sections
MORE

‘മരിച്ചവർ’ തിരിച്ചുവന്നിട്ടുണ്ട്, മരണത്തിന്റെ തൊട്ടുമുൻപ് കാണുന്നത് വിചിത്ര കാഴ്ചകൾ

Representational image
SHARE

മരണശേഷം എന്ത് സംഭവിക്കും? ചിന്തിച്ചു തുടങ്ങിയ കാലം മുതല്‍ മനുഷ്യന്റെ മുന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണത്. ശാസ്ത്രത്തിന് ഇപ്പോഴും അതിനൊരു വ്യക്തമായ ഉത്തരമില്ല. എന്നാല്‍ മരണത്തിന്റെ തൊട്ടടുത്തെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ വിചിത്ര അനുഭവങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. 

ഹൃദയാഘാതം സംഭവിച്ചവരിലും തലച്ചോറിന് ക്ഷതമേറ്റവരിലുമൊക്കെയാണ് മരണത്തിന് തൊട്ടുമുൻപുള്ള വിചിത്രാനുഭവങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ധ്യാനത്തിനിടെ പോലും സമാനമായ അനുഭവങ്ങളുണ്ടായവരുണ്ട്. ഇത്തരത്തില്‍ മരണത്തിന് തൊട്ടടുത്തെത്തി തിരിച്ചുവന്ന മൂന്നിലൊരാള്‍ക്കുവീതം വിചിത്രമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. 

ഇതില്‍ പലതും സമാനവുമാണ്. ശരീരം വിട്ട് ജീവന്‍ പോകുന്നതുപോലെ തോന്നിയെന്ന് പറഞ്ഞവര്‍ നിരവധിയാണ്. അതുപോലെ ഇരുണ്ട വലിയ തുരങ്കത്തിലൂടെ വേഗത്തില്‍ പോവുകയും ദൂരെ ശക്തമായ വെളിച്ചം കാണുകയും ചെയ്തുവെന്ന് പറഞ്ഞവരുമുണ്ട്. മനുഷ്യര്‍ വളര്‍ന്ന സംസ്‌ക്കാരവും പ്രായവും പോലും ഇത്തരം അനുഭവങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. 

ഉദാഹരണത്തിന് ഇന്ത്യയില്‍ ഇത്തരം മരണം തൊട്ടുവന്നവരില്‍ പലരും കാലനെ കണ്ടുവെന്നാണ് പറയുന്നത്. അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ പലപ്പോഴും അത് അവരുടെ ദൈവത്തെയായിരിക്കും. കുട്ടികളാണെങ്കില്‍ പലപ്പോഴും അധ്യാപകരും മാതാപിതാക്കളും കൂട്ടുകാരുമൊക്കെ വെളിച്ചത്തില്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. ഇത്തരത്തില്‍ മരണത്തിനോട് അടുത്തെത്തുമ്പോഴുണ്ടാകുന്ന തോന്നലുകള്‍ മിക്കവാറും പോസിറ്റീവാണെന്നതാണ് ഗവേഷകര്‍ കണ്ടെത്തിയ മറ്റൊരു കാര്യം. 

ന്യൂറോസയന്റിസ്റ്റായ ഒലാഫ് ബ്ലാങ്കെയുടേയും സെബാസ്റ്റ്യന്‍ ഡീഗോസിന്റേയും അഭിപ്രായത്തില്‍ ഇത്തരം അനുഭവങ്ങള്‍ തലച്ചോറിലെ രണ്ട് ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്‍കാല ഓര്‍മകളും അനുഭവങ്ങളും പറക്കുന്നതു പോലുള്ള തോന്നലുമെല്ലാം ഉണ്ടായാല്‍ അത് തലച്ചോറിലെ ഇടതുഭാഗത്തെ പ്രവര്‍ത്തനഫലമാണ്. ഇനി തലച്ചോറിലെ വലതുഭാഗമാണ് അനുഭവങ്ങള്‍ക്ക് പിന്നിലെങ്കില്‍ ആത്മാക്കളുമായി സംസാരിക്കുക, ശബ്ദങ്ങളോ സംഗീതമോ കേള്‍ക്കുക തുടങ്ങിയവയൊക്കെയാകും സംഭവിക്കുക. 

അപ്പോഴും അത്യന്തം വിചിത്രവും വ്യത്യസ്ഥവുമായ മരണപൂര്‍വ്വ അനുഭവങ്ങള്‍ക്ക് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാള്‍സാഗന്‍ കുഴലിലൂടെ പോകുന്നതുപോലുള്ള അനുഭവത്തെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ അത് ജനനത്തെക്കുറിച്ചുള്ള മറഞ്ഞുകിടക്കുന്ന ഓര്‍മയാണ്. 

മരണത്തോട് അടുത്തെത്തുമ്പോള്‍ വിവിധ തരം ഹോര്‍മോണുകള്‍ ശരീരം പുറപ്പെടുവിക്കും. ഈ ഹോര്‍മോണുകളും തലച്ചോറും ചേര്‍ന്നാണ് ഇത്തരം വിചിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്നതെന്നാണ് മറ്റൊരു വിശദീകരണം. മനുഷ്യന്റെ മരണശേഷം മിനിറ്റുകളോളം ശരീരം ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം അവശേഷിക്കുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതായത് ഡോക്ടര്‍മാര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലപ്പോഴും മരിക്കുന്നയാള്‍ അറിഞ്ഞേക്കാം. മരണം പ്രഖ്യാപിച്ച് അവസാന ജീവന്റെ കണികയും അവസാനിക്കുന്നതിന് മുൻപ് അഞ്ച് മിനിറ്റ് വരെയുള്ള സമയത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും സജീവമാണ്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് സാധാരണയായി ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ മരണം സ്ഥിരീകരിക്കുന്നത്. രക്തയോട്ടം നിലയ്ക്കുന്നതോടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം അവസാനിക്കുന്നു. ഊര്‍ജ്ജം ലഭിക്കാത്ത ഈ അവസ്ഥയിലും ഏകദേശം അഞ്ച് മിനിറ്റോളം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജശേഖരം തലച്ചോറിലുണ്ടാകും. തലച്ചോറിലെ ഊര്‍ജ്ജ കണങ്ങളുടെ അവസാനത്തെ വേലിയിറക്കം എപ്പോഴാണ് സംഭവിക്കുകയെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായി പറയാനാകില്ല. ഇത്തരത്തില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന സമയത്താണ് വിചിത്രമായ അനുഭവങ്ങളുണ്ടാകുന്നതെന്നാണ് കരുതപ്പെടുന്നത്. മരണാനന്തര ജീവിതം ഉണ്ടെങ്കിലും ഇല്ലെങ്കിലും മരണത്തിന് തൊട്ടുമുൻപുള്ള ഇത്തരം അനുഭവങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA