sections
MORE

പേമാരിയും പ്രളയവും ഐഎസ്ആർഒ പ്രവചിച്ചു; മുന്നറിയിപ്പ് നൽകി

kerala-india-floods
SHARE

കേരളത്തെ പിടിച്ചുലച്ച പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഐഎസ്ആർഒയ്ക്കും നിർണായക പങ്കുണ്ട്. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളും ഡോപ്ളർ റ‍ഡ‍ാറുകളും കാലാവസ്ഥ നിരീക്ഷണത്തിലും പ്രവചനത്തിലും നിർണായക പങ്കാണ് വഹിച്ചത്. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയപ്പോയവരുടെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നിർണായകമായ സൂചനകൾ നൽകാൻ ഇത് സഹായകരമായി. പേമാരിയും പ്രളയവും കാലാവസ്ഥാ മാറ്റങ്ങളും സമയാസമയത്തിന് ഐഎസ്ആർഒയുടെ സാങ്കേതിക സംവിധാനങ്ങൾ ശേഖരിച്ച് കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പിനു കൈമാറുന്നുണ്ട്. ഇവരാണ് ഐഎസ്ആർഒയുടെ ഡേറ്റ പഠിച്ച് റിപ്പോർട്ടാക്കി സംസ്ഥാന സർക്കാരുകൾക്കും മറ്റു കേന്ദ്രങ്ങളിലേക്കും കൈമാറുന്നത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും, പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഓഗസ്റ്റിൽ 164 ശതമാനം അധിക മഴ ലഭിച്ചതായി ചൂണ്ടിക്കാട്ടിയ ബഹിരാകാശ കേന്ദ്രം വിവിധ ഉപഗ്രഹങ്ങളിലൂടെ സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രവചനത്തിലും സുരക്ഷാ നടപടികളിലും തങ്ങൾ സഹായിച്ചിരുന്നെന്ന് വ്യക്തമാക്കി. 

ബഹികാരാശത്തുള്ള സെൻസറുകളുടെ സേവനം മാത്രമല്ല, മറിച്ച് ഭൂപ്രതലത്തിലുള്ള സെൻസറുകളുടെ സേവനവും ബഹിരാകാശ ഏജൻസി ഇതിനായി ഉപയോഗിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെൻട്രലിലും കൊച്ചിയിലുമുള്ള ഡോപ്ളർ റഡാറുകൾ 500 കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂറും നിരീക്ഷണം നടത്തിയിരുന്നു. ഈ ഡേറ്റ കേന്ദ്രീകൃത കാലാവസ്ഥ നിരീക്ഷണത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് സമയാസമയം കൈമാറിയിരുന്നു. ‌‌

ഡിജിറ്റൽ രൂപത്തിലുള്ള പാരിമാണികമായ വിവരങ്ങളാണ് ഡോപ്ളർ സെൻസറുകള്‍ നൽകുക. ചുഴലിക്കാറ്റിന്‍റെ ശക്തി, വേഗം എന്നിവ സംബന്ധിച്ച വിവരങ്ങളോടൊപ്പം മഴയുടെ അളവും ശേഖരണവും സംബന്ധിച്ച വിവരങ്ങളാകും ലഭ്യമാകുക. 

കൊടുങ്കാറ്റ്, ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റ്, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലെ തിരകളുടെ ഉയരം, പ്രക്ഷുബ്ധമായ കാറ്റിനുള്ള സാധ്യത, ഒരു പ്രദേശത്തും ചുറ്റുവട്ടത്തും പെയ്യാനിടയുള്ള മഴയുടെ തീവ്രത തുടങ്ങിയ മനസിലാക്കാനും പ്രവചിക്കാനും ഈ വിവരങ്ങൾ സഹായകരമാണെന്ന് ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA