sections
MORE

രണ്ടു തല, നരബലി... അടിമകളുടെ തൊലിയുരിക്കുന്ന മെക്‌സിക്കോ ദൈവം

god-mexico
SHARE

വിചിത്രമായ ആചാരങ്ങളാണ് പുരാതന കാലങ്ങളില്‍ പല സമൂഹങ്ങളിലുമുണ്ടായിരുന്നത്. പൗരാണിക മെക്‌സിക്കോയിലെ ആസ്‌ടെക് രാജവംശത്തിന്റെ ഭരണകാലത്താണ് തൊലിയുരിക്കുന്ന ഒരു ദൈവമുണ്ടായിരുന്നു. അടിമകളുടെ തൊലിയുരിഞ്ഞായിരുന്നു ഈ വിശ്വാസികള്‍ ആരാധന നടത്തിയിരുന്നത്! അത്തരമൊരു തൊലിയുരിക്കുന്ന ദൈവത്തിന്റെ അവശേഷിപ്പുകള്‍ മെക്‌സിക്കോയില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 

ആദ്യമായാണ് ഇത്തരമൊരു വിഗ്രഹം മെക്‌സിക്കോയില്‍ നിന്നും കണ്ടെത്തുന്നത്. മെക്‌സിക്കോയിലെ പ്രാചീന ഗോത്രവിഭാഗക്കാരായിരുന്ന പൊപ്പോലോകളാണ് എഡി 900ത്തോട് അടുപ്പിച്ച് ഈ പ്രദേശത്ത് നിര്‍മാണം നടത്തിയതെന്നാണ് വിശ്വസിക്കുന്നത്. എഡി 1000ത്തിനും 1260നും ഇടയിലായിരുന്നു ഈ ആരാധനാലയം നിര്‍മിച്ചതെന്നും കരുതപ്പെടുന്നു. 

കല്ലുകൊണ്ട് നിര്‍മിച്ച രണ്ടു തലയുടെ രൂപങ്ങളും അധികമായി ഒരു കയ്യുമുള്ള മറ്റൊരു കല്‍ പ്രതിമയുമാണ് പ്രധാനമായും പ്രദേശത്തു നിന്നും കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിമയുടെ ഇടംകയ്യില്‍ മറ്റൊരു കൈ തൂങ്ങിയ നിലയിലാണ്. ബലി നല്‍കുന്നവരുടെ ശരീരഭാഗത്തെ സൂചിപ്പിക്കുന്നതാണ് തൂങ്ങിക്കിടക്കുന്ന ഈ കയ്യെന്നാണ് പുരാവസ്തുഗവേഷകരുടെ നിഗമനം. 

എഡി 1500 കാലത്ത് സ്‌പെയിന്‍ പ്രദേശത്ത് അധിനിവേശം നടത്തുമ്പോഴും പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നരബലി പ്രചാരത്തിലുണ്ടായിരുന്നു. യുദ്ധത്തില്‍ പിടികൂടിയവരോ അടിമകളോ ആയിരിക്കും ഇത്തരത്തില്‍ ബലി നല്‍കാന്‍ വിധിക്കപ്പെടുക. പരസ്പരം യുദ്ധം ചെയ്‌തോ അമ്പെയ്‌തോ ആയിരിക്കും ഇവരെ വധിക്കുക. ഇരകളുടെ തൊലിയുരിക്കുക പലപ്പോഴും വിശ്വാസികളായിരിക്കും. ഈ തൊലി ധരിച്ചായിരിക്കും പലപ്പോഴും പുരോഹിതര്‍ കര്‍മങ്ങള്‍ ചെയ്യുകയെന്നും പറയപ്പെടുന്നു. 

അതേസമയം, ആസ്‌ടെക് കാലഘട്ടത്തിലെ ശില്‍പ്പങ്ങളേയും രൂപങ്ങളേയും അടിസ്ഥാനമാക്കി മാത്രം അവരുടെ ചെയ്തികളെയും ആരാധനാ ക്രമങ്ങളേയും ഊഹിച്ചെടുക്കുന്നത് പലപ്പോഴും തെറ്റാകാമെന്ന വാദവും ഉയരുന്നുണ്ട്. ആസ്‌ടെക് കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടതെന്നാണ് പുരാവസ്തുഗവേഷകയായ ഡോ. ജോയ്‌സ് പറയുന്നത്. പ്രദേശത്ത് കൂടുതല്‍ പര്യവേഷണം നടത്തി പരമാവധി വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും കൂടുതല്‍ നിഗമനങ്ങള്‍ നടത്തേണ്ടതെന്നും ഡോ. ജോയ്‌സ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA