ബഹിരാകാശത്തു നിന്ന് 72 ദുരൂഹ സിഗ്നലുകള്‍; അയച്ചത് അന്യഗ്രഹ ജീവികളോ?

ശാസ്ത്രം ആകാശത്തേക്കു ചെവിയോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. പക്ഷേ അവിടെ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി തിരിച്ചറിയുന്നതിന് ഏറെ കാലതാമസമെടുത്തതാണു പലപ്പോഴും തിരിച്ചടിയായത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ(എഐ) വരവോടെ അതിനും ഉത്തരമായിട്ടുണ്ട്. കോടാനുകോടി പ്രകാശ വര്‍ഷം അകലെയുള്ള അജ്ഞാത സിഗ്നലുകളെ വരെ ബഹിരാകാശത്തു നിന്നു പിടിച്ചെടുക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്. അത്തരമൊരു സംവിധാനം വഴി പിടിച്ചെടുത്ത സിഗ്നലുകളാണ് ഇപ്പോള്‍ ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നതും. 

വെസ്റ്റ് വിര്‍ജിനിയയില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നുള്ള വിവരങ്ങളാണ് എഐ ഉപയോഗിച്ച് ഗവേഷകർ വിശകലനം ചെയ്‌തെടുത്തത്. ‘ബ്രേക്ക്ത്രൂ ലിസണ്‍ ടീം’ എന്ന സംഘം ഇത്തരത്തില്‍ പിടിച്ചെടുത്തതാകട്ടെ 72 സിഗ്നലുകളും. ഫാസ്റ്റ് റേഡിയോ ബഴ്‌സ്റ്റ്‌സ് (എഫ്ആര്‍ബി) എന്നാണ് ഈ സിഗ്നലുകളുടെ പേര്. റേഡിയോ തരംഗങ്ങളാണിവ. എഫ്ആര്‍ബികളുടെ സ്വഭാവമാകട്ടെ പ്രവചനാതീതവും. അതായത് വളരെ കുറച്ചു സമയത്തേക്കു മാത്രം നിലനില്‍ക്കുന്നവയാണ് ഇത്തരം സിഗ്നലുകള്‍. അതിനാല്‍ത്തന്നെ ഇവയെ കണ്ടെത്താന്‍ മാത്രമല്ല, ഇവയെപ്പറ്റി പഠിക്കാനും ഏറെ ബുദ്ധിമുട്ടാണ്. 

ലോകത്തില്‍ ആദ്യമായി എഫ്ആര്‍ബിയുടെ തരംഗം പിടിച്ചെടുത്തത് 2001ലാണ്. എന്നാല്‍ അന്നത് എന്താണെന്നു തിരിച്ചറിഞ്ഞിരുന്നില്ല. 2007ലാണ് പിന്നീട് ഈ ഡേറ്റ വിശകലനം ചെയ്ത് എഫ്ആര്‍ബിയെ തിരിച്ചറിയുന്നത്. നിലവില്‍ പുതുതായുള്ള 72 എഫ്ആര്‍ബികളെ പിടിച്ചെടുത്തെങ്കിലും ഇവ എവിടെ നിന്നാണു വരുന്നത് എന്നതില്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. നിലവില്‍ ‘ദ് റിപ്പീറ്റര്‍’ എന്ന വസ്തുവില്‍ നിന്നാണ് ഇവ വരുന്നതെന്നാണ് ഗവേഷകര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം സിഗ്നലുകളുടെ ഒട്ടേറെ വിവരങ്ങള്‍ എഐ വഴി വിശകലനം ചെയ്യാനും ഗവേഷകര്‍ക്കു സാധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ സിഗ്നലുകള്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ആ സിഗ്നലില്‍ എഐ പ്രയോഗിച്ചപ്പോഴാണ് ‘റിപ്പീറ്റര്‍’ വസ്തുവിനെ തിരിച്ചറിയാനായത്. 

എഫ്ആര്‍ബി 121102 എന്നാണ് റിപ്പീറ്ററിന്റെ ഔദ്യോഗിക നാമം. ഇതില്‍ നിന്നാണ് തുടരെത്തുടരെ എഫ്ആര്‍ബികള്‍ വരുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 300 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സിയിലാണ് റിപ്പീറ്ററിന്റെ സ്ഥാനമെന്നാണു നിഗമനം. എന്നാല്‍ അതിനപ്പുറത്തേക്കു യാതൊരു വിവരവുമില്ല. ഇതിനെപ്പറ്റി പല തിയറികളും ഇപ്പോള്‍ത്തന്നെ പ്രചരിച്ചു കഴിഞ്ഞു. അതില്‍ ഏറ്റവും പ്രബലമായത് ഉയര്‍ന്ന കാന്തിക ശേഷിയുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്നാണ് ഇത്തരം സിഗ്നലുകള്‍ വരുന്നത് എന്നതായിരുന്നു. അതോടൊപ്പം തന്നെ പരമ്പരാഗതമായുള്ള മറ്റൊരു തിയറിയുമുണ്ട്. മറ്റൊന്നുമല്ല, അന്യഗ്രഹജീവികളെ സംബന്ധിച്ചതു തന്നെ. അജ്ഞാജ ഗ്രഹത്തിലെ ഏലിയന്‍ നാഗരികതയില്‍ നിന്നാണ് ആ സിഗ്നലുകള്‍ വരുന്നതെന്നാണ് ഒരു നിഗമനം. 

400 ടെറാബോറ്റോളം വരുന്ന ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് 72 സിഗ്നലുകളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തില്‍ 21 സിഗ്നലുകളാണു കണ്ടെത്തിയത്. നിലവിലുണ്ടായിരുന്ന ഡേറ്റയില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടി പ്രയോഗിച്ചതോടെയാണു ബാക്കിയുള്ളവയെ തിരിച്ചറിഞ്ഞത്. തുടര്‍ച്ചയായ ഒരു പാറ്റേണില്‍ അല്ല നിലവില്‍ എഫ്ആര്‍ബിയുടെ വരവ്. പാറ്റേണിന്റെ രീതി മനസ്സിലായാല്‍ അവയുടെ വരവ് എവിടെ നിന്നാണെന്നു മനസ്സിലാക്കാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍. റേഡിയോ ആസ്‌ട്രോണമിയില്‍ എഐ പ്രയോഗിച്ചപ്പോഴുള്ള ഫലം അദ്ഭുതപ്പെടുത്തുന്നതാണെന്നാണു ഗവേഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഈ രംഗത്ത് കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു–പുതിയ സിഗ്നലുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.