sections
MORE

സ്ത്രീയുടെ ശരീരം 27,000 കഷ്ണങ്ങളാക്കി, ഡിജിറ്റൽ ബോഡിയായി ഫ്രിഡ്ജിൽ സൂക്ഷിച്ചു!

dead-body
SHARE

ഡിജിറ്റൽ മൃതദേഹമെന്നത് ലോകം അത്ര കേൾക്കാത്ത കാര്യമാണ്. ഇതിനു സ്വയം സന്നദ്ധത അറിയിക്കുകയും ഇതേതുടർന്നു മൃതദേഹം ചെറുകഷ്ണങ്ങളായി മുറിച്ചു മൂന്നു വര്‍ഷം സൂക്ഷിക്കപ്പെടുകയും ചെയ്ത ഒരു വനിതയുടെ ജീവിതമാണ് ഇപ്പോൾ സംസാര വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് 2015ല്‍ മരണമടഞ്ഞ സ്യൂ പോട്ടറാണ് ആദ്യ ഡിജിറ്റൽ മൃതദേഹമായി മാറാൻ സ്വന്തം ശരീരം വിട്ടുകൊടുത്തത്. കൊളറാഡോ അഞ്ചട്ട്സ് മെഡിക്കൽ ക്യാംപസിലെ വിദ്യാർഥികൾക്കാണ് സ്യൂ തന്‍റെ മൃതദേഹം വിട്ടുകൊടുത്തത്. 2000ത്തിലാണ് തന്‍റെ മൃതദേഹം വിട്ടുകൊടുക്കാനുള്ള സന്നദ്ധത സ്യൂ അറിയിക്കുന്നത്. ഒരു വർഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്നായിരുന്നു അന്നവർ കരുതിയിരുന്നത്. എന്നാൽ നീണ്ട 15 വർഷം കൂടി ആ ജീവിതം നീണ്ടു നിന്നു.

ഈ പതിനഞ്ചു വർഷങ്ങളിൽ മെഡിക്കൽ ക്യാംപസിലെ നിത്യ സന്ദർശകയായിരുന്നു അവർ. തന്‍റെ ജീവിതരീതി, ചിന്തകൾ, രോഗങ്ങൾ, വേദനകൾ തുടങ്ങി വിദ്യാർഥികൾ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അവർക്കു സ്യൂ പകർന്നു നൽകി. ഭാവിയിൽ തങ്ങൾ പഠന വിഷയമാക്കുന്ന സ്ത്രീയെക്കുറിച്ചു എല്ലാ വിവരങ്ങളും വരുംതലമുറയിലെ വിദ്യാർഥികൾക്കും ലഭ്യമാകുമെന്നു ഉറപ്പാക്കുകകയായിരുന്നു ഈ പ്രവൃത്തിക്കു പിന്നിലെ പ്രേരണ. തന്നെ ചെറു കഷ്ണങ്ങളാക്കി മുറിക്കാൻ ഉപയോഗിക്കുന്ന വാൾ, മൃതദേഹം സൂക്ഷിക്കാൻ പോകുന്ന ഫ്രിഡ്ജ്, സംരക്ഷണത്തിനായി ദേഹത്തു ഒഴിക്കാൻ പോകുന്ന പോളിവിനൈൽ ആൾക്കഹോൾ എന്നിവ കാണണമെന്ന് അവർ അഭ്യര്‍ഥിച്ചിരുന്നതായി വിദ്യാർഥികൾ ഓർക്കുന്നു.

ശാസ്ത്രീയ സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ വേണം തന്‍റെ മൃതദേഹം കീറിമുറിക്കാനെന്ന ആവശ്യവും സ്യൂ മുന്നോട്ടുവച്ചിരുന്നു. ഡിജിറ്റൽ മൃതദേഹമാക്കാനുള്ള പ്രക്രിയ പൂർണമായതോടെയാണ് 15 വർഷം നീണ്ടു നിന്ന ഇതിലേക്കുള്ള യാത്ര നാഷണൽ ജിയോഗ്രാഫിക് ചാനൽ പുറത്തുവിട്ടത്.

ഡിജിറ്റൽ മൃതദേഹമായി സ്വന്തം ശരീരം വിട്ടുകൊടുക്കാനുള്ള സന്നദ്ധത സ്യൂ വ്യക്തമാക്കിയിട്ടും ഡോക്ടർമാർ ആദ്യ ഘട്ടത്തിൽ ഇതിനോടു യോജിച്ചിരുന്നില്ല. അർബുദം, പ്രമേഹം, നിരവധി ശസ്ത്രക്രിയകൾ തുടങ്ങി അസുഖങ്ങളുടെ ഒരു കലവറയായിരുന്നു സ്യൂ എന്നതായിരുന്നു ഇതിനു കാരണം. എന്നാൽ അവരുടെ മനക്കരുത്തിനു മുന്നിൽ കീഴടങ്ങിയ ഡോക്ടർമാർ ഒടുവിൽ ആ ആവശ്യത്തിനു വഴങ്ങി, തുടർന്നുള്ള ജീവിതത്തിന്‍റെ ഓരോ നിമിഷവും രേഖപ്പെടുത്താൻ സഹകരിക്കണമെന്ന നിബന്ധനയോടെ.

കൊളറാഡോയിലെ ഡിജിറ്റൽ മൃതദേഹ സംബന്ധമായ പരീക്ഷണങ്ങളെക്കുറിച്ചു ഒരു ലേഖനത്തിൽ വായിച്ചതാണ് സ്യൂവിനെ ചരിത്രപരമായ തീരുമാനത്തിലേക്കു നയിച്ചത്. മരണമടഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങൾ ഭാവി പഠനത്തിനായി ഡിജിറ്റലാക്കുന്ന പ്രക്രിയ അന്നു നടന്നുവരുന്നുണ്ടായിരുന്നെങ്കിലും ജീവിച്ചിരിക്കെ തന്നെ ഈ ഉദ്യമത്തിനു സമ്മതം അറിയിക്കുന്ന ആദ്യ വ്യക്തിയായി മാറുകയായിരുന്നു സ്യൂ. അറുപതു ദിവസങ്ങളെടുത്താണ് സ്യൂവിന്‍റെ ശരീരം ചെറിയ കഷ്ണങ്ങളാക്കുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്നു ഇതിനു നേതൃത്വം നൽകിയ ഡോ സ്പിറ്റ്സർ ഓർക്കുന്നു.

ജർമനിയിൽ ജനിച്ച സ്യൂവിനെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ യുഎസിലേക്കു ചേക്കേറിയിരുന്നു, ഇതിനാല്‍ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലായിരുന്നു സ്യൂ വളർന്നത്. തന്‍റെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മാതാപിതാക്കളോടുള്ള ദേഷ്യം മനസിൽ സൂക്ഷിച്ച സ്യൂ വളർന്നപ്പോൾ യുഎസിലെത്തി. വിവാഹിതയാകുകയും രണ്ടു കുട്ടികളുടെ അമ്മയാകുകയും ചെയ്തു. എന്നാൽ 2000ത്തിൽ ഡിജിറ്റൽ മൃതദേഹമാകാനുള്ള സന്നദ്ധത അറിയിക്കുമ്പോൾ സ്യൂ ഏകയായിരുന്നു.

മൃതദേഹം ചെറുതായി തിരിക്കുന്ന ജോലി ഇന്നേറെ അനായാസമായതായി ഡോ സ്പിസ്റ്റർ പറയുന്നു. അറുപതു ദിവസത്തെ ഈ പ്രവൃത്തിക്കു ശേഷമാണ് യഥാർഥ വെല്ലുവിളി കാത്തിരുന്നത്. പേശികൾ, അവയവങ്ങൾ, രക്തധമിനികൾ എന്നിവ കൃത്യമായി ഡിജിറ്റൽ സ്ലൈഡുകളിൽ രേഖപ്പെടുത്തുക ഏറെ സമയമെടുക്കുന്ന ജോലിയാണ്. എല്ല്, കോശം, നാഡി എന്നിവ കൃത്യമായി വിവരിച്ചു വേണം ഓരോ സ്ലൈഡും തയാറാക്കാൻ. വർഷങ്ങൾ നീണ്ട ഈ ജോലി അവസാനിച്ചതോടെയാണ് ഈ വലിയ അധ്വാനത്തിനു പിന്നിലെ കഥയും സ്യൂവും വാർത്തകളിലെ താരമായി മാറിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA