sections
MORE

2600 ഗ്രഹങ്ങളുടെ രഹസ്യം വെളിപ്പെടുത്തി കെപ്ലര്‍ മടങ്ങി, അനന്തതയിലേക്ക്

kepler
SHARE

ഒൻപത് വര്‍ഷം നീണ്ട വിജയകരമായ ദൗത്യങ്ങള്‍ക്കുശേഷമാണ് നാസയയുടെ ബഹിരാകാശ വാഹനം കെപ്ലര്‍ കണ്ണടച്ചത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയ കെപ്ലര്‍ ഇതുവരെ സൂര്യനെ ചുറ്റുന്നതല്ലാത്ത 2,600 ഗ്രഹങ്ങളെ കണ്ടെത്തി. നാസയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഗ്രഹ വേട്ടയാണ് കെപ്ലര്‍ പേടകം നടത്തിയത്.

ഒക്ടോബര്‍ ആദ്യത്തില്‍ തന്നെ കെപ്ലറിലെ ഇന്ധനം തീരുകയാണെന്ന സൂചന നാസക്ക് ലഭിച്ചിരുന്നു. എപ്പോഴാണ് കെപ്ലര്‍ കണ്ണടച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും തിരിച്ചെടുക്കാന്‍ സാധിക്കാത്തവിധം കെപ്ലറുമായുള്ള ബന്ധം നഷ്ടമായെന്ന് നാസ സ്ഥിരീകരിച്ചു. ഭൂമിക്ക് വളരെ ദൂരെയുള്ള ഭ്രമണപഥത്തിലൂടെ സുരക്ഷിതമായി കെപ്ലര്‍ സഞ്ചരിക്കുന്നുവെന്നാണ് കരുതുന്നതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

2009ലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കെപ്ലര്‍ ദൗത്യം ആരംഭിക്കുന്നത്. നാസയുടെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു കെപ്ലറിന്റെ പിന്നീടുള്ള വര്‍ഷങ്ങളിലെ പ്രവര്‍ത്തനം. നമ്മുടെ സ്വന്തം സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ നിരീക്ഷിക്കുകയും സാധ്യമെങ്കില്‍ പുതിയവ കണ്ടെത്തുകയുമായിരുന്നു കെപ്ലറിന്റെ ദൗത്യം. നമ്മുടെ ക്ഷീരപഥത്തിന് പുറത്തുള്ള 2600 ഗ്രഹങ്ങളുടെ വിവരങ്ങള്‍ നല്‍കിയ ശേഷമാണ് കെപ്ലര്‍ പേടകം ജോലി അവസാനിപ്പിച്ചത്. 

ക്ഷീരപഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലാത്തിടത്തേക്കാണ് കെപ്ലര്‍ 2600 പുതിയ ഗ്രഹങ്ങളുടെ വിവരങ്ങള്‍ ഒറ്റക്ക് കൈമാറിയത്. ഇത് നൂതനമായ ശാസ്ത്ര ശാഖയായി പോലും പിന്നീട് മാറുകയുണ്ടായി. കെപ്ലര്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ പലതിനും ഭൂമിയോട് സാമ്യമുണ്ട്. ഇത് അന്യഗ്രഹജീവന്‍ തേടുന്ന ഗവേഷകര്‍ക്ക് അമൂല്യ അറിവായി മാറുകയും ചെയ്തു. 

നമ്മുടെ ക്ഷീരപഥത്തില്‍ പോലും നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ ഗ്രഹങ്ങളാണെന്ന് തിരിച്ചറിഞ്ഞത് കെപ്ലര്‍ നല്‍കിയ വിവരങ്ങൾ വഴിയാണ്. വിക്ഷേപിച്ച് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സാങ്കേതിക തകരാര്‍ സംഭവിച്ചത് കെപ്ലര്‍ ദൗത്യത്തെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ വൈകാതെ തകരാറ് പരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായി. 

പ്രാഥമിക ദൗത്യങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രതിസന്ധി കെപ്ലര്‍ നേരിട്ടത്. അറ്റകുറ്റപണികള്‍ക്ക് ശേഷം ഓരോ മൂന്ന് മാസം കൂടുമ്പോഴും കെപ്ലറുടെ മുഖം തിരിച്ച് പരമാവധി ദൂരത്തേക്ക് തിരച്ചില്‍ നടത്താന്‍ ഗവേഷകര്‍ ശ്രമിച്ചിരുന്നു. പ്രഖ്യാപിത ദൗത്യം നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ ഇതെല്ലാം കെ2 എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കെ2 ഘട്ടത്തില്‍ 18 ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി വിവരങ്ങള്‍ ഭൂമിയിലെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറാന്‍ കെപ്ലര്‍ക്ക് സാധിച്ചു. ഒടുവില്‍ ഇന്ധനം അവസാനിച്ച് വിവരങ്ങള്‍ കൈമാറുക അസാധ്യമായെന്ന് തെളിഞ്ഞതോടെയാണ് കെപ്ലര്‍ ദൗത്യം അവസാനിച്ചെന്ന് നാസ അറിയിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA