sections
MORE

ബഹിരാകാശ നിലയത്തിലെ ചോർച്ചയ്ക്കു പിന്നിൽ ആര്?; നിഗൂഢതയ്ക്ക് ഉത്തരം തേടി നാസ, റഷ്യ

international-space-station-hole
SHARE

ഓഗസ്റ്റ് 29ന് രാത്രി ഏഴരയോടെ(EDT)യായിരുന്നു ആ സംഭവം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ(ഐഎസ്എസ്) റഷ്യൻ നിയന്ത്രിത ഭാഗത്തുണ്ടായ നേരിയ മർദ വ്യതിയാനത്തെപ്പറ്റിയുള്ള സൂചന ഗ്രൗണ്ട് കൺട്രോളേഴ്സിനു ലഭിച്ചു. നിലയത്തിലുള്ളവർക്ക് ഉറങ്ങാനുള്ള സമയം ഷെഡ്യൂൾ ചെയ്തിരുന്ന സമയമായിരുന്നു അത്. ബഹിരാകാശ യാത്രികരുടെ ജീവനു ഭീഷണിയില്ലാതിരുന്നതിനാൽ  മുന്നറിയിപ്പു നൽകിയില്ല. പതിവു പോലെ ഉണർന്നെണീറ്റതിനു ശേഷമാണ് ഇതിനെപ്പറ്റി ഗവേഷകർ പരിശോധിച്ചത്. മർദം നേരിയ തോതിൽ കുറയുന്നതായാണു കണ്ടെത്തിയത്. 

റാസ്സ്‌വെറ്റ് മൊഡ്യൂൾ അഥവാ മിനി റിസർച്ച് മൊഡ്യൂൾ (എംആർഎം–1) എന്നറിയപ്പെടുന്ന ഭാഗത്ത് ചേർന്നിരുന്ന സോയൂസ് പേടകത്തിലായിരുന്നു പ്രശ്നം. രണ്ടു മില്ലിമീറ്റർ വരുന്ന ദ്വാരമാണ് മർദം കുറയാൻ കാരണമായത്. ഈ പേടകത്തിലെ പ്രശ്നം വൈകാതെ തന്നെ ഗവേഷകർ പരിഹരിക്കുകയും ചെയ്തു. നിലയത്തിലേക്കു വരികയും പോകുകയും ചെയ്യുന്നവർക്കു താമസ സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിരിക്കുന്ന ഭാഗത്തായിരുന്നു ചോർച്ച. ഐഎസ്എസിലേക്ക് യുഎസ്/റഷ്യൻ യാത്രികരെത്തുന്നതിന് ഉപയോഗിക്കുന്ന പേടകമാണ് സോയുസ്. 

അപകടമുണ്ടായ സോയൂസ് പേടകം (എംസ്–09/55എസ്) ഇക്കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്കെത്തിയത്. മൂന്നു ഗവേഷകരുമായെത്തിയ ഈ പേടകം വരുന്ന ഡിസംബറിൽ തിരികെ പോകാനിരിക്കുകയായിരുന്നു. തുടക്കത്തിൽ കരുതിയിരുന്നത് ഒരു ചെറിയ ഉൽക്കയോ മറ്റോ വന്നിടിച്ചതായിരിക്കും എന്നായിരുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു  കാരണമായ പ്രശ്നം തിരിച്ചറിയുന്നത്. ആ ദ്വാരം പുറത്തു നിന്നുള്ള എന്തെങ്കിലും വസ്തു കാരണം ഉണ്ടായതല്ല. മറിച്ച് അകത്തു നിന്നു തന്നെ ആരോ മനഃപൂർവമുണ്ടാക്കിയതാണ്. ഡ്രിൽ ചെയ്തതിന്റെ അടയാളങ്ങളും ദ്വാരത്തിനു സമീപത്തു നിന്നു ലഭിച്ചു. ഇതോടെ പലതരത്തിലുള്ള നിഗമനങ്ങളും ശക്തമായി. 

നിലയത്തിൽ റഷ്യയുടെ ഭാഗത്താണ് ദ്വാരമുണ്ടായതെന്നത് വിവാദങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇത് അട്ടിമറിയാണെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദ്വാരം മനുഷ്യനിർമിതമാണെന്ന റഷ്യയുടെ വാദവും അതിനിടെയെത്തി. ഇതോടെ നാസയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും അന്വേഷണവും പ്രഖ്യാപിച്ചു. അതിനിടെ ഭൂമിയിൽ വച്ചുതന്നെ ആ ദ്വാരമുണ്ടായിരുന്നുവെന്ന വിവാദവും തലപൊക്കി. നിർമാണത്തിനിടെ ഒരു ടെക്നിഷ്യനു പറ്റിയ കയ്യബദ്ധമായിരുന്നു അത്. എന്നാൽ പ്രത്യേകതരം പശ ഉപയോഗിച്ച് അത് അടയ്ക്കുകയായിരുന്നു. 

മറ്റൊരു ഗുരുതര ആരോപണവുമുണ്ടായി. നിലയത്തിൽ നിലവിൽ ആറു പേരാണുള്ളത്. ഇതിൽപ്പെട്ട രണ്ട് അമേരിക്കക്കാർ അട്ടിമറിക്കു ശ്രമിച്ചതാണെന്നായിരുന്നു ആരോപണം. നിലവിലെ ഐഎസ്എസ് കമാൻഡറായ ഡ്രൂ ഫ്യൂസ്റ്റൽ എന്നാൽ ഇതിനെ തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങൾ നാണക്കേടുണ്ടാക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രൂ അംഗങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ റഷ്യ പൂർണമായും ഇത് വിശ്വാസത്തിലെത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിക്കുന്നുണ്ടെന്നാണ് റോസ്കോസ്മോസ് തലവൻ ദിമിത്രി റോഗോസിൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ‘തിയറി’കളും റഷ്യ പരിശോധിക്കുന്നുമുണ്ട്. 

theheadofthe

അന്തിമറിപ്പോർട്ട് വരുന്നതു വരെ വിവാദങ്ങളിൽ നിന്നു മാറി നിൽക്കാനാണ് നാസയുടെയും റോസ്കോസ്മോസിന്റെയും തീരുമാനം. ഇതു വിഭാഗത്തിന്റെയും സാങ്കേതിക വിദഗ്ധർ അധികം വൈകാതെ കൂടിക്കാഴ്ചയ്ക്കും ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഇരുവർക്കും പരസ്പരം വിശ്വാസമുണ്ട്, ഒപ്പം സ്റ്റേഷൻ ക്രൂവിനെയും പൂർണ വിശ്വാസത്തിലെടുക്കുന്നു. വിവാദം ഐഎസ്എസിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനും നടപടികൾ ശക്തമാക്കിയിട്ടുണ്ട്–പ്രസ്താവന വ്യക്തമാക്കി. ഒക്ടോബർ 10ന് കസഖ്സ്ഥാനിലായിരിക്കും നാസ–റോസ്കോസ്മോസ് തലവന്മാരുടെ കൂടിക്കാഴ്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA