sections
MORE

ഭൂമിക്കു നേരെ അതിതീവ്ര രശ്മികളുടെ ‘ജെറ്റ്’ പ്രവാഹം; കാത്തിരുന്ന് ഗവേഷകർ

jet-streams
SHARE

ബഹിരാകാശ ശാസ്ത്രജ്ഞർ അത്യദ്ഭുതത്തോടെയാണ് 2017 ഓഗസ്റ്റില്‍ ആ കാഴ്ച ‘കണ്ടത്’. രണ്ട് ന്യൂട്രോൺ സ്റ്റാറുകൾ പരസ്പരം കൂട്ടിമുട്ടുന്നു. ബഹിരാകാശത്തെ ഗ്രാവിറ്റേഷണൽ  തരംഗങ്ങളെ കണ്ടെത്താൻ വേണ്ടി യുഎസിൽ നിർമിച്ച ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ–വേവ് ഒബ്സർവേറ്ററി(ലിഗോ)യിലെ ടെലസ്കോപ്പിലൂടെയായിരുന്നു ആ അസാധാരണ സംഭവത്തെപ്പറ്റി ലോകം അറിഞ്ഞത്. ‘കിലോനോവ’ എന്നാണ് ഇത്തരം സംഭവങ്ങൾക്കു ശാസ്ത്രം നൽകിയിരിക്കുന്ന വിശേഷണം. അതായത്, ഒന്നുകിൽ രണ്ട് ന്യൂട്രോൾ സ്റ്റാറുകൾ കൂട്ടിമുട്ടുന്നു, അല്ലെങ്കിൽ ഒരു ന്യൂട്രോൺ സ്റ്റാർ തമോഗർത്തവുമായി കൂട്ടിമുട്ടുന്നു. 

ന്യൂട്രോൺ സ്റ്റാറുകൾ കൂട്ടിമുട്ടിയ കിലോനോവ പ്രതിഭാസത്തെ ഗവേഷകർ ചുമ്മാ നോക്കിയിരിക്കുകയല്ല ചെയ്തത്. ജിഡബ്ല്യു170817 എന്നു പേരിട്ടു അതിന്റെ ‘ശേഷിപ്പുകൾ’ എന്തെല്ലാമാണെന്നു പരിശോധിച്ചു. വിവിധ സർവകലാശാലകളിലെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിലെയും വിദഗ്ദരുടെ സംഘമാണ് ഒരു വർഷത്തോളം ഇതിനു പിന്നാലെ അലഞ്ഞത്. ഗ്രാവിറ്റേഷണൽ തരംഗങ്ങളും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളും ഒരേപോലെ ഉൾപ്പെട്ട, ഇന്നുവരെ രേഖപ്പെടുത്തിയതിൽ ആദ്യത്തെ സംഭവമാണിത്. പ്രകാശരശ്മികളും ഗാമ രശ്മികളും എക്സ് റേ രശ്മികളും റേഡിയോ തരംഗങ്ങളുമെല്ലാം  ഈ കൂട്ടിയിടിയിൽ ഉൾപ്പെട്ടിരുന്നുവെന്നതാണ് ഏറെ കൗതുകം പകരുന്നത്. 

ഭൂമിയിലുള്ളതും ബഹിരാകാശത്ത് ചുറ്റിക്കറങ്ങുന്നതുമായ എല്ലാ ടെലസ്കോപ്പുകളും കഴിഞ്ഞ ഒരു വർഷമായി  ജിഡബ്ല്യു170817 പ്രതിഭാസത്തിന്റെ ശേഷിപ്പിനെ തേടുകയാണ്. ആ കൂട്ടിയിടിയിലൂടെ സത്യത്തിൽ എന്താണു രൂപപ്പെട്ടത്? പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഒരുതരം രശ്മികളുടെ ‘ജെറ്റ്’ പ്രവാഹമാണ് കൂട്ടിയിടിയിലുണ്ടായതെന്നാണ് ഏറ്റവും പുതിയ നിഗമനം. ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ അവയുടെ ധ്രുവങ്ങളിൽ നിന്ന് തരംഗങ്ങളുടെ അതിശക്തമായ പ്രവാഹം ഉണ്ടാകുമോയെന്ന അന്വേഷണത്തിനും ഇതുവഴി ഉത്തരം ലഭിച്ചു. അക്കാര്യത്തെ സാധൂകരിക്കുന്ന തെളിവുകളിലേക്കും ഗവേഷകർ എത്തിയിട്ടുണ്ട്. ഗാമരശ്മികളുടെ സാന്നിധ്യമാണ് ഇക്കാര്യത്തിലെ സുപ്രധാന തെളിവ്. 

കൂട്ടിയിടിയിൽ റേഡിയോ തരംഗങ്ങളുണ്ടായതായി ആദ്യം തന്നെ വ്യക്തമായിരുന്നു. ‘റേഡിയോ പ്രസരണ’ മേഖല ആദ്യം 75 ദിവസവും രണ്ടാം ഘട്ടത്തിൽ 230 ദിവസും നിരീക്ഷിച്ചു. അങ്ങനെയാണ് തരംഗങ്ങളുടെ ഒരു ‘ജെറ്റ്’ പ്രകാശത്തേക്കാൾ വേഗത്തിൽ പുറപ്പെട്ടതായി തിരിച്ചറിഞ്ഞത്. പ്രകാശത്തേക്കാൾ നാലിരട്ടി വേഗതയുണ്ടായിരുന്നു അതിന് പ്രവാഹം വന്നതാകട്ടെ ഭൂമിക്കു നേരെയും. കൃത്യമായി ഭൂമിയെ ലക്ഷ്യം വച്ചില്ലെങ്കിലും വളരെ കൃത്യമായി ‘ജെറ്റി’നെ നിരീക്ഷിക്കാനുള്ള അവസരം ഭൂമിയിലെ ഗവേഷകർക്കു ലഭിച്ചു. ‘ജെറ്റ്’ വളരെ ഇടുങ്ങിയതാണെന്നാണു വിവരം. ഏകദേശം അഞ്ചു ഡിഗ്രി മാത്രമേ വീതിയുള്ളൂ. ഭൂമിയിലേക്കുള്ള ദിശയിൽ നിന്ന് 20 ഡിഗ്രി മാത്രമേ വ്യതിചലനവും സംഭവിച്ചിട്ടുള്ളൂ. അൽപം അകലേക്കു മാറിയിരുന്നെങ്കിൽ റോഡിയോ തരംഗങ്ങളെ ‘മങ്ങിയ’ അവസ്ഥയിൽ മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളൂ. ഇക്കാര്യത്തിൽ വൻ ഭാഗ്യമാണു ഗവേഷകർക്കു ലഭിച്ചതും. 

സമയത്തിനനുസരിച്ച് ജെറ്റ് പ്രവാഹത്തിലെ രശ്മികളുടെ വേഗതയിലും വ്യത്യാസം വരുന്നുണ്ട്. സൂപ്പർലൂമിനൽ മോഷൻ എന്നാണ് ഈ തരംഗപ്രവാഹ അവസ്ഥയ്ക്കു പറയുന്ന പേര്. എന്തായാലും ഗ്രാവിറ്റേഷണൽ തരംഗങ്ങൾ സംബന്ധിച്ച ഇന്നേവരെയില്ലാത്ത വിവരങ്ങളാണ് ഈന്യൂട്രോൺ കൂട്ടിയിടിയിലൂടെ ഗവേഷകർക്കു ലഭിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ പല സിദ്ധാന്തങ്ങളെയും മാറ്റിമറിക്കുന്നതായിരിക്കും ഇതെന്നും അവരുടെ വാക്കുകൾ. ഇതുസംബന്ധിച്ച പഠനം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA