്തിലാണ്. അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA