sections
MORE

കാൻസറിനേക്കാളും ഭീകരൻ, നഷ്ടമുണ്ടാകുക കോടികൾ; ശാസ്ത്രത്തിന്റെ മുന്നറിയിപ്പ് വീണ്ടും

superbugs-
SHARE

വർഷങ്ങളായി ആ മുന്നറിയിപ്പ് ഗവേഷകർ ലോകരാജ്യങ്ങൾക്കു നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുൾപ്പെടെ ഏതെല്ലാം രാജ്യങ്ങൾ അതു ഗൗരവമായെടുത്തിട്ടുണ്ട് എന്നത് ഇപ്പോഴും അവ്യക്തമാണ്. ‘നിലവിലുള്ള പല രോഗങ്ങൾക്കും മരുന്നു കണ്ടെത്താതിരിക്കുമ്പോഴാണ് പുതിയ രോഗത്തിനു മരുന്ന്’ എന്നു പുച്ഛത്തോടെ പറഞ്ഞു തള്ളിക്കളഞ്ഞവരുമുണ്ട്, പറഞ്ഞു വരുന്ന ‘സൂപ്പർ ബഗുകളെ’ പറ്റിയാണ്. അതായത്, ഒരു മരുന്നിനും കീഴ്പ്പെടുത്താൻ പറ്റാത്ത തരം രോഗാണുക്കൾ! ഇവയുടെ ഭീഷണി യാഥാർഥ്യമാണെന്നും ആരോഗ്യമേഖലയിൽ അതിനനുസരിച്ചു മാറ്റം വരുത്തണമെന്നുമുള്ള ഏറ്റവും പുതിയ റിപ്പോർട്ടും പുറത്തു വന്നു. 

ഇനിയും നടപടികളൊന്നുമെടുത്തില്ലെങ്കിൽ ഓരോ വർഷവും അപകടത്തിലാകാൻ പോകുന്നത് ഒരു കോടിയിലേറെപ്പേരുടെ ജീവനാണ്. 2050 ആകുന്നതോടെ സൂപ്പർ ബഗുകൾ കാരണം കൊല്ലപ്പെടുന്നവരുടെ എണ്ണം പ്രതിവർഷം ഒരു കോടി കടക്കുമെന്ന റിപ്പോർട്ട് നാലു വർഷം മുൻപു വന്നിരുന്നു. നിലവിൽ കാൻസർ ബാധിച്ചു മരിക്കുന്നവരേക്കാളും ഏറെ. ഇതൊന്നും പോരാതെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ഈ പ്രശ്നം ബാധിക്കും. രാജ്യാന്തര തലത്തിൽ സൂപ്പർ ബഗുകൾ കാരണം 100 ട്രില്യൻ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തൽ. പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെത്തന്നെ തകിടം മറിക്കാൻ പോന്നതാണ് ഈ ഭീഷണിയെന്നു ചുരുക്കം.

 2014ൽ ഇതാദ്യമായിട്ടായിരുന്നു സൂപ്പർ ബഗുകൾ കാരണമുള്ള മനുഷ്യനാശവും സാമ്പത്തിക നഷ്ടവും എത്രയായിരിക്കുമെന്ന രീതിയിലുള്ള കണക്കെടുപ്പ് നടക്കുന്നത്. ഭീഷണി ഗുരുതരമാണെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അന്നത്തെ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആണ് റിപ്പോർട്ടു തയാറാക്കാൻ നിര്‍ദേശിച്ചത്. സർവീസസ് കമ്പനിയായ കെപിഎംജിയും ഗവേഷണ സ്ഥാപനമായ ആർഎഎൻഡിയുമാണ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ നാലു വർഷമായിട്ടും നടപടികളൊന്നുമുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പുതിയ റിപ്പോർട്ടെത്തിയത്. 

അടുത്ത 30 വർഷത്തിനിടെ ബ്രിട്ടനിൽ മാത്രം സൂപ്പർ ബഗുകൾ കാരണം പ്രതിവർഷം 90,000 പേരെങ്കിലും മരിക്കുമെന്നാണു പഠന റിപ്പോർട്ട്. 2050ഓടെ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മാത്രം 24 ലക്ഷം എന്ന കണക്കിൽ ജനങ്ങൾ മരിച്ചുവീഴുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ–ഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) തയാറാക്കിയ റിപ്പോർട്ട് പ്രകാരം സൂപ്പർ ബഗുകൾ യൂറോപ്പിൽ മാത്രം കൊന്നൊടുക്കുക 13 ലക്ഷം പേരെയായിരിക്കുമെന്നും പറയുന്നു. കൈ ശുചിയായി കഴുകുക എന്നതുൾപ്പെടെയുള്ള ലളിതമായ കാര്യങ്ങളിലൂടെ പോലും പല സൂപ്പർബഗുകളെയും പ്രതിരോധിക്കാനാകും. എന്നാൽ ആ വിധത്തിൽ ബോധവൽക്കരണം നിലവിൽ ആഗോളതലത്തില്‍ ഉണ്ടോയെന്നാണു ഗവേഷകരുടെ ചോദ്യം. 

വിവിധ ആരോഗ്യ–സാമ്പത്തിക മാതൃകകൾ പരിശോധിച്ചായിരുന്നു ഭാവിയിലെ സൂപ്പർബഗ് ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കപ്പെട്ടത്. തൊഴിലാളികൾക്ക് രോഗം ബാധിച്ചാലുള്ള കാര്യം പ്രത്യേകമായി പരിശോധിച്ചു. അതായത്, സൂപ്പർ ബഗ് ബാധയേറ്റാലോ തുടർന്നുള്ള മരണത്താലോ തൊഴിൽമേഖലയ്ക്ക് എന്തു സംഭവിക്കും എന്ന്. അതുവഴി രാജ്യാന്തര സമ്പദ് വ്യവസ്ഥയ്ക്ക് എന്തു പ്രശ്നമുണ്ടാകുമെന്നും. ഇതുവരെയുള്ള കണക്കു പ്രകാരം സൂപ്പർ ബഗുകൾ കാരണം ഏഴു ലക്ഷത്തോളം മരണം പ്രതിദിനമുണ്ടാകുമെന്നായിരുന്നു. ഇതാണ് ഒറ്റയടിക്ക് 2014ൽ ഒരു കോടിയിലേക്ക് കുതിച്ചുയർന്നത്. ജനസംഖ്യയിലുണ്ടാകുന്ന കുറവും തൊഴിലെടുക്കാൻ ശേഷിയുള്ളവർ ഇല്ലാതാകുന്നതും രോഗബാധയുമെല്ലാം ചേർന്ന് രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ കുറവുണ്ടാക്കും. 

superbugs

ഇ–കോളി, മലേറിയ, ട്യൂബർക്കുലോസിസ് തുടങ്ങിയ രോഗാണുക്കളാണ് സൂപ്പർ ബഗുകളിൽ ഏറ്റവും ഭീഷണി. മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ഏറ്റവുമധികം ലഭിക്കുക ഇവയ്ക്കായിരിക്കുമെന്നാണു സൂചന. അങ്ങനെയെങ്കിൽ കാത്തിരിക്കുന്നതു വൻ ദുരന്തവുമാണ്. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതിനുള്ള ശ്രമങ്ങളും ഗവേഷകർ ആരംഭിച്ചു കഴിഞ്ഞു. പുതിയ തരം മരുന്നുകൾ തന്നെയാണ് ഇക്കാര്യത്തിൽ ആശ്രയം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആന്റിബയോട്ടിക് ഗവേഷണത്തിനു മരുന്നു നിർമാണ കമ്പനികൾ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല. മേഖലയിൽ നിലനിൽക്കുന്ന ശക്തമായ ചട്ടങ്ങളും കാര്യമായ സാമ്പത്തിക ലാഭമില്ലാത്തതുമാണു കാരണം. എന്നാല്‍ ഈ രീതിക്കു മാറ്റം വരുമെന്നാണു ഗവേഷകർ പറയുന്നത്. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇതിനെപ്പറ്റി രാജ്യങ്ങൾക്ക് ആലോചിച്ചേ മതിയാകൂ. സൂപ്പർ ബഗുകൾ രൂപപ്പെട്ട് അവയെ തടയുന്നതിനേക്കാൾ ചെലവു കുറവാണ് അവയ്ക്കായുള്ള പ്രതിരോധ മരുന്നുകൾ ഒരുക്കുന്നത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുമെന്നും ശാസ്ത്രലോകം പ്രത്യാശിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA