sections
MORE

ലോകാവസാനം മഞ്ഞുരുകൽ കൊണ്ടാകുമോ?; പ്രളയത്തിനും ഉത്തരം തേടി ‘ഐസ്‌സാറ്റ്’

icesat-2_launch_smoke
SHARE

സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരകൾ ഉൾപ്പെടെ ഭൂരിപക്ഷം വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും വൻതോതിൽ മഞ്ഞ് അപ്രത്യക്ഷമായ വാർത്ത അടുത്തിടെയാണു പുറത്തു വന്നത്. ഗ്രീൻലൻഡ്, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ നിന്നു മാത്രമുള്ള മഞ്ഞ് ഉരുകിയതിന്റെ ഫലമായി ആഗോള തലത്തിൽ സമുദ്രങ്ങളിലെ ജലനിരപ്പ് ഒരു മില്ലിമീറ്ററാണ് ഉയർന്നത്. ആഗോളതാപനത്തിനെതിരെ ഫലപ്രദമായി നടപടിയെടുത്തില്ലെങ്കിൽ ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രജലനിരപ്പ് 65 സെന്റിമീറ്ററിലേറെ ഉയരുമെന്നാണ് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ലോകം അവസാനിക്കുകയാണെങ്കിൽ അതിനു കാരണം ഒന്നുകിൽ ഏതെങ്കിലും മഹാമാരിയോ അല്ലെങ്കിൽ സമുദ്രജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോ ആകാമെന്ന പഠനങ്ങളും അതിനിടെ പുറത്തു വന്നു. ഇതിനെയൊന്നും പുച്ഛിച്ചു തള്ളാതെ നടപടിക്കൊരുങ്ങുകയാണ് ശാസ്ത്രലോകം. 

പ്രശ്നം നേരിടണമെങ്കിൽ അതു സംബന്ധിച്ച കൃത്യമായ ഡേറ്റ വേണം. മഞ്ഞ് ഉരുകുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്തുന്നതിന് നൂറു കോടി ഡോളർ ചെലവിൽ നിർമിച്ച സാറ്റലൈറ്റും നാസ വിക്ഷേപിച്ചു കഴിഞ്ഞു. ഡെൽറ്റ 2 റോക്കറ്റിലേറിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറോടെ ഐസ്‌സാറ്റ്–2( ICESat-2) എന്ന ഉപഗ്രഹം ബഹിരാകാശത്തേക്കു കുതിച്ചത്. ഭൂമിയിലെ മഞ്ഞുപാളികൾ, ഹിമാനികൾ, കടലിലെ മഞ്ഞുമലകൾ എന്നിവയെ മാത്രമല്ല, സസ്യജാലങ്ങളെയും നിരീക്ഷിക്കുകയാണ് ഐസ്‌സാറ്റിന്റെ ലക്ഷ്യം. അതിനായി പ്രധാനപ്പെട്ട ഒരൊറ്റ ഉപകരണമേ ഐസ്‌സാറ്റിലുള്ളൂ–ഒരു ലേസർ അൾട്ടിമീറ്റർ. 

ICESat2

സെക്കൻഡിൽ 10,000 എന്ന കണക്കിന് ലേസർ പുറപ്പെടുവിക്കാനുള്ള ശേഷിയുണ്ടിതിന്. കോടിക്കണക്കിനു ഫോട്ടോണുകളടങ്ങിയ ആറ് ബീമുകളായാണ് ലേസർ ഭൂമിയിലേക്കും തിരികെ ഉപഗ്രഹത്തിലേക്കും പതിക്കുക. നിമിഷനേരം കൊണ്ട് ഈ പ്രക്രിയ പൂർത്തിയാകും. ഉപഗ്രഹത്തിൽ നിന്ന് താഴെയെത്തി തിരികെയെത്താൻ പ്രോട്ടോണുകൾ എത്ര സമയമെടുത്തു എന്നതിന്റെ അടിസ്ഥാനത്തിൽ ഉയരം കണക്കാക്കി ആ ഡേറ്റയാണ് നാസ ശേഖരിക്കുക. ശക്തിയേറിയ ലേസറാണെങ്കിലും അതിനു മഞ്ഞിനെ ഉരുക്കാനുള്ള ശേഷിയൊന്നുമുണ്ടാകില്ല. ഭൂമിയിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ നിന്നാണ് ലേസർ വരുന്നത് എന്നതു തന്നെ പ്രധാന കാരണം.

നേരത്തേ നാസ അയച്ച ഐസ്‌സാറ്റ് –1നേക്കാളും 250 മടങ്ങ് അധികം ഡേറ്റ അയയ്ക്കാൻ ശേഷിയുണ്ട് രണ്ടാം തലമുറക്കാരന്. 2003ലാണ് നാസ ആദ്യ ഐസ്‌സാറ്റ് ഉപഗ്രഹം അയച്ചത്. ഐസ്, ക്ലൗഡ് ആൻഡ് ലാൻഡ് എലവേഷൻ സാറ്റലൈറ്റ് എന്നറിയപ്പെടുന്ന ഇത് 2009വരെ പ്രവർത്തിച്ച് പല നിർണായക വിവരങ്ങളും നാസയ്ക്കു കൈമാറിയിരുന്നു. നാസയുടെ ഓപറേഷൻ ഐസ്ബ്രിജ് പദ്ധതി വഴിയായിരുന്നു അന്ന് ഡേറ്റ ശേഖരണം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞും ലോകകാലാവസ്ഥയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു പരിശോധിക്കുന്നതാണ് ഓപറേഷൻ ഐസ്ബ്രിജ് പദ്ധതി. ഇതിനായി പ്രത്യേകം ഉപകരണങ്ങളുമായി അന്റാർട്ടിക്കിനും ഗ്രീൻലൻഡിനുമെല്ലാം മുകളിലൂടെ വിമാന യാത്രകളുമുണ്ട്. അതിനിടെയാണ് ഐസ്‌സാറ്റിൽ നിന്നുള്ള വിവരശേഖരണം. വിമാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളും സാറ്റലൈറ്റ് വിവരങ്ങളും കൂട്ടിച്ചേർത്താണ് ഓപറേഷൻ ഐസ്ബ്രിജിന്റെ പ്രവർത്തനം. 

icesat-2

കടലിലെ മഞ്ഞുകട്ടകൾ, ഹിമാനികൾ, മഞ്ഞുപാളികൾ എന്നിവയുടെ വലുപ്പത്തിൽ ഓരോ വർഷവുമുണ്ടാകുന്ന മാറ്റങ്ങളും ഇതുവഴി പഠിച്ചു കഴിഞ്ഞു നാസ. ആ അറിവിലേക്ക് കൂടുതൽ വെളിച്ചം പകരാനാണ് ഐസ്‌സാറ്റ്–2 അയച്ചിരിക്കുന്നത്. മരങ്ങളുടെ ഉയരവും മഞ്ഞിന്റെയും പുഴയുടെയും അവസ്ഥകളുമെല്ലാം പുതിയ ഉപഗ്രഹം പരിശോധിക്കും. വനങ്ങളിൽ ശേഖരിച്ചിരിക്കുന്ന കാർബണിന്റെ അളവ് തിരിച്ചറിയൽ, പ്രളയവും വരൾച്ചയും സംബന്ധിച്ച പദ്ധതി രൂപരേഖ തയാറാക്കൽ, കാട്ടുതീയുടെ സ്വഭാവം തുടങ്ങിയവയെല്ലാം  മുൻകൂട്ടി അറിയുന്നതിനും ഐസ്‌സാറ്റ് –2 ഡേറ്റ സഹായിക്കും. അന്റാർട്ടിക്കിലെയും ഗ്രീൻലൻഡിലെയും ഉൾപ്പെടെ മഞ്ഞുപാളികള്‍ ഉരുകുന്നത് ആഗോള സമുദ്ര ജലനിരപ്പിനെ എങ്ങനെ ബാധിക്കുന്നുവെന്നു കണ്ടെത്തുകയാണ് പ്രോജക്ടിന്റെ ആദ്യ ലക്ഷ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA