sections
MORE

ആകാശത്തേക്ക് അമേരിക്കയുടെ രഹസ്യ സാറ്റലൈറ്റ്; ലക്ഷ്യം ചാരപ്പണി, എല്ലാം ദുരൂഹം

spy-satellite
SHARE

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അമേരിക്ക ആ രഹസ്യം ‘ഭ്രമണപഥത്തിൽ’ വിജയകരമായി എത്തിച്ചു. നിരീക്ഷണ ഉപഗ്രഹങ്ങളെ അയയ്ക്കാൻ വേണ്ടി യുഎസ് ഉപയോഗിക്കുന്ന ഡെൽറ്റ–4 ഹെവി റോക്കറ്റിലേറി പുതിയ സാറ്റലൈറ്റും പാഞ്ഞതോടെ ചോദ്യങ്ങളും ഏറെ ബാക്കിയാണ്. എന്താണ് ഇത്തരമൊരു വിക്ഷേപണത്തിന്റെ ലക്ഷ്യം?

യുഎസ് ഭരണകൂടം മുൻകാലങ്ങളിൽ ഒട്ടേറെ ചാര ഉപഗ്രഹങ്ങൾ ബഹിരാകാശത്തു വിന്യസിച്ചിരുന്നു. ഇവയുടെ പതിവ് ഭ്രമണപഥത്തിൽ നിന്നു മാറിയാണ് പുതിയ സാറ്റലൈറ്റ് എത്തിച്ചിരിക്കുന്നത്. തികച്ചും ‘അസാധാരണമായ ഭ്രമണപഥം’ എന്നാണ് ഇതിനെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതും പുതിയ സാറ്റലൈറ്റിന്റെ ദുരൂഹത വർധിപ്പിക്കുന്നു. ഒട്ടേറെ തവണ മാറ്റിവച്ചതിനു ശേഷമായിരുന്നു ഇതിന്റെ ലോഞ്ചിങ്. ഒരിക്കൽ വിക്ഷേപണത്തിന്റെ ഏഴു സെക്കൻഡ് മുൻപ് എല്ലാം നിർത്തേണ്ടി വന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ പലതവണയായി വിക്ഷേപണം മാറ്റി. ഒരു ചെറിയ പിഴവു പോലുമില്ലാതെ വിക്ഷേപണം നടത്തണമെന്ന് യുഎസിന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ മാറ്റിവച്ചതെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. അത്രയേറെ പ്രാധാന്യത്തോടെ എന്താണ് ഈ നിരീക്ഷണ ഉപഗ്രഹത്തിലുള്ളതെന്നും പലരും കൗതുകത്തോടെ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. 

ലൊസഞ്ചാലസിന് 140 കി.മീ മാറി വാൻഡർബെർഗിലെ മിലിട്ടറി ബേസില്‍ നിന്ന് ശനിയാഴ്ച രാവിലെ 11.10ഓടെയായിരുന്നു വിക്ഷേപണം. കൃത്യം 90 മിനുട്ടിനു ശേഷം യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ (യുഎൽഎ) വാർത്താക്കുറിപ്പുമെത്തി–സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുന്നു. എൻആർഒഎൽ–71 എന്നു പേരിട്ടിരിക്കുന്ന ഈ രഹസ്യപേടകത്തിന്റെ ഐഡന്റിറ്റി, ലക്ഷ്യം, ഭ്രമണപഥം ഇവയെപ്പറ്റിയൊന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്റലിജൻസ് ഏജൻസികൾക്കും സൈന്യത്തിനും രഹസ്യവിവരങ്ങൾ കൈമാറുന്ന നാഷനൽ റികനസെൻസ് ഓഫിസിനു(എൻആർഒ) കീഴിലാണ് പുതിയ പേടകത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ലക്ഷ്യം രാജ്യാന്തര രഹസ്യങ്ങൾ ചോർത്തുകയാണെന്നത് ഉറപ്പ്. അതേസമയം പബ്ലിക് ഡൊമെയ്നിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് സാറ്റലൈറ്റിന്റെ ഏകദേശ ഭ്രമണപഥം നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. അപ്പോഴും അതിന്റെ ലക്ഷ്യമെന്ത് എന്നത് അജ്ഞാതം! 

യുഎൽഎയുടെ നിർമാണത്തിലൊരുങ്ങിയ ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് ഡെൽറ്റ–4 ഹെവി റോക്കറ്റ്. നേരത്തേ 2011ലും 2013ലും മാത്രമാണ് ഇത് വാൻഡെൻബെർഗിൽ നിന്നു പറന്നുയർന്നിട്ടുള്ളൂ. അന്ന് അയച്ചത് ഇലക്ര്ടോ–ഒപ്റ്റിക്കൽ നിരീക്ഷണ സംവിധാനത്തിനുള്ള ചാര ഉപഗ്രഹമാണെന്നാണു കരുതുന്നത്. അവയുടെ വിവരങ്ങളും ഇന്നും പൂർണമായി ലഭ്യമായിട്ടില്ല. കെഎച്ച്–11 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ഇവ ബസിന്റെ വലുപ്പമുള്ള ടെലസ്കോപ്പുകളാണെന്നാണു കരുതുന്നത്. ഹബിൾ സ്പെയ്സ് ടെലസ്കോപ്പിന്റെ അതേ വലുപ്പമുള്ള പ്രൈമറി മിററുകളായിരുന്നു ഇവയ്ക്ക്–ഏകദേശം 7.9 അടി! അതിനാൽത്തന്നെ ഭൂമിയിൽ നിന്ന് ഏറ്റവും സുവ്യക്ത ചിത്രങ്ങൾ പകർത്താനും സാധിക്കും. എൻആർഒയുടെ തന്നെ കമ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ സഹായത്തോടെ ഈ ടെലസ്കോപ്പിൽ നിന്നുള്ള അത്യന്തം വ്യക്തമായ ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുകയാണെന്നും കരുതപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA