sections
MORE

തിളങ്ങും വസ്തുക്കൾ കണ്ടെന്ന് പൈലറ്റുമാർ, പറക്കും തളികയോ? അന്വേഷണത്തിന് ഗവേഷകർ!

ufo-1
SHARE

പറന്നു പോകുന്ന ഒരു വിമാനത്തിന്മേൽ ഉൽക്ക വന്നിടിച്ചതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? നിർത്തിയിട്ട വാഹനങ്ങളിൽ ആകാശത്തു നിന്ന് ഉൽക്ക വന്നിടിച്ചു തകർന്ന ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിമാനത്തിൽ ഇന്നേവരെ അത്തരമൊരു അപകടം സംഭവിച്ചിട്ടില്ല. അഥവാ വന്നിടിച്ചാലും അതിനു വിമാനത്തെ തകർക്കാനുള്ള ശേഷിയൊന്നും ഉണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. ഉൽക്കയുടെ ഭൂരിപക്ഷം ഭാഗവും ഭൂമിയുടെ അന്തരീക്ഷവുമായുള്ള ഘർഷണത്തിലൂടെ കത്തിനശിച്ചിട്ടുണ്ടാകുമെന്നതു തന്നെ കാരണം. 

ഉൽക്കകളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും വിമാനത്തിലുണ്ട്. എങ്കിലും വളരെ അപൂർവമായെങ്കിലും വിമാനങ്ങളും ഉൽക്കകളും തമ്മിലുള്ള ഗുരുതരമായ കൂട്ടിയിടി ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽത്തന്നെ വിമാന നിർമാണത്തിനിടെ അത്തരം അപകടങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പുതിയ സാങ്കേതികതയും പരീക്ഷിക്കുന്നു. അയർലൻഡിനു മുകളിൽ കഴിഞ്ഞ ദിവസം പറക്കുംതളിക (യുഎഫ്ഒ) പ്രത്യക്ഷപ്പെട്ടതായുള്ള വാർത്തയാണ് ഇപ്പോൾ മേൽപ്പറഞ്ഞ ചർച്ചയിലേക്ക് വ്യോമയാന വിദഗ്ധരെ വീണ്ടുമെത്തിച്ചിരിക്കുന്നത്. 

ബ്രിട്ടിഷ് എയർവേയ്സിലെയും വിർജിൻ എയർലൈൻസിലെയും പൈലറ്റുമാരാണ് തങ്ങളുടെ വിമാനത്തിനു സമീപത്തു കൂടെ തിളങ്ങുന്ന ചില വസ്തുക്കൾ അതിവേഗം പാഞ്ഞുപോകുന്നതായി കണ്ടത്. അയർലൻഡിലെ കെറിയ്ക്കു മുകളിലൂടെ പറക്കുമ്പോഴായിരുന്നു ബ്രിട്ടിഷ് എയർവേയ്സിലെ പൈലറ്റ് ആ കാഴ്ച കണ്ടത്. സൈനിക പരിശീലനമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്കു വിളിച്ചപ്പോൾ അത്തരത്തിൽ യാതൊരു പരിശീലനവും നടക്കുന്നില്ലെന്നായിരുന്നു മറുപടി. 

നവംബർ ഒൻപതിന് രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം. പ്രൈമറി/സെക്കൻഡറി റഡാറുകളിലും ആ സമയം യാതൊന്നും പ്രത്യക്ഷപ്പെട്ടില്ല. പക്ഷേ താൻ പറത്തിയ ബോയിങ് 787 വിമാനത്തിനു സമാന്തരമായി ചില തിളങ്ങുന്ന വസ്തുക്കൾ അതിവേഗത്തോടെ പാഞ്ഞുപോയെന്ന കാര്യത്തിൽ പൈലറ്റിനു സംശയമുണ്ടായിരുന്നില്ല. മോൺട്രിയലിൽ നിന്നു ഹീത്രൂവിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. കെറിക്ക് മുകളിലെത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തായാണു വെളിച്ചം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വടക്കുഭാഗത്തേക്ക് അതിവേഗം കുതിച്ചുപോവുകയും ചെയ്തു. ‘കണ്ണഞ്ചിക്കുംവിധം തിളങ്ങുന്ന പ്രകാശം അതിവേഗം പാഞ്ഞു പോയി...’ എന്നാണിതിനെ പൈലറ്റ് വിശേഷിപ്പിച്ചത്. എന്നാൽ വിമാനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. 

ഏകദേശം ഇതേസമയം തന്നെയാണ് വിർജിൻ എയർലൈൻസിന്റെ ബോയിങ് 747 വിമാനത്തിൽ നിന്നു വിളിയെത്തിയത്. ഒന്നിലേറെ തിളക്കമുള്ള വസ്തുക്കൾ ഒരേ സഞ്ചാരപാതയിലൂടെ അതിവേഗം നീങ്ങുന്നു എന്നായിരുന്നു സന്ദേശം. അവയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമായിരുന്നു. ഓർലാൻഡോയിൽ നിന്ന് മാഞ്ചസ്റ്ററിലേക്കു പോയ വിർജിൻ എയർലൈൻസിൽ 455 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടിഷ് എയർവേയ്സിന്റേതിൽ 214ഉം. സംഭവത്തെപ്പറ്റി അടിയന്തരമായി ഐറിഷ് ഏവിയേഷൻ അതോറിറ്റി(ഐഎഎ) അന്വേഷണത്തിന് ഉത്തരവിട്ടു. 

ഐഎഎയുടെ പ്രാഥമിക റിപ്പോർട്ടിൽ യുഎഫ്ഒ അല്ല, പൈലറ്റുമാർ കണ്ടത് കത്തിത്തീരാറായ ഉൽക്കകളാണെന്നാണു പറയുന്നത്. ദൃക്സാക്ഷി വിവരമനുസരിച്ച് ഏവിയേഷൻ വിദഗ്ധരും എത്തിച്ചേർന്നിരിക്കുന്ന നിഗമനം വിരൽചൂണ്ടുന്നത് ഉൽക്കകളിലേക്കാണ്. വിമാനങ്ങളുടെ പാതയിൽ ചെറു ഉൽക്കകൾ എത്തുന്നത് അപൂർവ സംഭവമല്ലെന്നും ഇവർ പറയുന്നു. ഭൂമിയിലുള്ള ഏതൊരു വസ്തുവിനേക്കാളും വേഗത്തിലായിരുന്നു ‘വെളിച്ച വസ്തു’ക്കളുടെ യാത്രയെന്നാണ് പൈലറ്റുമാർ പറയുന്നത്. അതിനാൽത്തന്നെ ‘ആസ്ട്രോണമിക്കൽ ഓബ്ജക്റ്റ്സി’ന്റെ സാന്നിധ്യമാണ് ഐഎഎ പ്രധാനമായും പരിഗണിക്കുന്നത്. ആ പരിഗണനാ പട്ടികയിൽ ആദ്യസ്ഥാനത്താകട്ടെ കത്തിത്തീരാറായ ഉൽക്കകളാണു താനും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA