sections
MORE

‘തലച്ചോറിൽ മുറിവ്’: ക്യൂബയിലേത് 'നിഗൂഢ' ആക്രമണം, റിപ്പോർട്ട് പുറത്ത്

microwave_weapon
SHARE

അമേരിക്കന്‍ നയന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെ ക്യൂബയില്‍ സോണിക് ആക്രമണം നടന്നുവെന്ന വാര്‍ത്തകളെ ആള്‍ക്കൂട്ട മതിഭ്രമമെന്ന പേരില്‍ തള്ളിക്കളയാനാവില്ലെന്ന് ഗവേഷകര്‍. തുടര്‍ച്ചയായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹവാനയിലെ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരില്‍ പകുതിയിലേറെ പേരെയും 2016ലാണ് അമേരിക്ക തിരിച്ചുവിളിച്ചത്. വിചിത്രമായ ഒരു ശബ്ദം കേട്ടതിന് ശേഷമായിരുന്നു കുഴപ്പങ്ങള്‍ തുടങ്ങിയതെന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി. 

തലകറക്കവും ബാലന്‍സ് കുഴപ്പങ്ങളും തലവേദനയും തലക്ക് മന്ദതയുമെല്ലാം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 140 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് അമേരിക്ക തിരിച്ചുവിളിച്ചത്. ഇതിനു പിന്നാലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള സോണിക് ആക്രമണം നടന്നുവെന്ന പ്രചരണവും ശക്തമായി. അതേസമയം, ഇതെല്ലാം തോന്നലും ഭീതിയും ചേര്‍ന്നുണ്ടാക്കിയ മതിഭ്രമമാണെന്ന വാദവും ഉയര്‍ന്നു. 

ഇപ്പോഴിതാ മിയാമി സര്‍വകലാശാലയിലെ ഗവേഷകര്‍ അന്ന് അമേരിക്കയിലേക്ക് തിരിച്ചെത്തിയ 25 നയന്ത്ര ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. ഇവരില്‍ എല്ലാവര്‍ക്കും ചെവിയിലെ ബാലന്‍സിനാണ് കുഴപ്പം അനുഭവപ്പെട്ടത്. ഓര്‍മശക്തിക്കും കാര്യമായ തകരാറ് സംഭവിച്ചു. കുഴപ്പമുണ്ടായെന്ന് ഉറപ്പിക്കാമെങ്കിലും എങ്ങനെ സംഭവിച്ചുവെന്ന് പറയാനാകില്ലെന്നാണ് മുഖ്യ ഗവേഷകന്‍ കാര്‍ലെ ബാലബാന്‍ വ്യക്തമാക്കുന്നത്. 

അതേസമയം, ഈ പഠനത്തിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം അന്ന് വിചിത്ര ശബ്ദം കേള്‍ക്കുകയും എന്നാല്‍ കുഴപ്പമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്ത പത്തോളം പേരെ എന്തുകൊണ്ട് പഠനവിധേയമാക്കിയില്ലെന്നാണ്. മാത്രമല്ല ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഗവേഷക സംഘാംഗമായ മൈക്കല്‍ ഹോഫര്‍ എഡിറ്ററായുള്ള ജേണലിലാണെന്നും ആരോപണമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA