sections
MORE

‘600 കോടി വർഷം പഴക്കമുള്ള അന്യഗ്രഹജീവികൾ ഭൂമി സന്ദര്‍ശിച്ചിരിക്കാം’

alien
SHARE

അതിബുദ്ധിയുള്ള അന്യഗ്രഹജീവികള്‍ ഇതിനകം തന്നെ ഭൂമി സന്ദര്‍ശിച്ചിരിക്കാം. അവയെ തിരിച്ചറിയാന്‍ മാത്രമുള്ള സാങ്കേതിക വിദ്യ നമുക്കുണ്ടാവണമെന്നില്ല... ഏതോ സയന്‍സ് ഫിക്‌ഷന്‍ സിനിമയിലെ ആശയത്തോട് കിടപിടിക്കുന്ന ഈ വാക്കുകളുടെ ഉടമ നാസയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ സില്‍വാനോ കൊളബാനോയാണ്. അന്യഗ്രഹജീവികളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന നാസ ശാസ്ത്രജ്ഞന്റെ വാക്കുകള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.

നാസ കഴിഞ്ഞ മാര്‍ച്ചിലാണ് ഈ സില്‍വാനോ കൊളബാനോയുടെ നിരീക്ഷണങ്ങള്‍ ടെക്‌നിക്കല്‍ റിപ്പോര്‍ട്ട്‌സ് സെര്‍വറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 21 പേജ് മാത്രം വലുപ്പമുള്ള കൊളബാനോയുടെ നിരീക്ഷണങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും ലഭ്യമാണ്. ഇതിനര്‍ഥം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്നല്ല. തീരുമാനത്തിലെത്തുന്നതിനേക്കാള്‍ അന്യഗ്രഹജീവനുകളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനത്തിന് നിര്‍ദ്ദേശിക്കുകയാണ് കൊളബാനോ ചെയ്യുന്നത്.

അന്യഗ്രഹജീവികളെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ ചിന്തകള്‍ വളരെ ഇടുങ്ങിയതാണെന്നാണ് കൊളബാനോയുടെ പ്രധാന വിമര്‍ശനം. നമ്മള്‍ കണ്ടെത്തുന്ന അന്യഗ്രഹജീവികൾ ‍(ചിലപ്പോള്‍ ഇപ്പോള്‍ തന്നെ നമ്മെ കണ്ടെത്തിക്കഴിഞ്ഞിരിക്കാവുന്ന) കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ജീവനുകള്‍ തന്നെയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കെപ്ലര്‍ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളില്‍ പ്രപഞ്ചത്തില്‍ 11.2 ബില്യണ്‍ വര്‍ഷം പഴക്കമുള്ള സൗരയൂഥങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നമ്മുടെ സൗരയൂഥത്തിന്റെ പഴക്കം 4.6 ബില്യണ്‍ വര്‍ഷം മാത്രമാണ്. അതായത് പ്രപഞ്ചത്തിന്റെ പല കോണുകളിലും നമ്മളേക്കാള്‍ ആറ് ബില്യണ്‍ വര്‍ഷം കൂടുതല്‍ പഴക്കമുള്ള ജീവനുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നമ്മളേക്കാള്‍ ആറ് ബില്യണ്‍ വര്‍ഷം മുന്നിലുള്ള ജീവനുകളുടെ സാങ്കേതികവിദ്യയും രീതികളും നമുക്ക് ഊഹിക്കാന്‍ പോലുമാകില്ല. നിലവിലെ ശാസ്ത്ര പുരോഗതിയുടെ തോത് വെച്ച് ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയിലെ സാങ്കേതിക വിദ്യ പോലും സ്വപ്‌നം കാണാന്‍ പോലുമാകില്ല. സ്വാഭാവികമായും 600 കോടി വര്‍ഷത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ എന്നതാണ് കൊളബാനോ മുന്നോട്ടുവെക്കുന്ന ആശയം. 

അത്തരത്തിലുള്ള ജീവനുകളും ജീവികളുമുണ്ടെങ്കില്‍ അവക്ക് പ്രപഞ്ചത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് യാത്ര ചെയ്യാനും മാര്‍ഗ്ഗങ്ങളുണ്ടാകും. ഒരുപക്ഷേ അവ ഭൂമിയിലും എത്തിപ്പെട്ടിരിക്കാം. അവയെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തിടത്തോളം അന്യഗ്രഹജീവികള്‍ നമുക്കിടയിലുണ്ടെങ്കില്‍ പോലും മനുഷ്യന് അജ്ഞാതരായിരിക്കുമെന്നാണ് നാസ ശാസ്ത്രജ്ഞന്റെ വാദം. 

പറക്കുംതളികകള്‍ പോലുള്ളവയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഭൂരിഭാഗവും അതിശയോക്തി കലര്‍ന്നതും യാഥാര്‍ഥ്യത്തിനു നിരക്കാത്തതുമാണെന്ന് കൊളബാനോ സമ്മതിക്കുന്നുണ്ട്. അതേസമയം, നാസയുടെ സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാടെറസ്ട്രിയല്‍ ഇന്റലിജന്‍സ് (SETI) പദ്ധതി കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നാണ് കൊളബാനോയുടെ നിര്‍ദേശം. പല പ്രപഞ്ചശാസ്ത്രജ്ഞരും ഗവേഷകരുമെല്ലാം പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവന്‍ മാത്രമേയുള്ളൂവെന്ന് വാദിക്കുന്നുണ്ട്. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലുള്ളവര്‍ അന്യഗ്രഹ ജീവന്‍ എന്ന ആശയത്തെ തള്ളിക്കളയുന്നില്ല. 

വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അഭിപ്രായത്തില്‍ നമ്മള്‍ അന്യഗ്രഹജീവനുകളെ തേടി പോകാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും ദുരൂഹമായ സിഗ്നലുകള്‍ തിരിച്ചറിഞ്ഞാല്‍ തന്നെ അവക്ക് മറു സിഗ്നല്‍ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും ഹോക്കിങ് പറയുന്നു. കാരണം നിലവിലെ സാങ്കേതിക വിദ്യയുടെ പുരോഗതി അനുസരിച്ച് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ നമ്മെ കോളനിയാക്കി മാറ്റാനുള്ള സാധ്യത ഏറെയാണെന്ന് ഹോക്കിങ് കരുതിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA