sections
MORE

പരീക്ഷണ വസ്തുവായി മുന്‍ ആപ്പിള്‍ എൻജിനീയര്‍; നടത്തിയത് 600ലേറെ ടെസ്റ്റുകള്‍!

sprague
SHARE

നമ്മള്‍ ഇന്നും നമ്മളെക്കുറിച്ചു വച്ചു പുലര്‍ത്തുന്ന പല ധാരണകള്‍ക്കും കാര്യമായ ആധികാരികതയൊന്നുമില്ലെന്നു വിശ്വസിക്കുന്നവരുണ്ട്. ഉദാഹരണത്തിന് നമ്മുടെ ശരീരത്തില്‍ നിരവധി ശതകോടി ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും ഉണ്ടെന്നാണ് ബയോളജി പറയുന്നത്. മനുഷ്യ ശരീരം എന്ന അതിസങ്കീര്‍ണ്ണമായ പ്രതിഭാസത്തെക്കുറിച്ച് എന്താണ് നമുക്ക് അറിയാവുന്നത്? ഇതേക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകള്‍ എന്നെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ഇത്തരത്തിലുള്ള വാസക്കാര്‍ ഉണ്ട്, അവയെക്കുറിച്ച് പഠിക്കാന്‍ ശരീരം വിട്ടുകൊടുക്കാമോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? ആരും തന്നെ സമ്മതിക്കില്ല. എന്നാല്‍, തന്റെ ശരീരം അത്തരത്തിലുള്ള 600 ലേറെ പരീക്ഷണങ്ങള്‍ക്കു വിട്ടു നല്‍കിയ വ്യക്തിയാണ് ആപ്പിളിന്റെ മുന്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറായിരുന്ന റിച്ചാഡ് സ്പ്രാഗ്. ഉത്സാഹത്തൊടെ നിരന്തരം സ്വയം പരീക്ഷണവിധേയനായി കൊണ്ടിരിക്കുന്ന അദ്ദേഹം മനുഷ്യ ശരീരത്തിന്റെ സങ്കീര്‍ണ്ണതകളുടെ ചെറിയൊരു അംശമെങ്കിലും അനാവരണം ചെയ്യപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്നു. താത്പര്യജനകമാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍.

അദ്ദേഹം 1990കളിലാണ് ആപ്പിളില്‍ ജോലി ചെയ്തിരുന്നത്. ഇന്ന് നമ്മള്‍ 'ആപ്പിള്‍ ടിവി' എന്നു വിളിക്കുന്ന ഉപകരണത്തിന്റെ പ്രാഥമികാവസ്ഥകളിലാണ് അദ്ദേഹത്തിന്റെ സേവനം ആപ്പിളിന് ലഭിച്ചത്. പിന്നീട് അദ്ദേഹമൊരു മീഡിയ സ്റ്റാര്‍ട്ട്-അപ് കമ്പനി തുടങ്ങുകയും അത് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. അവര്‍ക്കൊപ്പം പത്തു വര്‍ഷത്തിലേറെ പ്രവര്‍ത്തിക്കുകയും ചെയ്തു. 

ഈ സമയത്താണ് കണ്‍സ്യൂമര്‍ ടെക്‌നോളജിയില്‍ കൊണ്ടുവരാനാകുന്ന അടുത്ത മാറ്റത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങിയത്. ഇതെക്കുറിച്ചുള്ള പഠനങ്ങള്‍ അദ്ദേഹത്തെ നയിച്ചതാകട്ടെ ബയോളജിയിലേക്കാണ്. കൃത്യമായി പറഞ്ഞാല്‍ മൈക്രോബയോം (microbiome) എന്ന ഗവേഷണ ശാഖയില്‍. അതിസൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസുകള്‍ തുടങ്ങിയവയുടെ സമൂഹത്തെയാണ് മൈക്രോബയോം എന്നു വിളിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. ഒരു പ്രത്യേക സ്ഥലത്തും സമയത്തും ഒത്തു ചേര്‍ന്നിരിക്കുന്ന ഇവയുടെ കൂട്ടത്തെയാണ് ഇങ്ങനെ വിളിക്കുന്നതെന്നാണ് മൈക്രോബയോളജിസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രൊഫസറുമായ ജോന്തന്‍ എയ്‌സണ്‍ പറയുന്നത്. എയ്‌സണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഈ മേഖലയില്‍ നേരത്തെ ലഭ്യമല്ലാതിരുന്ന തരം കരുക്കള്‍ പഠനാവശ്യത്തിനായി ഇന്നുമുണ്ട്. മനുഷ്യാരോഗ്യത്തെ എങ്ങനെ ഇവ ബാധിക്കുന്നുവെന്ന പഠനത്തിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സ്പ്രാഗ് ഒരു ശാസ്ത്രജ്ഞനൊന്നുമല്ല. പക്ഷേ, തന്റെ സേവനം അദ്ദേഹം ശാസ്ത്രത്തിനു നല്‍കിയത് സ്വന്തം ശരീരം പരീക്ഷണങ്ങള്‍ക്കു വിട്ടു നല്‍കിയാണ്.

അഞ്ചു കൊല്ലത്തിനിടെ അറുനൂറിലേറെ ടെസ്റ്റുകള്‍

കഴിഞ്ഞ പതിറ്റാണ്ടില്‍ ശാസ്ത്രം ഒരു വന്‍ മാറ്റം കൊണ്ടുവന്നു. നമുക്ക് നമ്മുടെ ജീനുകളെ മാത്രമല്ല, നമുക്കുള്ളില്‍ വസിക്കുന്ന മറ്റ് അണുജീവികളെക്കുറിച്ചും അധികം കാശുമുടക്കാതെ പഠിക്കാനാകും. ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ പൊതു ധാരണ വച്ച് നമ്മുടെ ഏകദേശം പകുതിയോളം കോശങ്ങള്‍ മനുഷ്യഗുണങ്ങളുള്ളതും (human) മറ്റുള്ളവ നേരത്തെ പറഞ്ഞ മൈക്രോബിയലും (microbial) ആണെന്നാണ്. ഇവ രണ്ടിനെയും പ്രത്യേകം പഠനവിധേയമാക്കാമെന്നാണ് പറയുന്നത്.

ശരീരത്തെക്കുറിച്ചുള്ള എല്ലാത്തരത്തിലുമുള്ള പരമാവധി ഡേറ്റ ശേഖരിച്ച് ആരോഗ്യപരിപാലനത്തിനുതകുന്ന രീതിയില്‍ ഉപയോഗിക്കാനുള്ള ഒരു നീക്കവും ഇപ്പോള്‍ സിലിക്കന്‍ വാലിയില്‍ നടക്കുന്നത്. ക്വാണ്ടിഫൈഡ് സെല്‍ഫ് (quantified) എന്നാണ് ഇതിനെ വിളിക്കുന്നത്. പുതിയ എല്ലാത്തരം ടെസ്റ്റുകളിലൂടെയും സ്വയം കടത്തിവിട്ട് തന്നെക്കുറിച്ച് കൂടുതല്‍ അറിയാനാണ് സ്പ്രാഗ് 2014ല്‍ തീരുമാനിച്ചത്. ഡിഎന്‍എ ടെസ്റ്റും ഒപ്പം മൈക്രോബയോം ടെസ്റ്റും ചെയ്താണ് അദ്ദേഹം തുടക്കമിടുന്നത്. ശരീരത്തിലുള്ള മനുഷ്യരുടേതല്ലാത്ത ജീനുകള്‍ നമുക്കൊപ്പം വികസിച്ചു വന്നവയാണ്. അവ നമ്മില്‍ എന്തോ ചെയ്യുന്നുണ്ടെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ഇന്ന് ലോകത്ത് ഏറ്റവുമധകം തവണ സ്വയം ടെസ്റ്റിനു വിധേയനായ സ്പ്രാഗ് തന്നെയായിരിക്കും. തന്റെ വയറ്റിലും മൂക്കിലും വായിലും ത്വക്കിലുമുള്ള മൈക്രോബുകളെ അറൂനൂറിലേറെ തവണ ടെസ്റ്റു ചെയ്തിട്ടുണ്ടകാമെന്നാണ് അദ്ദേഹം പറയുന്നത്.

ടെസ്റ്റ് റിസള്‍ട്ടുകള്‍ സ്വകാര്യമാക്കി വയ്ക്കുകയല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അവ ഒണ്‍ലൈനില്‍ പബ്ലിഷ് ചെയ്തിട്ടുമുണ്ട്. http://www.richardsprague.com സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. എല്ലാത്തിനും കൂടുതല്‍ വ്യക്തത കിട്ടാനായി ചാര്‍ട്ടുകളും ഗ്രാഫുകളും ഉപയോഗിച്ചാണ് തനിക്കു കിട്ടിയ ഡേറ്റ ക്രമപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നത്. ഇവയില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോ എന്നതാണ് അദ്ദേഹത്തെ ഉദ്വേഗഭരിതനാക്കുന്നത്. ഉറക്കവും എക്‌സര്‍സൈസുമടക്കമുള്ള കാര്യങ്ങളും ഐഫോണില്‍ വ്യക്തമായി ട്രാക്കു ചെയ്യുന്നു. തന്റെ മലം പോലും പല തവണ അദ്ദേഹം ടെസ്റ്റു ചെയ്തിട്ടുണ്ട്. വയറിലെ മൈക്രോബയോമുകളെ പറ്റി പഠിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്. ശരീരത്തിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്നും അദ്ദേഹം സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എയ്‌സണ്‍ പറയുന്നത് വായിലെയും ത്വക്കിലെയും അടക്കമുള്ള മൈക്രോബയോമുകളെക്കുറിച്ചുള്ള പഠനം ഇനി കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്നാണ്.

ചില സാധ്യതകള്‍

തന്റെ ശരീരത്തെക്കുറിച്ച് ഇത്രമാത്രം ടെസ്റ്റുകളൊക്കെ നടത്തിയെങ്കിലും ഉറപ്പിച്ചു പറയാവുന്ന എന്തെങ്കിലും കണ്ടെത്തലുകള്‍ ഇതുവരെ നടത്താനായിട്ടില്ല എന്നു തന്നെയാണ് സ്പ്രാഗ് പറയുന്നത്. എന്നാല്‍, ചില താത്പര്യജനകമായ കാര്യങ്ങള്‍ കാണാനുമായിട്ടുണ്ട്.

സമയം കഴിയുംതോറും മൈക്രോബയോമുകളില്‍ മാറ്റം വരുന്നു. കുറച്ചു കാലം കഴിഞ്ഞ് നടത്തുന്ന ടെസ്റ്റുകളിലെ റിസള്‍ട്ടുകളില്‍ മാറ്റം കാണാനാകുന്നുണ്ട്. വയർ, വായ പോലെയല്ലാതെ മൂക്കിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റം കാണാം. മൂക്ക് എപ്പോഴും പുറം ലോകവുമായി സമ്പര്‍ക്കത്തിലാണല്ലോ. അമേരിക്കയില്‍ നിന്ന് ചൈനയില്‍ പോയിട്ടു വന്നപ്പോഴും ചില മാറ്റങ്ങള്‍ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ചൈന യാത്രയ്ക്കിടയില്‍ അദ്ദേഹം തന്റെ ടെസ്റ്റ് കിറ്റും കരുതിയിരുന്നു!

richard

മറ്റു ചില കണ്ടെത്തലുകള്‍

പ്രോബയോട്ടിക്‌സിന് നല്ലതെന്നു പറഞ്ഞു വില്‍ക്കുന്ന പാനീയങ്ങളില്‍ കൊംബുചാ (kombucha) തന്റെ മൈക്രോബുകളില്‍ കാര്യമായ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. എന്നാല്‍ പാലില്‍ നിന്നുണ്ടാക്കുന്ന കെഫിര്‍ (Kefir) അദ്ദേഹത്തിന്റെ മെക്രോബുകളില്‍ മാറ്റം വരുത്തുന്നുണ്ട്. കെഫിര്‍ കഴിക്കുന്ന ദിവസങ്ങളില്‍ തനിക്ക് അല്‍പ്പം കൂടുതല്‍ ഉന്മേഷം തോന്നുന്നതായും സ്പ്രാഗ് പറഞ്ഞു.

ഭക്ഷണം തന്റെ ഉറക്കത്തെയും ബാധിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ഉറക്കത്തിന് എട്ടു മണിക്കൂര്‍ മുൻപു കഴിച്ച പൊട്ടെയ്‌റ്റോ സ്റ്റാര്‍ച്ച തന്റെ ഉറക്കത്തിന് അതീവ ഗുണകരമായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. തന്റെ മെലാടോണിന്റെ (melatonin) അളവ് ഇതു വര്‍ധിപ്പിച്ചതായും ഉറക്കത്തെ അതു സഹായിച്ചതായും അദ്ദേഹം വിലയിരുത്തുന്നു. മറ്റു കാര്യങ്ങളെക്കുറിച്ചറിയണമെങ്കില്‍ കൂടുതല്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എയ്‌സണെപ്പോലെയുള്ള ശാസ്ത്രജ്ഞരും സ്പ്രാഗിന്റെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ഇതൊക്കെ എത്ര നിസാര കാര്യമാണെന്നു തോന്നാമെങ്കിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി മനുഷ്യനെ അടുത്തറിയാന്‍ നടത്തുന്ന കഠിന പരിശ്രമങ്ങളുടെ ഭാഗമായി കണ്ടാല്‍ അതിന്റെ വില മനസ്സിലാകും. സ്വയം പരിക്ഷണവിധേയരാകാന്‍ മുന്നോട്ടു വരുന്ന ആളുകള്‍ ഇല്ലായിരുന്നു. ഇത്ര കാലം മനുഷ്യനെ മനുഷ്യന്‍ അറിയുന്നത് ഭാവനയിലൂടെയാണെന്നു വേണമെങ്കില്‍ ഒഴുക്കനായി പറയാം. ശാസ്ത്രക്കണ്ണുകളിലൂടെ മനുഷ്യനെ കണ്ടെടുക്കാനും, പ്രപഞ്ചത്തില്‍ അവന്റെ സ്ഥാനം കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ആദ്യ പടിയാണ് ഇന്നു നടക്കുന്നത്. ഇത് വരും കാലങ്ങളില്‍ ആരോഗ്യപരിപാലനത്തിലടക്കം വന്‍മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA