sections
MORE

വൻ സമുദ്രമുള്ള ഗ്രഹം, അവിടെ ‘ജീവന്റെ’ സാന്നിധ്യം; ഗവേഷകരെ അമ്പരപ്പിച്ച് പ്രോക്സിമ ബി

Earth_proxima-b
SHARE

ഭൂമിക്ക് സമാനമായി ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിന്റെ എല്ലാ തെളിവുകളും കൃത്യമായി ലഭിച്ചിട്ടുള്ള ഒരേയൊരു ഗ്രഹം. പ്രോക്സിമ ബിയെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഭൂമിയിൽ നിന്നു 4.2 പ്രകാശവർഷം ദൂരെ മാത്രമാണ് ഇതിന്റെ സ്ഥാനം. പ്രോക്സിമ സെന്റൗറി എന്ന നക്ഷത്രത്തെ വലം വയ്ക്കുന്ന പ്രോക്സിമ ബിയെ സൂര്യനു ചുറ്റും വലം വയ്ക്കുന്ന ഭൂമിയുമായാണു താരതമ്യം ചെയ്യുന്നത്. ഇവിടെ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിച്ച് പേടകം അയയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കകം ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. എന്നാൽ അതിനു മുൻപേ പ്രോക്സിമ ബിയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ ഗവേഷകർ ശേഖരിക്കുന്നുണ്ട്. ഗ്രഹത്തിലുണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥയുടെയും മറ്റും മാതൃകകൾ ശാസ്ത്രീയമായി തയാറാക്കി വിശകലം ചെയ്താണ് ഈ പരിശോധന. 

അത്തരത്തിലൊരു ഗവേഷണത്തിൽ നിർണായകമായ കണ്ടെത്തലാണിപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രോക്സിമ ബിയിൽ ഭൂമിയിലേതിനു സമാനമായി വൻ സമുദ്രമുണ്ടെന്നാണ് ആ കണ്ടെത്തൽ. മാത്രവുമല്ല, സമുദ്രത്തിൽ ജീവനെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ ഘടകങ്ങളുണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. പാറക്കൂട്ടങ്ങളാലാണ് പ്രോക്സിമ ബി നിർമിക്കപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. ചുവന്ന കുള്ളന്‍ നക്ഷത്രമാണ് പ്രോക്സിമ സെന്റൗറി. ഇതിൽ നിന്നുള്ള കൃത്യമായ ചൂട് ഗ്രഹത്തെ ‘ജീവിക്കാനുള്ള സൗകര്യം ഒരുക്കിയ മേഖല’യാക്കിയും മാറ്റിയിട്ടുണ്ട്. അത്രയ്ക്കു കൃത്യമായ അകലത്തിലാണു നക്ഷത്രവും ഗ്രഹവും. 

ഗ്രഹത്തിൽ ഏകദേശം മൈനസ് 90– 30 ഡിഗ്രി സെൽഷ്യസിലായിരിക്കും താപനിലയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രോക്സിമ ബിയ്ക്ക് അന്തരീക്ഷമുണ്ടെങ്കിൽ അതിൽ നീരാവിയും കാർബൺ ഡൈ ഓക്സൈഡുമൊക്കെ ചേർന്ന് എല്ലാ സൗകര്യങ്ങളോടെയായിരിക്കുമെന്നും ഗവേഷകർ പറയുന്നു. അതിനോടൊപ്പമാണ് ഇപ്പോൾ ദ്രവ രൂപത്തിൽത്തന്നെ വെള്ളമുണ്ടാകുമെന്നും കണ്ടെത്തിയിരിക്കുന്നത്. സജീവമായ ഒരു സമുദ്രം ഉണ്ടെങ്കിൽ പ്രോക്സിമ ബിയിലെ അവസ്ഥ എന്തായിരിക്കുമെന്നതിന്റെ വിവിധ മോഡലുകളാണ് ഈ ഗവേഷണത്തിനു വേണ്ടി രൂപപ്പെടുത്തിയെടുത്തതെന്ന് നാസയുടെ ഗോദർദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് സ്റ്റഡീസിലെ പ്ലാനറ്ററി സയന്റിസ്റ്റ് ആന്തണി ഡെൽ ജീനിയോ പറയുന്നു. 

പ്രോക്സിമ ബിയിൽ ഭൂമിയിലേതു പോലെ രാത്രിയും പകലും ഉണ്ട്. ഇരുട്ടുള്ള സമയത്തു വെള്ളം തണുത്തുറയുകയാണു പതിവ്. എന്നാൽ വെളിച്ചം വരുമ്പോൾ അതല്ല അവസ്ഥ. കൃത്യമായി ജീവന്‍ നിലനിർത്താനും അതിനെ പരിപോഷിയ്ക്കാനും വേണ്ട എല്ലാ ഘടകങ്ങളോടെ ഒരു സമുദ്രമാണ് അന്നേരം ഉണ്ടാവുക. സമുദ്രത്തിലെ ലവണാംശത്തിന്റെ അടിസ്ഥാനത്തിലും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യത്തിലുമെല്ലാം വിവിധ ക്ലൈമറ്റ് മോഡലുകൾ ഗവേഷകർ പരിശോധിച്ചിരുന്നു. എല്ലാ മോഡലുകളിലും കൃത്യമായ തോതിൽ ദ്രവരൂപത്തിൽ ജലമുണ്ടാകുമെന്നത് ഉറപ്പാവുകയായിരുന്നു. ഒരു ഡസനിലേറെ മോഡലുകളിൽ ജലം നിറഞ്ഞ സമുദ്രങ്ങളുടെ സാന്നിധ്യവും ഉറപ്പായി. 

എന്നാൽ ഇതോടൊപ്പം മറ്റൊരു പ്രശ്നവുമുണ്ട്. ഗ്രഹത്തിൽ അതിതീവ്രമായ തണുപ്പുള്ളപ്പോഴായിരിക്കും പലപ്പോഴും വെള്ളം ദ്രവ രൂപത്തിലുണ്ടാവുക. അഥവാ ഗ്രഹത്തിൽ ജീവനുണ്ടെങ്കിൽ തന്നെ ഈ തണുപ്പിനെ എങ്ങനെ മറികടക്കുമെന്ന ചോദ്യവുമുണ്ട്. ഇത്രയേറെ തണുപ്പിൽ ജീവൻ സൃഷ്ടിക്കപ്പെടുന്നതിന്റെ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. ആസ്ട്രോബയോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA