sections
MORE

ഇലോൺ മസ്ക് കാറിനൊപ്പം ‘രഹസ്യ വസ്തു’വും ബഹിരാകാശത്തെത്തിച്ചു!

tesla-roadster-1
SHARE

കഴിഞ്ഞ വര്‍ഷം സ്‌പെയ്സ് എക്‌സ് റോക്കറ്റിന്റെ ചരിത്ര വിക്ഷേപണത്തിനൊപ്പം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു റോക്കറ്റിനൊപ്പം ബഹിരാകാശത്തെത്തിയ ഇലോണ്‍ മസ്‌കിന്റെ സ്വന്തം ടെസ്‌ല കാറും. ബഹിരാകാശത്ത് പറന്നു നടക്കുന്ന ചുവന്ന ടെസ്‌ല കാറിന്റെ ദൃശ്യങ്ങള്‍ അതിവേഗത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. സ്‌പെയ്സ് എക്‌സ് മസ്‌കിന്റെ ടെസ്‌ല കാറിനൊപ്പം മറ്റു ചിലതുകൂടി ബഹിരാകാശത്തെത്തിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നശിച്ചുപോകുമായിരുന്ന ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ടെസ്‌ല കാറിന്റെ ആയുസ്സ് ബഹിരാകാശത്തെത്തിച്ചതുവഴി പതിനായിരണക്കിന് വര്‍ഷമായി മാറി. പ്രപഞ്ചത്തില്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ബഹിരാകാശ വസ്തുവായി ടെസ്‌ല കാറും മാറി. എന്നാല്‍ ടെസ്‌ലക്കൊപ്പം മറ്റൊന്നു കൂടി സ്‌പെയ്സ് എക്‌സ് ബഹിരാകാശത്തെത്തിച്ചിരുന്നു. കാറിനെപ്പോലുള്ള കാഴ്ചവസ്തുവല്ല, മറിച്ച് അനേകവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചെറു വസ്തുവായിരുന്നു അത്. ഇതിനാകട്ടെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ ബഹിരാകാശത്ത് കേടുപാടുകള്‍ കൂടാതെ കഴിയാനും ശേഷിയുണ്ട്. 

ആര്‍ക്ക് എന്ന് വിളിക്കുന്ന ചെറു ഡിസ്‌കിന്റെ രൂപത്തിലുള്ള വിവര ശേഖരണ വസ്തുവാണ് ബഹിരാകാശത്തെത്തിച്ചത്. ചെറു കോയിന്റെ വലിപ്പം മാത്രമേ ആര്‍ക്കിനുള്ളൂ. മനുഷ്യന്റെ അറിവുകള്‍ പ്രപഞ്ചത്തില്‍ വ്യാപിപ്പിക്കാന്‍ സഹായിക്കുകയാണ് ഇതുവഴി ലക്ഷ്യംവെച്ചതെന്നാണ് ആര്‍ക്കിന്റെ നിര്‍മാതാക്കളായ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്ക് മിഷന്‍ ഫൗണ്ടേഷന്‍ പറയുന്നത്. 

ആദ്യകാഴ്ചയില്‍ ഡിവിഡിയുടെ ചെറുരൂപമാണ് ആര്‍ക്ക്. എന്നാല്‍ ഡിസ്‌കുകളുടെ വിവരശേഖരണ ശേഷിയേക്കാള്‍ പലമടങ്ങാണ് ഈ കുഞ്ഞന്‍ ആര്‍ക്കിന്റേത്. 360 ടെറാബൈറ്റാണ് ഒരു ആര്‍ക്കിന്റെ ശേഷി. അതായത് 7000 ബ്ലൂറേ ഡിസ്‌കുകള്‍ക്ക് തുല്യം. എളുപ്പത്തില്‍ നശിക്കില്ലെന്നതും ആര്‍ക്കിന്റെ മൂല്യം പലമടങ്ങ് വര്‍ധിപ്പിക്കുന്നു. മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്ന വിവരശേഖരണ ഉപകരണമാണ് ആര്‍ക്കെന്നാണ് വിശേഷിപ്പിക്കുന്നത്. 14 ബില്യണ്‍ വര്‍ഷം വരെ ആര്‍ക്കിലെ വിവരങ്ങള്‍ നഷ്ടമാകാതെയും കേടുപറ്റാതെയുമിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

സോളാര്‍ ലൈബ്രറി തന്നെ നിര്‍മിക്കുകയാണ് ആര്‍ക്കിന്റെ നിര്‍മാതാക്കളുടെ ലക്ഷ്യം. 2020ലെയും 2030ലെയും ചന്ദ്ര, ചൊവ്വ പര്യവേഷണങ്ങളിലും ആര്‍ക്കിനെ കൊണ്ടുപോകുമെന്നാണ് കരുതപ്പെടുന്നത്. മനുഷ്യന്‍ ശേഖരിച്ച അറിവുകള്‍ പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലെത്തിക്കുകയാണ് സോളാര്‍ ലൈബ്രറി എന്ന ആശയംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിലും ഇത്തരം മനുഷ്യന്റെ അറിവുകളുടെ ശേഖരങ്ങൾ എത്തിക്കാനാകുമെന്ന് ഇവര്‍ സ്വപ്‌നം കാണുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് കരുതുന്നവരോട് 2019 ഒരു ടെസ്‌ല റോഡ്‌സ്റ്റര്‍ സൂര്യനെ വലം വെക്കുമെന്ന് എത്രപേര്‍ കരുതിയിരുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്ന മറുചോദ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA