sections
MORE

ഛിന്നഗ്രഹത്തിൽ നിന്ന് ഇന്ധനം; ‘അപ്പോളോ’യെയും കടത്തിവെട്ടി വലുപ്പം; ലക്ഷ്യം ചാന്ദ്രയാത്ര

lunar-mission-nasa
SHARE

വീണ്ടുമൊരിക്കല്‍ കൂടി ചന്ദ്രോപരിതലത്തെ മനുഷ്യന്റെ പാദസ്പർശം കൊണ്ടു സമ്പന്നമാക്കാനൊരുങ്ങുകയാണ് നാസ. അതും ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചു ദശാബ്ദങ്ങള്‍ക്കപ്പുറം. പ്രതിരോധ–ബഹിരാകാശ ഗവേഷണ മേഖലയിലെ വമ്പൻ അമേരിക്കന്‍ കമ്പനിയായ ലോക്ക്‌ഹീഡ് മാർട്ടിനാണ് ഈ ദൗത്യത്തിൽ നാസയെ സഹായിക്കാനുള്ള വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രനിലിറങ്ങി രണ്ടാഴ്ചയെങ്കിലും യാത്രികർക്ക് ഗവേഷണം നടത്താനുള്ള സൗകര്യങ്ങളുമായി അത്യാധുനിക ലൂണാർ ലാൻഡറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മാതൃക കഴിഞ്ഞ ദിവസം ജർമനിയിൽ നടന്ന രാജ്യാന്തര ആസ്ട്രനോട്ടിക്കൽ കോൺഗ്രസിൽ അവതരിപ്പിച്ചു. 

ആദ്യമായി ചന്ദ്രനിലേക്കു മനുഷ്യനുമായി പോയ അപ്പോളോ പേടകത്തിനേക്കാളും വലുപ്പമേറിയതാണിത്. 2020ൽ എപ്പോൾ വേണമെങ്കിലും ചന്ദ്രനിൽ ആളെയിറക്കാവുന്ന വിധം ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും കമ്പനിയുടെ അവകാശവാദം. സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങി താവളമടിക്കാനും ഏതുതരം കാർഗോ വേണമെങ്കിലും അയയ്ക്കാനും ചന്ദ്രനിൽ ഇന്നേവരെ നടത്താത്ത വിധം പര്യവേക്ഷണത്തിനും വേണ്ട സൗകര്യങ്ങളുമെല്ലാം ഈ ലാൻഡറിലുണ്ട്. ഇതുവരെ പേരിടാത്ത ഈ പേടകത്തിന് ഇന്ധനത്തോടു കൂടി 24 ടണ്ണായിരിക്കും ഭാരം (ഇന്ധനമില്ലാതെ 22 ടൺ). അപ്പോളോ പേടകത്തിന്റെ വലുപ്പമാകട്ടെ ഇന്ധനമില്ലാതെ 4.3 ടൺ മാത്രമായിരുന്നു. ഇന്ധനത്തോടെ 4.7 ടണ്ണും. 

പുതിയ ലാൻഡറിന് 14 മീറ്റർ നീളമുണ്ടാകും. ഒരേസമയം നാലു പേരെ ചന്ദ്രനിലെത്തിക്കാനുള്ള ശേഷിയും. ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് എലവേറ്റർ സൗകര്യവുമുണ്ട്. നാസയുടെ തന്നെ വരാനിരിക്കുന്ന ലൂണാർ ഓര്‍ബിറ്റിങ് സ്പെയ്സ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയും ലാൻഡർ ഉപയോഗപ്പെടുത്താനാകും. ലൂണാർ ഓര്‍ബിറ്റൽ പ്ലാറ്റ്ഫോം–ഗേറ്റ്‌വേ എന്ന ഈ സ്റ്റേഷനിൽ ലാൻഡറിന് ‘വന്നിറങ്ങാനും’ സാധിക്കും. അവിടെ നിന്ന് ചന്ദ്രനിലേക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഗവേഷകരെ എത്തിക്കുകയും ചെയ്യാം. രണ്ടാഴ്ച നീളുന്ന ഗവേഷണത്തിനിടെ അഞ്ചു മുതൽ പത്തു തവണ വരെ ലാൻഡറിനു പറക്കാനും സാധിക്കും. 

ചന്ദ്രനിൽ നിന്നും തിരിച്ചു സ്റ്റേഷനിലേക്കും യാത്ര ചെയ്യണമെങ്കിൽ ലിക്വിഡ് ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി വേണ്ടത്. അതായത് ഏകദേശം 44 ടൺ. എന്നാൽ ഇത് ഭൂമിയില്‍ നിന്നു കൊണ്ടുപോകേണ്ട ആവശ്യമില്ല. ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങളിലെ ‘വാട്ടർ ഐസിൽ’ നിന്നും ഒരുപക്ഷേ ചന്ദ്രനിൽ നിന്നു തന്നെ ഇന്ധനം ശേഖരിക്കാനാകും. ഭൂമിയിലേക്ക് തിരികെയെത്തിയാലും യാതൊരു കുഴപ്പവും പറ്റാത്ത വിധമാണു നിർമാണം. അതിനാൽത്തന്നെ എത്ര തവണ വേണമെങ്കിലും പുനരുപയോഗിക്കാം. 

ചന്ദ്രനിലേക്കു മാത്രമല്ല, നാസയുടെ ചൊവ്വാപര്യടനത്തിനും ഈ പേടകം ഉപയോഗിക്കാമെന്നാണ് ലോക്ക്ഹീഡിന്റെ നിർദേശം. ലോക്ക്ഹീഡിന്റെ തന്നെ ഓറിയോൺ പേടകത്തിൽ ഏതാനും വർഷങ്ങൾക്കകം ബഹിരാകാശത്തേക്ക് നാസ യാത്രികരെ അയയ്ക്കാനിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ്, ചന്ദ്രനിലേക്ക് യാത്രികരെ അയയ്ക്കുന്നതിനു സഹായകരമായ ഒരു ലാൻഡറിന്റെ ഡിസൈൻ നൽകണമെന്ന് നാസ ലോക്ക്ഹീഡിനോട് ആവശ്യപ്പെട്ടത്. എന്നാൽ നാസയുടെ ആവശ്യം ആറു ടൺ ഭാരമുള്ള ലാൻഡറായിരുന്നു, കമ്പനി നൽകിയതാകട്ടെ അതിനെയും കടത്തിവെട്ടുന്നതും. മാത്രവുമല്ല 2024 വരെയെങ്കിലും വിവിധ പരീക്ഷണങ്ങളും പരിശോധനകളും നടത്തി മാത്രമേ ലൂണാർ ലാൻഡർ നാസ ഉപയോഗിക്കുകയുള്ളൂ. അതിനാൽത്തന്നെ എത്രയേറെ സൗകര്യമുണ്ടെന്നു പറഞ്ഞാലും  ലോക്ക്ഹീഡ് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും ചാന്ദ്രയാത്രയ്ക്ക്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA