sections
MORE

ചൊവ്വാ യാത്ര സാധ്യം, ദൗത്യം കഴിഞ്ഞ് സാറ്റ‌്‌ലൈറ്റുകള്‍ നിശബ്ദമായി

intl-space-station-nasa
SHARE

ഗ്രഹാന്തര യാത്ര സാധ്യമാണെന്ന് തെളിയിച്ച ശേഷം നാസയുടെ ചെറു സാറ്റ്‌ലൈറ്റുകള്‍ ശൂന്യാകാശത്ത് അപ്രത്യക്ഷരായി. കഴിഞ്ഞ വര്‍ഷം നാസയുടെ പര്യവേഷണ വാഹനമായ ഇന്‍സൈറ്റിനൊപ്പം വിക്ഷേപിക്കപ്പെട്ട MarCO സാറ്റ്‌ലൈറ്റുകളാണ് നിശബ്ദരായിരിക്കുന്നത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷമാണ് ഇവ നിശബ്ദമായതെന്നതിനാല്‍ ഈ ദൗത്യം വിജയകരമായാണ് നാസ കണക്കാക്കുന്നത്.

MarCO സാറ്റ്‌ലൈറ്റുകള്‍ക്ക് സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഇവ, വാള്‍ ഇ എന്നീ പേരുകളാണ് നല്‍കിയിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന ക്യൂബ്‌സാറ്റുകളുടെ പരിഷ്‌കരിച്ച രൂപമാണ് MarCO സാറ്റ്‌ലൈറ്റുകള്‍. നേരത്തെ ഇത്തരം സാറ്റ്‌ലൈറ്റുകള്‍ ഭൂമിക്ക് ചുറ്റും കറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭൂമിയുടെ പരിധി വിട്ടു പോകുന്നത്. ഇത്ര ദൂരത്തില്‍ പോകുമ്പോഴും ഇവക്ക് പ്രവര്‍ത്തിക്കാനാകുമോ എന്നതായിരുന്നു പ്രധാന ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് ഇന്‍സൈറ്റിനൊപ്പം ഈ കുഞ്ഞന്‍ സാറ്റ്‌ലൈറ്റുകളും ചൊവ്വയിലേക്ക് തിരിച്ചത്. നവംബര്‍ 26 മുതല്‍ ചൊവ്വയില്‍ ഇന്‍സൈറ്റ് ഇറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ ഇന്‍സൈറ്റില്‍ നിന്നും വിട്ടുമാറി ഇവ നിരീക്ഷിക്കുകയായിരുന്നു. MarCO സാറ്റ്‌ലൈറ്റുകളില്‍ നിന്നും ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുന്നതിന്റെ ആകാശദൃശ്യം നാസക്ക് ലഭിക്കുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൃത്യതയോടെ ഈ ദൗത്യം നിര്‍വഹിക്കാന്‍ ഇവക്കായി. 

ഗ്രഹാന്തര യാത്രകളിലും ഇത്തരം കുഞ്ഞന്‍ സാറ്റ്‌ലൈറ്റുകളെ ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചാണ് ഇവയും വാള്‍ ഇയും വിടപറഞ്ഞത്. ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയ ശേഷം സൂര്യന് ചുറ്റും കറങ്ങുകയായിരുന്നു MarCO സാറ്റ്‌ലൈറ്റുകള്‍. ഡിസംബര്‍ അവസാനത്തോടെ ഇവയുമായുള്ള ബന്ധം നഷ്ടമായി. ഇപ്പോഴും എന്താണ് ഇതിന് പിന്നിലെ വ്യക്തമായ കാരണമെന്ന് നാസക്ക് തിരിച്ചറിയാനായിട്ടില്ല. 

marco

കോസ്മിക് തരംഗങ്ങളേറ്റ് ഈ കുഞ്ഞന്‍ സാറ്റ്‌ലൈറ്റുകളുടെ പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് ദിശമാറ്റാനുപയോഗിക്കുന്ന ഇവയുടെ ചെറിയ റോക്കറ്റില്‍ ചെറിയ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് വര്‍ധിക്കുകയും ഇന്ധനം തീര്‍ന്ന് പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ചെയ്യാനുള്ള സാധ്യതയാണ്. ഭൂമിക്ക് നേരെ റേഡിയോ ആന്റിന നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സഹായിച്ചിരുന്നത് ഈ കുഞ്ഞന്‍ റോക്കറ്റുകളുടെ പ്രവര്‍ത്തനമായിരുന്നു. 

സൂര്യനില്‍ നിന്നും ഏറെ ദൂരെ പോയാല്‍ ബന്ധം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഇവയും വാള്‍ ഇയുമായി ഭാവിയില്‍ ബന്ധപ്പെടാന്‍ സാധിച്ചേക്കാം. ഓരോ മാര്‍കോ സാറ്റ്‌ലൈറ്റിനും സെന്‍സറുകളുടെ സഹായത്തില്‍ സൂര്യന്റെ ദിശനിര്‍ണ്ണയിച്ച് സോളാര്‍ പാനലുകള്‍ അഭിമുഖമായി വെക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. ഈ സെന്‍സറുകള്‍ക്ക് സൂര്യനെ കണ്ടെത്താനായില്ലെങ്കില്‍ ഊര്‍ജ്ജം ലഭിക്കില്ല. എന്നാല്‍ ഭാവിയില്‍ സൂര്യന്റെ കൂടുതല്‍ അടുത്തേക്ക് ഇവയെത്തിയാല്‍ സൂര്യപ്രകാശത്തിലൂടെ ഊര്‍ജ്ജം ലഭിക്കുകയും ഇവ ഉറക്കത്തില്‍ നിന്നും ഉണരാനും സാധ്യതയുണ്ട്. 

marco-auto1

ഇനി ഈ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ എന്നെന്നേക്കുമായി കണ്ണടച്ചാലും നാസ ഈ ദൗത്യത്തെ വന്‍ വിജയമായാണ് കണക്കാക്കുന്നത്. താരതമ്യേന ചെറിയ ചിലവിലാണ് ഈ മാര്‍കോ സാറ്റ്‌ലൈറ്റുകള്‍ തങ്ങളുടെ പ്രാധാന്യത്തെ തെളിയിച്ചത്. 18.5 ദശലക്ഷം ഡോളറാണ് ഇവയുടെ ദൗത്യത്തിനായി ചെലവായത്. ഇന്‍സൈറ്റ് ചൊവ്വാ ദൗത്യത്തിന്റെ ആകെ ചിലവ് 830 ദശലക്ഷം ഡോളറായിരുന്നു. ഭാവിയില്‍ ഇത്തരം ബഹിരാകാശ ദൗത്യങ്ങളില്‍ കുഞ്ഞന്‍ സാറ്റ്‌ലൈറ്റുകളും അകമ്പടി സേവിക്കാനുള്ള സാധ്യത ഏറെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA