ADVERTISEMENT

ക്യൂരിയോസിറ്റി ചൊവ്വയില്‍ നടത്തുന്ന പര്യവേഷണത്തിന്റെ സ്ഥലം മാറുന്നു. നേരത്തെ പര്യവേഷണം നടത്തിയിരുന്ന വേര റൂബിന്‍ (Vera Rubin) കുന്നിന്റെ 360 വിഡിയോ എടുത്ത ശേഷമാണ് ക്യൂരിയോസിറ്റി പുതിയ സ്ഥലത്തേക്ക് പോകുന്നത്. ഈ മേഖലയുടെ വിശദമായ ചിത്രങ്ങള്‍ ക്യൂരിയോസിറ്റി അയച്ചിരുന്നു. 

വേര റൂബിന്‍ കുന്നിന് മുകളില്‍ നിന്നുള്ള 360 വിഡിയോയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ക്യൂരിയോസിറ്റി കഴിഞ്ഞ ഡിസംബര്‍ 19ന് അയച്ച ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നാസ ഇത് തയ്യാറാക്കിയത്. ക്യൂരിയോസിറ്റി ഇറങ്ങിയ ഗാലെ ക്രാറ്റര്‍ എന്ന ഭാഗത്തേക്കാണ് വാഹനം തിരിച്ചുപോകുന്നത്. 

കളിമണ്ണിന് സമാനമായ മണ്ണുള്ള പ്രദേശമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ഇവിടെയും ക്യൂരിയോസിറ്റി കുഴിച്ച് സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. വെള്ളത്തിന്റെ സാന്നിധ്യത്തിനുള്ള തെളിവുകളായിരിക്കും ഈ സാംപിളുകളെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ക്യൂരിയോസിറ്റി ശേഖരിച്ച സാംപിളുകളില്‍ ഹെമറ്റൈറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇരുമ്പില്‍ വലിയ തോതിലുള്ള ഈ അയിര് വെള്ളമുള്ള പ്രദേശത്താണ് കാണപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷവും നാസ സമാനമായ രീതിയില്‍ ചൊവ്വയുടെ പ്രതലത്തെക്കുറിച്ച് ധാരണ നല്‍കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. ക്യൂരിയോസിറ്റി വേര റൂബിന്‍ കുന്നിന്‍ മുകളില്‍ നിന്നെടുത്ത 16 വ്യത്യസ്ഥ ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചായിരുന്നു നാസ ഈ ചിത്രം നിര്‍മിച്ചത്. ചൊവ്വയിലെത്തിയ ശേഷം ക്യൂരിയോസിറ്റിയുടെ സഞ്ചാരത്തിന്റെ ചിത്രവും നാസ പുറത്തുവിട്ടിരുന്നു. 

ചൊവ്വയിലെ വേര റൂബിന്‍ കുന്ന് ഏകദേശം 3.5 ബില്യണ്‍ മുതല്‍ 3.8 ബില്യണ്‍ വരെ വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഉണ്ടായതെന്നാണ് കരുതപ്പെടന്നത്. ഏകദേശം 154 കിലോമീറ്റര്‍ വിസ്തൃതിയില്‍ ചൊവ്വയിലെ പ്രദേശത്തെ ഒപ്പിയെടുക്കാന്‍ ഈ വിഡിയോയിലൂടെ ക്യൂരിയോസിറ്റിക്കായി. നേര്‍ത്ത അന്തരീക്ഷമായതിനാല്‍ 80 കിലോമീറ്റര്‍ അകലെയുള്ള മലകള്‍ പോലും ചിത്രത്തില്‍ വ്യക്തമാണ്. 

അമേരിക്കയിലെ ഫ്‌ളോറിഡയിലെ കേപ് കനവരിലുള്ള അമേരിക്കന്‍ വ്യോമസേനാ സ്‌റ്റേഷനില്‍ നിന്നും 2011 നവംബര്‍ 11നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 560 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് 2012 ഓഗസ്റ്റ് ആറിന് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി. നേരത്തെ നിശ്ചയിച്ച പ്രദേശത്തു നിന്നും വെറും 2.4 കിലോമീറ്റര്‍ മാത്രം മാറിയായിരുന്നു ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയത്. ഇതുവരെ ചൊവ്വയില്‍ 18 കിലോമീറ്റര്‍ ക്യൂരിയോസിറ്റി സഞ്ചരിച്ച് ചിത്രങ്ങളെടുക്കുകയും സാംപിളുകള്‍ ശേഖരിക്കുകയും വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com