ADVERTISEMENT

അടുത്തിടെ കണ്ടെത്തിയ രണ്ട് ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രപഞ്ചം എങ്ങനെയുണ്ടായെന്ന സൂചനകള്‍ ലഭിച്ചെന്ന് ശാസ്ത്രജ്ഞര്‍. ഏകദേശം ഒരേ വലുപ്പവും എന്നാല്‍ വ്യത്യസ്ഥ സാന്ദ്രതയുമാണ് ഈ ഗ്രഹങ്ങള്‍ക്കുള്ളത്. ഇതേക്കുറിച്ച് നടത്തിയ പഠനങ്ങളിലാണ് പുതിയ സൂചനകള്‍ ലഭിച്ചത്. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോഫിസിക്‌സ്, യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. 

കെപ്ലര്‍ 107ബി, കെപ്ലര്‍ 107സി എന്നീ ഗ്രഹങ്ങളെക്കുറിച്ചാണ് ശാസ്ത്രജ്ഞര്‍ പഠിച്ചത്. ഭൂമിയുടെ 1.5 മടങ്ങും 1.6 മടങ്ങും വലിപ്പമുള്ള ഗ്രഹങ്ങളാണിത്. എന്നാല്‍ ഇവയുടെ സാന്ദ്രത വ്യത്യസ്ഥമാണ്. നാസയുടെ കെപ്ലര്‍ ടെലസ്‌കോപ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഇവയെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ഗ്രഹങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണമാണ് ശാസ്ത്രജ്ഞരെ പുതിയ നിഗമനങ്ങളിലെത്തിച്ചിരിക്കുന്നത്. 

ഭൂമിയേയും സൂര്യനേയും അപേക്ഷിച്ച് കെപ്ലര്‍ 107ബിയുടേയും കെപ്ലര്‍ 107സിയുടേയും കേന്ദ്ര നക്ഷത്രമായി ഇവ കൂടുതല്‍ അടുത്താണ്. മാത്രമല്ല ഈ ഗ്രഹങ്ങള്‍ തമ്മിലും വലിയ ദൂരവ്യത്യാസമില്ല. മറ്റെല്ലാ ഗ്രഹങ്ങളേയും പോലെ ഇവക്കും നിശ്ചിത ദിവസങ്ങളും വര്‍ഷങ്ങളുമുണ്ട്.

നക്ഷത്രങ്ങളോട് ചേര്‍ന്നുള്ള ഗ്രഹങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നത് സ്വാഭാവികമാണ്. നക്ഷത്രത്തോടു ചേര്‍ന്നു വരുമ്പോള്‍ ചൂട് കൂടുന്നതും അന്തരീക്ഷ നഷ്ടത്തിനിടയാകുന്നതുമാണ് കാരണം. നക്ഷത്രത്തോടു ചേര്‍ന്നുള്ള 107ബിയേക്കാള്‍ ദൂരെയുള്ള 107സിക്കാണ് സാന്ദ്രത കൂടുതല്‍. ഇതിന്റെ കാരണമാണ് നാച്യുര്‍ അസ്‌ട്രോണമി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലുള്ളത്. 

107സിയുടെ ഉള്‍ഭാഗത്തെ ഇരുമ്പിന്റെ ഭാരം 107ബിയെ അപേക്ഷിച്ച് ഇരട്ടിയാണ്. ഇത് 107സി അതിവേഗത്തില്‍ വന്ന സമാനവലിപ്പമുള്ള മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിച്ചതിന്റേയോ ചെറു ഗ്രഹങ്ങളുമായി പലതവണ കൂട്ടിയിടിച്ചതിന്റേയോ ഫലമാണെന്നാണ് നിഗമനം. 107സി പിറന്നതിന് ശേഷം ഭാരം കൂടിയതിന്റെ കാരണം ഇതാണെന്നാണ് കരുതപ്പെടുന്നത്. 

ഇത്തരം കൂട്ടിയിടികള്‍ക്ക് നമ്മുടെ സൗരയൂഥത്തിന്റെയടക്കം രൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഇത്തരമൊരു കൂട്ടിയിടിയുടെ ഫലമായി ഉണ്ടായതാണെന്നാണ് കരുതപ്പെടുന്നത്. ബുധന്റെ അതിസാന്ദ്രതക്ക് പിന്നിലും ഇത്തരമൊരു കൂട്ടിയിടിയായിരിക്കാം. പ്ലൂട്ടോയുടെ ഉപഗ്രഹമായ ചാരണിന് പിന്നിലും കൂട്ടിയിടിയാണ്. എന്നാല്‍ സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങള്‍ കടന്നുവന്ന ഇത്തരം കൂട്ടിയിടികളുടെ തെളിവുകളും സൂചനകളും ആദ്യമായാണ് ലഭിക്കുന്നതെന്ന് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ പ്രപഞ്ചശാസ്ത്രജ്ഞനായ ലെയ്ന്‍ഹാര്‍ട്ട് പറഞ്ഞു. 

'നിഗമനങ്ങള്‍ ശരിയാണെങ്കില്‍ സൗരയൂഥത്തിന് പുറത്തെ തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളിലുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരമാണ് ലഭിച്ചിരിക്കുന്നത്. സൂര്യനെ വലംവെക്കുന്നതല്ലാത്ത ഗ്രഹങ്ങളുടെ പിറവിയെക്കുറിച്ചുള്ള സുപ്രധാന വിവരമാണിത്' എന്നാണ് ഐഎന്‍എഎഫ് ഗവേഷകനായ ആല്‍ദോ ബൊനോമോ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com