sections
MORE

തീരത്തെത്തും മുന്‍പേ തിരിച്ചറിഞ്ഞു ഫ്ളോറന്‍സിന്റെ സംഹാരതാണ്ഡവം

florence
SHARE

യുഎസ് തീരത്ത് കനത്ത നാശം വിതച്ച് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവം തുടരുകയാണ്. കനത്ത മഴയിലും പ്രളയത്തിലും ഏറ്റവുമധികം നാശനഷ്ടമുണ്ടായത് നോര്‍ത്ത് കാരലൈനയിലാണ്. നദികളെല്ലാം കരകവിഞ്ഞു, വീടുകളും റോഡുകളും മുങ്ങി. ഏറ്റവുമധികം മഴ പെയ്തിറങ്ങിയതും നോര്‍ത്ത് കാരലൈനയിലായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ഗവേഷകര്‍ നേരത്തേ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നതാണു സത്യം. ബുദ്ധിശൂന്യമായ ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഒട്ടേറെ പേരുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ കാരണമാകും വിധം ചുഴലിക്കാറ്റിനെ ശക്തിപ്പെടുത്തിയതെന്നും ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ആഗോളതാപനം ഫ്‌ളോറന്‍സിന്റെ ‘ശക്തി’ പലമടങ്ങു കൂട്ടിയതതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയും ലോറന്‍സ് ബെര്‍ക്ക്‌ലി നാഷനല്‍ ലബോറട്ടറിയും സംയുക്തമായി നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍.

നോര്‍ത്ത് കാരലൈനയില്‍ ഇത്തരത്തിലൊരു കനത്ത മഴ ഗവേഷകര്‍ പ്രതീക്ഷിച്ചതാണ്. ചുഴലിക്കാറ്റ് കരയില്‍ മഴ പെയ്തിറക്കും മുന്‍പ് അതിന്റെ ഒരു കാലാവസ്ഥാ മോഡലും ഗവേഷകര്‍ തയാറാക്കിയിരുന്നു. അന്തരീക്ഷത്തിലെ താപനില വര്‍ധിച്ചതിന്റെ ഫലമായി, ഫ്‌ളോറന്‍സ് കൊണ്ടു വരുന്ന മഴയില്‍ അന്‍പതു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് അതുവഴി വ്യക്തമായത്. 13നു പഠന റിപ്പോർട്ട് എത്തി ഏതാനും ദിവസത്തിനകം സംഗതി സത്യമാവുകയും ചെയ്തു. അന്തരീക്ഷത്തില്‍ ചൂട് ഇത്രയേറെ വര്‍ധിച്ചില്ലായിരുന്നെങ്കില്‍ ചുഴലിക്കാറ്റിന്റെ വ്യാസത്തിലും വ്യത്യാസം വരുമായിരുന്നു. അതായത്, സാധാരണ താപനിലയില്‍ 20 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വ്യാസമെന്നു കരുതുക. നിലവിലെ സാഹചര്യത്തില്‍ അതില്‍ 60 കിലോമീറ്ററിന്റെ വര്‍ധനവാണുണ്ടാക്കുക. ആഗോളതാപനമല്ലാതെ മറ്റൊന്നുമല്ല ഇത്തരത്തില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടാനുള്ള കാരണവും.

കാലാവസ്ഥാ വ്യതിയാനം കാരണം യുഎസിന്റെ തീരപ്രദേശങ്ങളില്‍ മഴയിൽ അന്‍പതു ശതമാനം വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്- പെയ്തിറങ്ങിയത് ഏകദേശം 51 സെ.മീ. മഴയെന്നു ചുരുക്കം. കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിനു കാരണമായിട്ടുണ്ട്. ഹരിക്കെയ്ന്‍ ഹാര്‍വിയുണ്ടായ സമയത്തും സമാനമായ പഠനം നടന്നിരുന്നു. എന്നാല്‍ അത് ചുഴലിക്കാറ്റ് ഉണ്ടായതിനു ശേഷമുള്ള ഡേറ്റ പരിശോധിച്ചായിരുന്നു. ടെക്‌സസിലായിരുന്നു അന്ന് ഹാര്‍വി നാശനഷ്ടം വിതച്ചത്. ആഗോളതാപനം കാരണം, പ്രതീക്ഷിച്ചതിലും മൂന്നിരട്ടി മഴയാണ് അന്നു പെയ്തിറങ്ങിയത്. ചുഴലിക്കാറ്റ് തീരത്തേക്കു വരും മുന്‍പ് അതിന്റെ ഫലമായുണ്ടാകുന്ന മഴയുടെ അളവ് പ്രവചിക്കുന്ന തരം പഠനം ഇതാദ്യമായിട്ടാണ്. കാലാവസ്ഥാ ദുരന്തങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പിലും ഇതു നിര്‍ണായക മുന്നേറ്റമാകും. 

കാലാവസ്ഥാ വ്യതിയാനവുമായി നേരത്തേ കൊടുങ്കാറ്റിനെയോ കാട്ടുതീയെയോ ഉഷ്ണവാതത്തെയോയെന്നും ഗവേഷകര്‍ കൂട്ടിയിണക്കിയിരുന്നില്ല. അതിനും മാറ്റം വരുത്തുന്നതാണു പുതിയ പഠനം. അന്തരീക്ഷത്തില്‍ നീരാവിയുടെ തോതു കൂട്ടിയും സമുദ്രജലത്തിന്റെ താപനില വര്‍ധിപ്പിച്ചുമാണ് കൂടുതല്‍ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിന് ആഗോളതാപനം ‘സഹായകര’മാകുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അടുത്തകാലത്തുണ്ടായ പല ചുഴലിക്കാറ്റുകളും അസാധാരണ ശക്തി പ്രാപിച്ചത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പഠനത്തിലാണ് സമുദ്രജലത്തിൽ ചൂടേറുന്നതിന്റെ ബാക്കിപത്രമാണ് ഈ അപ്രതീക്ഷിത മാറ്റങ്ങളെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA