sections
MORE

ചെമ്പിൽ നിന്നു വേണ്ടുവോളം ‘സ്വര്‍ണം’; അദ്ഭുത കണ്ടെത്തലുമായി ചൈനീസ് ഗവേഷകർ

gold
SHARE

വിലകുറഞ്ഞ ചെമ്പ് സ്വര്‍ണത്തിനോട് സാമ്യമുള്ള ലോഹമാക്കി മാറ്റുന്നതില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വിജയിച്ചെന്ന് റിപ്പോര്‍ട്ട്. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാക്ടറികളിലും മറ്റും സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കാനും പകരക്കാരനാകാനും പുതിയ ലോഹത്തിന് സാധിക്കുമെന്നാണ് സൂചന. 

ലിയോണിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫസർ സണ്‍ ജിയാനും സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍. പ്രാചീന കാലം മുതലേ മറ്റു ലോഹങ്ങളെ സ്വര്‍ണമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പലനിലയില്‍ നടന്നിരുന്നു. പുഴുവില്‍ നിന്നും പൂമ്പാറ്റയുണ്ടാകുന്നതു പോലെ ഈയത്തില്‍ നിന്നും ഇരുമ്പില്‍ നിന്നുമെല്ലാം സ്വര്‍ണമുണ്ടാകുമെന്ന് വിശ്വസിച്ച് പരീക്ഷണങ്ങള്‍ നടത്തിയവര്‍ നിരവധിയായിരുന്നു. ആല്‍ക്കെമി എന്ന പേരിലൊരു ശാസ്ത്ര ശാഖ വരെ ഉണ്ടായി. പത്തൊൻപതാം നൂറ്റാണ്ടുവരെ ശാസ്ത്രരംഗത്ത് മനുഷ്യര്‍ നടത്തിയ പ്രധാന മൂലധന നിക്ഷേപം സ്വര്‍ണം തേടിയുള്ള ആല്‍ക്കെമിസ്റ്റുകള്‍ക്കു വേണ്ടിയായിരുന്നു. 

നൂറ്റാണ്ടുകള്‍ നീണ്ട ഈ പരീക്ഷണങ്ങള്‍ ഒടുവില്‍ വിജയിച്ചിരിക്കുകയാണെന്നാണ് ചൈനീസ് ഗവേഷക സംഘത്തിന്റെ അവകാശവാദം. ചെമ്പിലേക്ക് ചുട്ടുപഴുത്ത ആര്‍ഗോണ്‍ വാതകം അടിച്ചാണ് ഇവര്‍ സ്വര്‍ണ്ണമാക്കി മാറ്റിയതെന്ന് പറയുന്നു. അതിവേഗത്തില്‍ ചലിക്കുന്ന അയണീകരിച്ച കണങ്ങള്‍ ചെമ്പ് പരമാണുക്കളെ പൊട്ടിത്തെറിപ്പിക്കുന്നു. പിന്നീട് തണുപ്പിക്കുമ്പോള്‍ ചെമ്പ് സ്വര്‍ണ്ണത്തിന്റെ സ്വഭാവം കാണിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. 

കാഴ്ചയിലും ഭാരത്തിലും സമാനതയുള്ള ചെമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റാന്‍ നേരത്തെയും പലവിധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. പണം നേടാനുള്ള എളുപ്പവഴിയായാണ് ഇതിനെ പലരും കണ്ടിരുന്നത്. എന്നാല്‍ പുതിയ ചെമ്പില്‍ നിന്നുള്ള ലോഹം ഉപയോഗിച്ച് സ്വര്‍ണ നാണയങ്ങള്‍ പോലുള്ള നിര്‍മിക്കാനാകില്ല. കാരണം ഈ ലോഹത്തിന്റെ സാന്ദ്രത ചെമ്പിന്റേതാണെന്നതാണ് കാരണം. 

എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ പകരക്കാരനായി മാറാന്‍ ഈ പുതിയ ലോഹത്തിനാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴും ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന സ്ഥാനം സ്വര്‍ണമെന്ന ലോഹത്തിനുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വര്‍ണവും വെള്ളിയും പ്ലാറ്റിനവും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു ടണ്‍ സ്വര്‍ണ അയിരില്‍ നിന്നും വേര്‍തിരിക്കുന്ന സ്വര്‍ണം ഏകദേശം 40 സ്മാര്‍ട് ഫോണുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. 

വ്യാവസായിക ആവശ്യങ്ങളില്‍ സ്വര്‍ണത്തിന്റെ പകരക്കാരനാകാന്‍ ചെമ്പിനാകില്ല. ഇലക്ട്രോണുകളുടെ എണ്ണക്കുറവും ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന നെഗറ്റീവ് ചാർജുള്ള കണങ്ങളുമാണ് ചെമ്പിന്റെ ന്യൂനതയായി കണക്കാക്കുന്നത്. ഇത് ഈ ലോഹത്തെ മറ്റു രാസപദാര്‍ഥങ്ങളുമായി എളുപ്പത്തില്‍ കൂടിച്ചേരുന്ന ഒന്നാക്കി മാറ്റുന്നു. എന്നാല്‍ ചൈനീസ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്ത പുത്തന്‍ ലോഹം ചെമ്പിന്റെ ഈ കുറവ് പരിഹരിക്കുന്നതാണ്. ഉയര്‍ന്ന താപനിലയേയും ദ്രവിക്കുന്നതിനെയും ഓക്‌സിഡേഷനേയും പ്രതിരോധിക്കാന്‍ ഈ ചെമ്പ് സ്വര്‍ണത്തിനാകും. ഇതോടെ വ്യാവസായിക ആവശ്യങ്ങളില്‍ സ്വര്‍ണത്തിന്റെ പകരക്കാരനെ കണ്ടെത്തിയ ആവേശത്തിലാണ് ശാസ്ത്രലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA