sections
MORE

റോബർട്ട് അന്നു കണ്ടത് അന്യഗ്രഹ ജീവികളുടെ പേടകമായിരുന്നോ?

oumuamua-
SHARE

ഹവായി സർവകലാശാല ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകൻ റോബർട്ട് വെറിക് 2017 ഒക്ടോബറിലെ ആ ദിവസം ജീവിതത്തിലൊരിക്കലും മറക്കില്ല. ടെലസ്കോപ് വഴി പതിവു പോലെ ആകാശത്തെ അദ്ഭുതങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയായിരുന്നു ആ അസാധാരണ കാഴ്ച. ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു സൗരയൂഥത്തിലൂടെ തെന്നി നീങ്ങുന്നു. ഛിന്നഗ്രഹമാണോ? അതോ വാൽനക്ഷത്രമോ? എന്തായാലും അതിനു നേരെ ടെലസ്കോപ് തിരിച്ച നിമിഷമോർത്ത് റോബർട്ട് ആവേശം കൊണ്ടെന്നതു സത്യം. വൈകാതെ തന്നെ താൻ കണ്ടെത്തിയ കാര്യം തന്റെ ജ്യോതിശാസ്ത്ര നെറ്റ്‌വർക്കിലുള്ള എല്ലാ വിദഗ്ധരെയും അറിയിക്കുകയും ചെയ്തു. നാസയും അങ്ങനെയാണ് ഈ അസാധാരണ വസ്തുവിനെ നിരീക്ഷിക്കാൻ തീരുമാനിച്ചത്. 

ഒക്ടോബർ 19നു കണ്ടെത്തിയതിനു പിന്നാലെ റോബർട്ട് വെറിക് ആ ആകാശ വസ്തുവിന് ഒരു പേരും നൽകി– ഔമ്വാമ്വോ(Oumuamua). ഹവായ് ഭാഷയിൽ ‘വിദൂരത്തു നിന്ന് ആദ്യം എത്തുന്ന സന്ദർശകൻ’ എന്നാണ് അർഥം. നാസയും ആ പേര് ഔദ്യോഗികമായി സ്വീകരിച്ചു. സൗരയൂഥത്തിനു പുറത്തു നിന്ന് ഇതാദ്യമായി ഇവിടേക്കെത്തുന്ന അതിഥിയായിരുന്നു ഔമ്വാമ്വോ. എന്തായാലും 2017 നവംബർ മുതൽ അത് നാസയുടെ നിരീക്ഷണത്തിലായി. നാസയുടെ സ്പിറ്റ്സർ സ്പെയ്സ് ടെലസ്കോപ് ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ഇൻഫ്രാറെഡ് ടെലസ്കോപ് ആണിത്. ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാൻ വേണ്ടി പ്രത്യേകം തയാറാക്കി ബഹിരാകാശത്തേക്ക് അയച്ചത്. ഇൻഫ്രാറെഡ് എനർജി ഉപയോഗിച്ച്, താപനില പരിശോധിച്ച് ഓരോ ചിന്നഗ്രഹത്തിന്റെയും വലുപ്പം നിശ്ചയിക്കുകയെന്നതായിരുന്നു സ്പിറ്റ്സറിന്റെ ജോലി. എന്നാൽ ഔമ്വാമ്വോയുടെ കാര്യത്തില്‍ സ്പിറ്റ്സറും എന്നന്നേക്കുമായി പരാജയപ്പെട്ടു. കാരണം സ്പിറ്റ്സറിന് കണ്ടെത്താൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള വലുപ്പത്തിന്റെ പരിധിയേക്കാളും ചെറുതായിരുന്നു ഔമ്വാമ്വോ. 

സൗരയൂഥത്തിനപ്പുറത്തു നിന്നെത്തിയ ‘ഇന്റർസ്റ്റെല്ലാർ’ വസ്തുവായിരുന്നു ഔമ്വാമ്വോ എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഇതു വിദൂരതയിലെവിടെ നിന്നോ ഭൂമിയെ നിരീക്ഷിക്കാനെത്തിയ അന്യഗ്രഹ പേടകമാണെന്ന് അതിനിടെ ഹാർവാർഡ് സർവകലാശാലയിലെ രണ്ടു ഗവേഷകർ പ്രസ്താവന നടത്തി. സൂര്യനിൽ നിന്നുള്ള ഊർജം വലിച്ചെടുത്ത് മുന്നോട്ടു കുതിക്കാവുന്ന രീതിയിലാണു പേടകത്തിന്റെ നിർമാണമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ‘സോളർ സെയിൽ’ എന്നാണ് ഈ രീതിക്കു പറയുക. ഇതിന്റെ കൗതുകം വിട്ടുമാറും മുൻപാണ് മറ്റു വാർത്തകളും പുറത്തെത്തിയത്. 

ഭൂമിക്ക് ഏറ്റവും അടുത്ത് ഔമ്വാമ്വോ എത്തിയത് 2018 സെപ്റ്റംബറിലായിരുന്നു. എന്നാൽ അന്നു പോലും അതിന്റെ കൃത്യമായ വലുപ്പം നിരീക്ഷിച്ചെടുക്കാൻ സ്പിറ്റ്സറിനായില്ല.  ഇൻഫ്രാറെഡ് ടെലസ്കോപ്പിനു പോലും കണ്ടെത്താനാകാത്ത വിധം ‘ചെറുതാണ്’ ഔമ്വാമ്വോ എന്നത് ഏറെ ആശ്ചര്യജനകമായ കാര്യമാണെന്നും ഗവേഷകർ പറയുന്നു. സ്പിറ്റ്സറിനു വലുപ്പം നിശ്ചയിക്കാൻ സാധിച്ചില്ലെങ്കിൽ ആ വസ്തുവിന്റെ ‘സ്ഫെറിക്കൽ ഡയമീറ്റർ’ എത്രയായിരിക്കുമെന്നതിന്റെ മൂന്നു മാതൃകാ കണക്ക് ഗവേഷകർ സൂക്ഷിച്ചിട്ടുണ്ട്– 440 മീ., 140 മീ, 100 മീ.– ഇവയിൽ ഒന്നായിരിക്കും സ്ഫെറിക്കൽ ഡയമീറ്ററെന്ന കണക്കുകൂട്ടലിലാണ് ഗവേഷകരിപ്പോൾ. 

ഔമ്വാമ്വോയുടെ മേൽ നിറയെ സുഷിരങ്ങളായിരിക്കാമെന്നാണു മറ്റൊരു നിഗമനം. അതിൽ നിന്നു വിവിധ വാതകങ്ങളും പുറന്തള്ളപ്പെടും. യാത്രാവഴിയിൽ വേഗത നേടാനും ഈ വാതക ബഹിർഗമനം വഴിയുള്ള ‘ബൂസ്റ്റിങ്’ സഹായിക്കുമെന്നാണു കരുതുന്നത്(സംഗതി റോക്കറ്റിലേതു പോലെത്തന്നെ). ഇതിനു മറ്റേതൊരു ഛിന്നഗ്രഹത്തേക്കാളും പത്തിരട്ടി പ്രതിഫലനശേഷിയുണ്ടെന്നും ആസ്ട്രണോമിക്കൽ ജേണലിലെ പഠനത്തിൽ പറയുന്നു. ഛിന്നഗ്രഹങ്ങളിന്മേൽ സൂര്യപ്രകാശം തട്ടി പ്രതിഫലം നടക്കുന്നതിന്റെ തോത് പലപ്പോഴും വ്യത്യാസപ്പെടാറുണ്ട്. സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ ഔമ്വാമ്വോയുടെ മേലുള്ള മഞ്ഞിൻ കണങ്ങൾ ഉരുകി വാതകമായിക്കാണണം. അതുവഴി ഈ ഛിന്നഗ്രഹത്തിലെ പൊടിയും മറ്റും മാറി ‘വൃത്തിയായി’ട്ടുമുണ്ടാകും. അങ്ങനെ കൂടുതൽ മഞ്ഞുപാളികൾ പ്രതലത്തിൽ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇതായിരിക്കാം ഔമ്വാമ്വോയുടെ പ്രതിഫലന ശേഷി കൂട്ടിയത്. 

oumuamua

സൂര്യന് അടുത്തെത്തിയ സമയത്ത് ഭൂമിയിൽ ആരും ഇതിനെ കണ്ടിരുന്നുമില്ല. പിന്നെയും ഒരു മാസം കഴിഞ്ഞാണ് റോബർട്ട് വെറിക്കിന്റെ ടെലസ്കോപ്പിൽ ഔമ്വാമ്വോ വന്നുപെടുന്നതും. സാധാരണ ഗതിയിൽ ആകൃതിയിൽ മാറ്റം വരുകയും മറ്റ് അസാധാരണ സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളെ നാസ വീണ്ടും നിരീക്ഷണത്തിനു വിധേയമാക്കാറുണ്ട്. എന്നാൽ ഔമ്വാമ്വോയുടെ കാര്യത്തിൽ അതും പ്രായോഗികമല്ല. സൗരയൂഥം വിട്ട് അതു പോയിക്കഴിഞ്ഞു. ഒട്ടേറെ ദുരൂഹതകൾ ബാക്കി നിർത്തി, ഒരു ടെലസ്കോപ്പിനും എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലെത്തിയിരിക്കുന്നു ഇപ്പോൾ ഔമ്വാമ്വോ! ഇനിയത് ഒരിക്കലും തിരിച്ചു വരികയുമില്ല. അതോ വരുമോ...?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA