sections
MORE

ചന്ദ്രനിലെ അമേരിക്കന്‍ പതാകയെ ചൊല്ലി വിവാദം കത്തുന്നു

moon-walk
SHARE

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യൻ നീല്‍ ആംസ്‌ട്രോങ്ങിനെക്കുറിച്ചുള്ള സിനിമയിൽ അമേരിക്കന്‍ പതാകയെ ചൊല്ലി വിവാദം. സിനിമയിൽ അമേരിക്കന്‍ പതാക ചന്ദ്രനില്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വിവാദം. ആംസ്‌ട്രോങ്ങിനൊപ്പം ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കക്കാരൻ ബസ്സ് ആല്‍ഡ്രിന്‍ സിനിമക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ 88കാരനായ ബസ്സ് ആല്‍ഡ്രിന്‍ സിനിമക്കെതിരെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. അമേരിക്കക്കാരനെന്നതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ ചന്ദ്രനില്‍ കുത്തിയ അമേരിക്കന്‍ പതാകക്കരികെ ആംസ്‌ട്രോങും ആല്‍ഡ്രിനും നില്‍ക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓസ്‌കറുകള്‍ വാരിക്കൂട്ടിയ ലാലാലാന്‍ഡ് സിനിമയുടെ സംവിധായകൻ ഡാമിയന്‍ ചാഷ്‌ലിയാണ് ഫസ്റ്റ് മാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആല്‍ഡ്രിനെ വിടുവായനായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. വെനിസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ഫസ്റ്റ്മാന്‍ പ്രേക്ഷകശ്രദ്ധക്കൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയത്.

അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മിലുള്ള ബഹിരാകാശ ശീതയുദ്ധം കൊടുമ്പിരി കൊണ്ട 1961ലാണ് ചിത്രം ആരംഭിക്കുന്നത്. ചന്ദ്രനില്‍ അമേരിക്കന്‍ സഞ്ചാരികള്‍ വിജയകരമായി കാലുകുത്തുന്ന 1969 വരെയാണ് ചിത്രം സഞ്ചരിക്കുന്നത്. രാജ്യങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കും അപ്പുറത്തെ മനുഷ്യരാശിയുടെ നേട്ടമായതിനാലാണ് അമേരിക്കന്‍ പതാക ചന്ദ്രനില്‍ കുത്തുന്ന ദൃശ്യം ഉള്‍പ്പെടുത്താതിരുന്നതെന്നാണ് ചിത്രത്തില്‍ ആംസ്‌ട്രോങ്ങിനെ അവതരിപ്പിച്ച കനേഡിയന്‍ നടൻ ഗോസ്ലിങ് പറഞ്ഞത്.

2012ലാണ് നീല്‍ ആംസ്‌ട്രോങ് മരിക്കുന്നത്. മരിക്കുന്നതുവരെ തന്റെ ദൗത്യത്തെക്കുറിച്ച് അത്യന്തം വിനയത്തോടെയെ അദ്ദേഹം സംസാരിച്ചിരുന്നുള്ളു. മഞ്ഞുമലയിലെ അഗ്രം മാത്രമാണ് താനെന്ന് ആംസ്‌ട്രോങ് പറഞ്ഞത് യാഥാര്‍ഥ്യം കൂടിയായിരുന്നു. അപ്പോളോ 11 ദൗത്യം യാഥാര്‍ഥ്യമാക്കിയത് നാല് ലക്ഷത്തോളം മനുഷ്യരുടെ പ്രയത്‌നമായിരുന്നെന്നും ഗോസ്ലിങ് ഓര്‍മിപ്പിക്കുന്നു.

താനൊരു കാനഡക്കാരൻ ആയതിനാലാകാം അമേരിക്കന്‍ പതാക ചന്ദ്രനില്‍ കുത്തുന്നത് ഉള്‍പ്പെടുത്താതിരുന്നതെന്ന് ഗോസ്ലിങ് തമാശയായി പറഞ്ഞു. ഫ്രഞ്ച് കനേഡിയന്‍ സംവിധായകനാണ് ചാഷ്‌ലി. ചന്ദ്രനില്‍ അമേരിക്കന്‍ പതാക കുത്താനുള്ള തീരുമാനം തുടക്കം മുതലേ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പതാകയാണ് ഉപയോഗിക്കേണ്ടതെന്ന നിര്‍ദേശമായിരുന്നു ഉയര്‍ന്നത്. അമേരിക്കന്‍ പതാക വിവാദം പുതിയ സിനിമയുടെ വരവോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA