sections
MORE

ഭൂമിക്കടിയിലെ കാന്തിക ധ്രുവം മാറുന്നു; ഭീതിയോടെ ഗവേഷകർ, എല്ലാം ദുരൂഹം

earthsmagnet
SHARE

വടക്കുനോക്കി യന്ത്രത്തിനു വട്ടുപിടിച്ചാലെങ്ങനെയുണ്ടാകും? സകലതും താളം തെറ്റുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ! കപ്പലുകള്‍ക്കും വിമാനങ്ങൾക്കും എന്തിനേറെ അന്തർവാഹിനികൾക്കു വരെ ‘വഴി’ കാണിച്ചു കൊടുക്കുന്നത് വടക്കുനോക്കിയന്ത്രത്തിലെ സൂചിയാണ്. ഭൂമിയിലെ കാന്തിക ധ്രുവങ്ങൾക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഈ കാന്തിക ധ്രുവങ്ങളുടെ ‘വേൾഡ് മാഗ്നറ്റിക് മോഡൽ’ ഗവേഷകർ ഓരോ അഞ്ചു വർഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യാറുമുണ്ട്. 2015ലായിരുന്നു ഏറ്റവും ഒടുവിൽ അപ്ഡേറ്റ് ചെയ്തത്. അടുത്തത് 2020ലാണ്. പക്ഷേ അതിനും മുൻപേ തന്നെ ഗവേഷകർ മാപ്പിങ് ആരംഭിച്ചുകഴിഞ്ഞു. അതിനു കാരണമായതാകട്ടെ ഭൂമിക്കടിയിലെ ചില അസാധാരണ സംഭവങ്ങളും. 

ഉത്തര കാന്തിക ധ്രുവത്തിലുണ്ടാകുന്ന ദുരൂഹമായ സ്ഥാനചലനമാണു ഗവേഷകരുടെ ഉറക്കം കെടുത്തുന്നത്. ഉത്തരകാന്തിക ധ്രുവത്തിനു നേരെയാണ് വടക്കുനോക്കിയന്ത്രത്തിന്റെ സൂചി തിരിഞ്ഞു നിൽക്കുക. ധ്രുവങ്ങൾക്ക് ഓരോ വർഷവും കിലോമീറ്ററുകളോളം സ്ഥാനചലനം സംഭവിക്കുക. പതിവാണ്. എന്നാൽ അടുത്ത കാലത്താണ് ഉത്തരധ്രുവത്തിന്റെ ‘ഭ്രാന്തൻ’ ചലനം ശ്രദ്ധയിൽപ്പെട്ടത്. കാനഡയിൽ നിന്ന് ഉത്തര കാന്തിക ധ്രുവം സൈബീരിയയുടെ ഭാഗത്തേക്കാണു നീങ്ങുന്നത്. അതും അസാധാരണമായ വേഗത്തിൽ. വർഷത്തിൽ 50 കിലോമീറ്റർ ദൂരം എന്ന കണക്കിനാണ് സഞ്ചാരം. 

1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു. 2020ലാണ് വേൾഡ് മാഗ്നറ്റിക് മോഡൽ ഇനി അപ്ഡേറ്റ് ചെയ്യേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു നേരത്തേയാക്കണമെന്ന് യുഎസ് സൈന്യമാണ് ആവശ്യപ്പെട്ടതെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ (ബിജിഎസ്) വ്യക്തമാക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബിജിഎസും യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനും ചേർന്നാണ് മോഡൽ തയാറാക്കുന്നത്. 

കാന്തിക ധ്രുവത്തിന്റെ സ്ഥാനചലനം ആർട്ടിക്കിൽ കപ്പലുകളുടെ സഞ്ചാരത്തെ ബാധിച്ചു തുടങ്ങിയതായാണു വിവരം. കാന‍ഡയ്ക്കു വടക്ക് ആർടിക് സമുദ്രത്തിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷം. നാറ്റോ സഖ്യശക്തികളുടെയും യുഎസിന്റെയും ബ്രിട്ടന്റെയും സൈന്യവും നിലവിൽ‌ വേൾഡ് മാഗ്നറ്റിക് മോഡൽ ഉപയോഗിച്ചാണു നാവിഗേഷൻ. ഇതുകൂടാതെ യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ഭൂമിക്കടിയിൽ ഉരുകിയ അവസ്ഥയിലുള്ള ഇരുമ്പിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് ഉത്തര കാന്തികധ്രുവത്തിലെ മാറ്റത്തിനും കാരണമാകുന്നത്. എന്നാൽ ഇരുമ്പിന്റെ സ്ഥാനം മാറ്റുന്ന ‘ശക്തി’ ഏതാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2016ൽ തെക്കേ അമേരിക്കയിൽ ഭൂമിക്കു താഴെ ഒരു പ്രത്യേകതരം ‘ജിയോമാഗ്നറ്റിക് പൾസിന്റെ’ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതാണോ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും പരിശോധിക്കുന്നുണ്ട്. 

2019 ജനുവരി 15ന് മോഡൽ അപ്ഡേറ്റ് പുറത്തിറക്കാനായിരുന്നു നീക്കം. എന്നാൽ യുഎസിലെ ഭരണപ്രതിസന്ധി കാരണം അത് ജനുവരി 30ലേക്കു നീട്ടിയിരിക്കുകയാണ്. ആർട്ടിക്കിനു പുറത്തുള്ളവരെ നിലവിൽ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. കാറുകളിലെയും ഫോണുകളിലെയുമെല്ലാം നാവിഗേഷൻ സംവിധാനം കൃത്രിമോപഗ്രഹങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാലാണ് ഇത്. എന്നാൽ ഭൂമിയിലെ കാന്തിക മണ്ഡലങ്ങൾക്കു അതിഭീകരമായ മാറ്റം സംഭവിച്ചാൽ വൻ പ്രശ്നങ്ങളാണുണ്ടാവുക. ‘ജിയോമാഗ്നറ്റിക് റിവേഴ്സൽ’ എന്ന പ്രതിഭാസത്തിലൂടെ ഭൂമി പലപ്പോഴും കടന്നുപോയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

magnetic_field_reversal_0

7.81 ലക്ഷം വർഷം മുൻപാണ് ഇത് അവസാനമായി സംഭവിച്ചത്. എന്നാൽ ഇക്കഴിഞ്ഞ 20 ദശലക്ഷം വർഷത്തിനിടെ ഓരോ 20,000-30,000 വർഷം കഴിയുമ്പോഴും ‘ജിയോമാഗ്നറ്റിക് റിവേഴ്സല്‍’ സംഭവിക്കുന്നുണ്ടെന്നാണു ഗവേഷകർ പറയുന്നത്. ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നതിനാലാണു ഗവേഷകർ ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കാതിരുന്നത്. എന്നാൽ ഇപ്പോൾ ഈ സാഹചര്യത്തെയും വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA