sections
MORE

വരുന്നു, അതിമാനുഷരുടെ കാലം, കാശുള്ളവൻ മരിക്കില്ല, എന്നും നിത്യയൗവ്വനം

FRANCE-GBR-SCIENCE-EDITION-HAWKING
SHARE

‘പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സ്റ്റീഫൻ ഹോക്കിങ് പറയുന്നതു കേട്ടാൽ ആ സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നെന്നു തോന്നും’ എന്നു പരിഹസിച്ചത് മലയാളിയായ വിഖ്യാത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശനായിരുന്നു. നിരന്തരം വേട്ടയാടിയ രോഗത്താൽ ഒരു വീൽചെയറിൽ ഒതുങ്ങി ജീവിക്കുമ്പോഴും അതിമാനുഷ പരിവേഷം ലഭിച്ച ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. രോഗാവസ്ഥ കൊണ്ടാണ് ഹോക്കിങ്ങിനു വലിയ സ്വീകാര്യത ലഭിച്ചതെന്നും അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലതും അപക്വമാണെന്നും വിമർശിക്കാൻ സുദർശനെപ്പോലുള്ളവർ മടി കാണിച്ചിരുന്നില്ല. അധികകാലം ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോഴും പ്രപഞ്ചത്തിന്റെ സങ്കീർണതകളെക്കുറിച്ചു തല പുകച്ച ഹോക്കിങ് മരണാനന്തരവും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ അദ്ദേഹം അതിമാനുഷരെക്കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങളാണ് ശാസ്ത്രലോകത്തു ചർച്ചയാകുന്നത്. 

കയ്യിൽ കാശുള്ളവർ തങ്ങളുടെയും മക്കളുടെയും ഡിഎൻഎ എഡിറ്റ് ചെയ്ത് അതിമാനുഷരാകാമെന്നും അവർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സാധാരണ മനുഷ്യർ കുലമൊടുങ്ങുമെന്നുമാണ് ഹോക്കിങ് നിരീക്ഷിക്കുന്നത്. ജനിതക എൻജിനിയറിങ് ഹോമോ സാപ്പിയൻസിനെ ഇല്ലാതാക്കുമെന്നും പുതിയൊരു മനുഷ്യകുലത്തെ സൃഷ്ടിക്കുമെന്നും ആശങ്കപ്പെടുന്ന ശാസ്ത്രജ്ഞരും തത്വചിന്തകരും കുറവല്ല. സാപ്പിയൻസും ഹോമോ ഡ്യൂസുമെല്ലാം എഴുതിയ യുവാൽ ഹരാരിയെപ്പോലുള്ളവർ അത്തരമൊരു സാധ്യതയെ വിശകലനം ചെയ്തിട്ടുണ്ട്. ജനിതക എൻജിനിയറിങ്ങിനെ നിയമം മൂലം നിരോധിച്ചാലും ധനികർ അതു നടത്താൻ സാധ്യതയുണ്ട്. അനശ്വരത കൊതിക്കാത്തവർ ആരുണ്ട്? നിത്യയൗവ്വനവും അരോഗജീവിതവും പുരാതന കാലം തൊട്ടേ വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല തത്വചിന്തയുടെയും വിഷയമാണ്. 

അപകടകരമായ ജീനുകളെ മാറ്റാനും പുതിയവയെ ചേർക്കാനും കഴിയും വിധം ജനിതക ശാസ്ത്രം മുന്നോട്ടുപോയിട്ടുണ്ട്. Crispr-Cas9 പോലുള്ള സാങ്കേതികവിദ്യകൾ വലിയ മാറ്റമാണ് ജനിതക ശാസ്ത്രത്തിലുണ്ടാക്കിയത്. മറ്റൊരു തരത്തിലും പരിഹരിക്കാനാകാത്ത ചില രോഗാവസ്ഥകളെ നേരിടാൻ ഇപ്പോൾത്തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഈ ജനിതക എഡിറ്റിങ്ങിന്റെ ദോഷവശങ്ങളെക്കുറിച്ചു കൃത്യമായും മനസ്സിലാക്കാവുന്ന രീതിയിൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

രോഗങ്ങൾ വരുത്തുന്ന ഭാഗങ്ങളെ എഡിറ്റു ചെയ്ത് ആയുസ്സിന്റെ നീളം കൂട്ടാം. പ്രായമേകുന്തോറും കുറയാത്ത ഓർമ സ്വന്തമാക്കാം. പരിമിതികളില്ലാത്ത ബുദ്ധി സ്വന്തമാക്കാം. ജനിതകശാസ്ത്രത്തിലെ കുതിപ്പുകൾ അതിമാനുഷരെ സാധ്യമാക്കും. സാധാരണ മനുഷ്യർ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതായേക്കാം. അല്ലെങ്കിൽ അപ്രസക്തരായി ഏതെങ്കിലും മൂലയ്ക്കു കഴിഞ്ഞുകൂടാം. അതിമാനുഷരാകട്ടെ ജനിതകമായി തിരുത്തിയെഴുതിക്കൊണ്ട് നിരന്തരം പുതുക്കിക്കൊണ്ട് മുന്നോട്ടുപോകും. സ്വന്തം രൂപകൽപ്പനയ്ക്ക് അനുസരിച്ച് ബുദ്ധിയെയും ശരീരത്തെയും അവർ മാറ്റിക്കൊണ്ടിരിക്കും. 

ഇപ്പോൾ ബവ്റിജസിനു മുന്നിലെന്ന പോലെ അനശ്വരതയ്ക്കായി ജനിതക ക്ളിനിക്കുകൾക്കു മുന്നിൽ ധനികരുടെ നീണ്ട വരികൾ വരുംകാലത്തു രൂപപ്പെടുമോ? ജനിതക പൂർണത കൈവരിച്ചവർക്കു മുന്നിൽ സാദാ സാപ്പിയൻസ് തോറ്റു തുന്നംപാടുമോ? പ്രപഞ്ചോൽപ്പത്തി പോലെ, നമ്മൾ ഹോമോ സാപ്പിയൻസിനു വാദിക്കാനും ഉദ്വേഗപ്പെടാനും ‘അതിമാനുഷ ഉൽപ്പത്തി’ കൂടി ഇട്ടു തന്നിരിക്കുകയാണ് ഹോക്കിങ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA