sections
MORE

2 ഘട്ടമായി ഭൂമിയിൽ തിരിച്ചിറക്കും, അദ്ഭുതം കാത്ത് ഇന്ത്യ, ഒപ്പം ലോകവും

isro-rocket
SHARE

അതൊരു ചരിത്ര നിമിഷമായിരിക്കും. 2019 വർഷം മുഴുവന്‍ ലോകശ്രദ്ധ ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കാൻ പോകുന്നത്. ലോകം ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ദൗത്യങ്ങളാണ് ഇന്ത്യയുടെ ബഹിരാകാശ ഏജൻസി ഐഎസ്‍ആർഒ നടത്താൻ പോകുന്നത്. മുൻനിര ബഹിരാകാശ ഏജൻസികൾ പോലും കോടികൾ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതി ഐഎസ്ആർഒ കുറഞ്ഞ ചെലവിലാണ് പരീക്ഷിക്കാൻ പോകുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന, അതും രണ്ടു ഘട്ടമായി തിരിച്ചിറക്കാവുന്ന റോക്കറ്റ് പരീക്ഷണം ഇത് ആദ്യമായാണ് ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത്.

ശതകോടീശ്വരനും ടെക്‌നോളജി പ്രേമിയുമായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പെയ്‌സ്എക്‌സ് (SpaceX) വീണ്ടും ഉപയോഗിക്കാവുന്ന (reusable) റോക്കറ്റുകള്‍ വിജയകരമായി പരീക്ഷിച്ച് കയ്യടി നേടിയതാണ്. എന്നാലിപ്പോള്‍, രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒ രണ്ടു തവണ റീയൂസ് ചെയ്യാവുന്ന റോക്കറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്. പുതിയ ടെക്‌നോളജി ജൂണിലും ജൂലൈയിലുമായി പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ.

റോക്കറ്റ് വീണ്ടെടുക്കാന്‍ ആദ്യതവണ മസ്‌കിന്റെ സ്‌പെയ്‌സ്എക്‌സിന്റെ മാതൃക പിന്തുടരുകയായിരിക്കും ഐഎസ്ആര്‍ഒ ചെയ്യുക. ലക്ഷ്യം പൂർത്തിയാക്കി തിരിച്ചുവരുന്ന റോക്കറ്റിനെ കടലില്‍ പിടിപ്പിച്ച പാഡിലേക്ക് വീഴ്ത്തും. രണ്ടാമത്തെ തവണ റോക്കറ്റ് വീണ്ടെടുക്കാന്‍ അവര്‍ തങ്ങളുടെ ആര്‍എല്‍വി (Reusable Launch Vehicle (RLV) വരും മാസങ്ങളില്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് 2016ലാണ് ആദ്യമായി ടെസ്റ്റു ചെയ്തത്. ഐഎസ്ആര്‍ഒ എൻജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിലൂടെ നിയന്ത്രിച്ച്, പ്രത്യേകമായി തയാര്‍ ചെയത എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യിച്ച് വീണ്ടും ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

reusable-launch-vehicle-rlv

രണ്ടാം ഘട്ടത്തിനായി ചിറകു പിടിപ്പിച്ച ഒരു ചട്ടക്കൂട് നിര്‍മിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറയുന്നത്. സ്‌പെയ്‌സ് ഷട്ടിലിനുള്ളതു പോലെയുള്ള, ചിറകുള്ള ഒരു ചട്ടക്കൂട് ഞങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ ഷട്ടില്‍ റോക്കറ്റിന്റെ രണ്ടാംഘട്ടത്തില്‍ പിടിപ്പിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തു പിടിപ്പിച്ചിട്ടുള്ള ഉപഗ്രഹത്തെയോ സ്‌പെയ്‌സ്‌ക്രാഫ്റ്റിനെയോ അതിന്റെ ഭ്രമണപഥത്തിലേക്കു വിടും. വിട്ടുകഴിഞ്ഞാല്‍ ഷട്ടില്‍ ഭൂമിയിലേക്ക് ഒരു വിമാനത്തെപ്പോലെ ഒഴുകിയിറങ്ങി പ്രത്യേകമായി സജ്ജമാക്കിയ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡു ചെയ്യുമെന്നും ആദ്ദേഹം പറയുന്നു.

ഇത്തരം രണ്ടു ഘട്ടങ്ങളുള്ള വീണ്ടെടുക്കല്‍ സ്‌പെയ്‌സ്എക്‌സ് അടക്കം ലോകത്തെ മറ്റൊരു സ്‌പെയ്‌സ് ഏജന്‍സിയും പരീക്ഷിച്ചില്ലെന്ന് ശിവന്‍ കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ നടത്താനിരിക്കുന്ന ടെസ്റ്റില്‍ ഐഎസ്ആര്‍ഒ ഒരു ഹെലികോപ്റ്ററിന്റെ സഹായത്തോടെ ചിറകു പിടിപ്പിച്ച ആര്‍എല്‍വിയെ ആകാശത്ത് ഒരു നിശ്ചിത പൊക്കം വരെ ഉയര്‍ത്തിയശേഷം താഴേക്കു വിടും. ആ ഘട്ടത്തില്‍ ഈ ദൗദ്യത്തിനു തിരഞ്ഞെടുത്തിരിക്കുന്ന എൻജിനീയര്‍മാര്‍ ആര്‍എല്‍വിയെ കംപ്യൂട്ടറിന്റെ സഹായത്തോടെ എയര്‍സ്ട്രിപ്പിലേക്ക് ലാന്‍ഡു ചെയ്യിക്കാന്‍ ശ്രമിക്കും. എയര്‍സ്ട്രിപ് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും എവിടെയെങ്കിലുമായിരിക്കാം തയാര്‍ ചെയ്യുക.

ലോകത്ത് ഏറ്റവുമധികം വാണിജ്യ (commercial) റോക്കറ്റുകള്‍ വിക്ഷേപണങ്ങള്‍ നടത്തുന്നത് സ്‌പെയ്‌സ്എക്‌സ് ആണ്. 65 ശതമാനത്തോളം ലോഞ്ചുകളും നടത്തുന്നത് അവരാണ്. എന്നാല്‍ ഇത്തരം ദൗത്യങ്ങള്‍ നടത്തുന്ന കമ്പനികളുടെ പട്ടികയില്‍ ചൂണ്ടികാണിക്കാൻ അഞ്ച് പേരു പോലും ഇപ്പോഴില്ല. അതുകൊണ്ട് തന്നെ രണ്ടുഘട്ടമുള്ള റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യ വികസിപ്പിക്കാനായാല്‍ ഐഎസ്ആര്‍ഒയ്ക്ക് ഈ മേഖലയില്‍ വന്‍വിജയം നേടാനായേക്കാം.

എന്നാല്‍ ഇത്തരം ഗവേഷണം നടത്തുന്നത് ഐഎസ്ആര്‍ഒ മാത്രമല്ല. സ്‌പെയ്‌സ്എക്‌സും രണ്ടു ഘട്ടങ്ങളുള്ള വിക്ഷേപണം എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള പരീക്ഷണത്തിൽ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ മത്സരം താത്പര്യത്തോടെ വീക്ഷിക്കുകയാണ് ലോകം.

ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ പരീക്ഷണത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒ വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കുക കൂടി ചെയ്താൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.

ബഹിരാകാശ മേഖലയിൽ ഏറ്റവും ചെലവേറിയ ഒന്നാണ് മികച്ച റോക്കറ്റ് നിർമാണം. വിക്ഷേപിച്ച റോക്കറ്റ് വീണ്ടും ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടം തന്നെയാണ്. രണ്ടു വർഷം മുൻപാണ് അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഭൂരിഭാഗം പരീക്ഷണങ്ങളും പരാജയപ്പെട്ടതിനു ശേഷമാണ് വിജയം നേടിയത്.

rlv-td

ഇതിനിടെയാണ് ഇന്ത്യയും അത്തരമൊരു നേട്ടം കൈവരിക്കാൻ പോകുകന്നത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം-റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV തീര്‍ച്ചയായും മികവുകളുടെ കൂട്ടത്തില്‍ പൊന്‍തൂവലാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. സാമ്പത്തിക ദുര്‍വ്യയം കുറയ്ക്കാം എന്നതുകൊണ്ടു തന്നെ ഇതിനു സ്വീകാര്യതയും കൂടുതലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA