sections
MORE

ഇരട്ടക്കുട്ടികളെ ‘ജനിപ്പിച്ച’ ചൈനീസ് ഗവേഷകൻ തൂക്കുമരത്തിലേക്ക്!

Jiankui
SHARE

മനുഷ്യന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കും വിധം ജീൻ എഡിറ്റിങ്ങിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികളെ ‘ജനിപ്പിച്ച’ ചൈനീസ് ഗവേഷകനെ കാത്തിരിക്കുന്നത് തൂക്കുമരം? ഷെൻചെനിയിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനായ ഹി ജിയാൻകൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കൾ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയിൽ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു മാത്രമേ ഈ വകുപ്പുകളിൽ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കൾ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തിൽ ആശങ്ക പലതാണ്. 

ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത കാര്യമാണ് ‘ക്രിസ്പർ കാസ്– 9’ എന്ന ജീൻ എഡിറ്റിങ് വിദ്യയിലൂടെ താൻ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തിൽ വൈദ്യശാസ്ത്രലോകം വന്‍ പ്രതിഷേധവുമായെത്തി. എച്ച്ഐവി രോഗബാധയുണ്ടാകാത്ത വിധം ജനിതക മാറ്റം വരുത്തിയ ഇരട്ടകൾ ജനിച്ചതായാണു ഹി അവകാശപ്പെട്ടത്. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങളുടെ നൈതികതയെക്കുറിച്ച് തർക്കം തുടരുന്നതിനിടെയായിരുന്നു ഈ ചരിത്രനേട്ടം. രോഗമുള്ള കോശങ്ങളിൽ ജീൻ എഡിറ്റിങ് നടത്തുന്ന രീതി വൈദ്യശാസ്ത്രരംഗത്തുണ്ട്. എന്നാൽ ജനിതകമാറ്റങ്ങൾ അടുത്ത തലമുറയിലേക്കു കൂടി പകരും എന്നതിനാൽ ഭ്രൂണത്തിലെ എഡിറ്റിങ് യുഎസ്, ബ്രിട്ടൻ ഉൾപ്പെടെ നിരോധിച്ചിരിക്കുകയാണ.് പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളൊന്നും ഈ ഗവേഷണ വിജയം പ്രസിദ്ധീകരിച്ചതുമില്ല. 

പരീക്ഷണത്തിനു തിരഞ്ഞെടുത്ത 8 ദമ്പതികളിൽ പുരുഷന്മാരെല്ലാം എച്ച്ഐവി ബാധിതരും സ്ത്രീകൾ രോഗബാധ ഇല്ലാത്തവരുമായിരുന്നു. ഇവരുടെ 3–5 ദിവസം പ്രായമായ ഭ്രൂണത്തിൽനിന്ന് ഏതാനും കോശങ്ങൾ പുറത്തെടുത്താണ് ജീൻ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് നടത്തിയ ഭ്രൂണം ഏഴു ദമ്പതികളിൽ പരീക്ഷിച്ചു. ഇതിൽ നിന്ന് ജനിതകമാറ്റം വരുത്തിയ ആദ്യ ഇരട്ടകൾ പിറക്കുകയായിരുന്നു. പരീക്ഷണത്തിനു മുൻപ് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിരുന്നെന്നും ഹി പറഞ്ഞു. CRISPR/cas9 എന്ന നൂതന ജീൻ എഡിറ്റിങ് രീതി ഉപയോഗിച്ച് ഡിഎൻഎയിലെ ജനിതക കോഡുകളിൽ എഡിറ്റിങ് നടത്താം. ജനിതക കോഡുകൾ നീക്കം ചെയ്യുകയും പുതിയ കോഡുകൾ ഉൾക്കൊള്ളിക്കുകയും ചെയ്യാം. ഹി നടത്തിയ പരീക്ഷണത്തിൽ എച്ച്ഐവി വൈറസിനെ അനുവദിക്കുന്ന CCR5 എന്ന ജീനിലാണ് മാറ്റം വരുത്തിയത്. 

മൂന്നാമതൊരു വനിത കൂടി ഇത്തരത്തിൽ ഗർഭിണിയായെന്നു പറഞ്ഞെങ്കിലും കൂടുതൽ ചോദ്യങ്ങളെത്തിയപ്പോൾ ‘അവരുടെ ഗർഭം അലസി’ എന്നായിരുന്നു ഹി മറുപടി നൽകിയത്. കുട്ടികളുടെ വിവരം എന്നാൽ അദ്ദേഹം പുറത്തുവിട്ടില്ല. എച്ച്ഐവി പ്രതിരോധ ശേഷിയുമായി ഇക്കഴിഞ്ഞ ഒക്ടോബളിൽ ലുലു, നാന എന്നീ കുട്ടികളാണു ജനിച്ചതെന്നാണ് സര്‍ക്കാർ നിഗമനം. ജനിതകമാറ്റം തലമുറകളും കടന്നു പോകുന്നതാണ്. ജീൻ എഡിറ്റിങ്ങിന്റെയും അത് അടുത്ത തലമുറകളിലേക്കു പകരുമ്പോഴുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല. അതിനാൽത്തന്നെചൈനയിൽ ഹി പറഞ്ഞ കാലയളവിൽ ജനിച്ച എല്ലാ നവജാതശിശുക്കളെയും അടുത്ത 18 വർഷത്തേക്കു നിരീക്ഷിക്കാനും അധികൃതർ തീരുമാനിച്ചു കഴിഞ്ഞു. അതോടെ ഹോളിവുഡ് സിനിമകളുടെ കഥയെ വെല്ലുംവിധമാണ് യാഥാർഥ്യം ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. 

ഹിയുടെ ഗവേഷണങ്ങൾക്കു വേദിയായ ഷെൻചെൻ ഹാർമണികെയർ മെഡിക്കൽ ഹോൾഡിങ്സിനോട് ജീൻ എഡിറ്റിങ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങളിൽനിന്നു വിട്ടുനിൽക്കാൻ സർക്കാർ തലത്തിൽ നിർദേശമുണ്ട്. ഷെൻചെൻ സിറ്റി അധികൃതരും ഹെൽത്ത് കമ്മിഷനും ശാസ്ത്ര–ആരോഗ്യ വകുപ്പുതലത്തിലും സംഭവം അന്വേഷിക്കുന്നതിനിടെയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയത്. ഡിസംബർ വരെ വീടുവിട്ടു പുറത്തുപോകാനാകില്ല. അതിനിടെ ഇദ്ദേഹത്തിന് ഒട്ടേറെ വധഭീഷണികളും ലഭിച്ചു. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണു വീടിനു കാവൽ ഏർപ്പെടുത്തിയത്. ലോകത്തിൽ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നു ചൈനയാണ്. പലതും അതീവരഹസ്യമായിട്ടാണ്. അതിനാൽത്തന്നെ ഹിയുടെ കാര്യത്തിൽ പ്രതീക്ഷയ്ക്കു നേരിയ സാധ്യതയേ ഉള്ളൂവെന്ന് ആംനസ്റ്റി ഇന്റർനാഷനലിലെ ചൈനീസ് റിസർച്ചർ വില്യം നീ പറയുന്നു. പലപ്പോഴും അഭിഭാഷകനെ നിയോഗിക്കാൻ പോലും അനുവദിക്കില്ല. തെറ്റു ചെയ്തില്ലെങ്കിലും ചെയ്തെന്നു മൊഴി നൽകിപ്പോകും വിധം അതികഠിനമായ പീഡനമുറകളുമുണ്ട്. 

ഹിയാകട്ടെ ബയോളജിസ്റ്റല്ല, മറിച്ച് ഫിസിസിസ്റ്റാണ്. അതിനാൽത്തന്നെ ജീൻ എഡിറ്റിങ് പോലുള്ള ഗവേഷണം നടത്താനുള്ള യോഗ്യതയുമില്ല. ഗവേഷണത്തിനാവശ്യമായ ഏകദേശം നാലു കോടി യൂറോ ഹി തന്നെയാണു ചെലവിട്ടതെന്നാണു കരുതുന്നത്. പിന്നീട് ഗവേഷണത്തിനു വേണ്ടി ഒരു ശാസ്ത്ര സംഘത്തെ നിയോഗിച്ചു. ജനിതക ശാസ്ത്രത്തിന്റെ എല്ലാ നൈതികതയെയും ഭേദിച്ചു കൊണ്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. അതിനാൽത്തന്നെ പുറംലോകത്തിന് ഗവേഷണത്തെപ്പറ്റി അധികം അറിവുമില്ല. ഹിയ്ക്കൊപ്പം ഗവേഷണത്തിൽ പങ്കാളികളായവരും ഭയത്തിലാണ്. അവരിൽ പലരും സർക്കാരിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തു ‘ഭീകരരൂപിയെ’ സൃഷ്ടിച്ച ഫ്രാങ്കൻസ്റ്റീൻ കഥയെ അനുസ്മരിപ്പിക്കും വിധം ‘മിസ്റ്റർ ഫ്രാങ്കൻസ്റ്റീൻ’ എന്നാണ് ഇപ്പോൾ ചൈനയിൽ ഹിയുടെ വിളിപ്പേര്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA