ADVERTISEMENT

ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പലപ്പോഴും മുന്നിലാണ് ഇന്ത്യയും ചൈനയും. ജനസംഖ്യയോട് ചേര്‍ത്താണ് ഈ രാജ്യങ്ങളുടെ മാലിന്യ പ്രശ്‌നവും പലപ്പോഴും ചര്‍ച്ച ചെയ്യാറ്. എന്നാല്‍ ഭൂമിയെ കൂടുതല്‍ പച്ചപ്പാക്കാനായി കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ലോകരാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് ഇത് പറയുന്നത്. 

സാറ്റ്‌ലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നാസ പഠനം നടത്തിയത്. വിവരശേഖരണത്തിനും പഠനത്തിനുമൊടുവില്‍ ലഭിച്ച വിവരം പലരേയും അമ്പരപ്പിക്കുന്നതായിരുന്നു. കാര്‍ബണ്‍ പുറം തള്ളുന്നതില്‍ മുന്‍പന്തിയിലെന്ന് വികസിത രാജ്യങ്ങള്‍ സ്ഥിരമായി ആരോപിക്കുന്ന ഇന്ത്യയും ചൈനയുമാണ് ഭൂമിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നായിരുന്നു ആ വിവരം. മാത്രമല്ല 20 വര്‍ഷം മുൻപുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പച്ചപ്പ് ഭൂമിയില്‍ കൊണ്ടുവരുന്നതില്‍ ഈ രാജ്യങ്ങള്‍ വിജയിച്ചെന്നും നാസ പറയുന്നു.

ഭൂമിയിലെ പച്ചപ്പിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയിലും ചൈനയിലുമാണ്. എന്നാല്‍ കരഭാഗത്തിന്റെ ഒൻപത് ശതമാനം മാത്രമേ ഈ രാജ്യങ്ങള്‍ ചേര്‍ന്നാലാകുന്നുള്ളൂ. ഇതും ഇന്ത്യയും ചൈനയും ഭൂമിയുടെ പച്ചപ്പ് കാക്കുന്നതില്‍ എത്രത്തോളം നിര്‍ണ്ണായകമായ രാജ്യങ്ങളാണെന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു. 

china-india-green-globals

ഭൂമിയിലെ പച്ചപ്പിന്റെ നാലിലൊന്ന് അവകാശപ്പെടാവുന്ന രാജ്യമാണ് ചൈന. ചൈനയുടെ പച്ച നിറഞ്ഞ പ്രദേശങ്ങളില്‍ 42 ശതമാനവും വനമാണ്. 32 ശതമാനം കൃഷിഭൂമിയും. ഇന്ത്യയുടെ കാര്യത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. നമ്മുടെ പച്ചപ്പിന്റെ 82 ശതമാനവും കൃഷിഭൂമിയും 4.4 ശതമാനം വനവുമാണ്. 2000ത്തിനു ശേഷം ഇരു രാജ്യങ്ങളിലേയും ഭക്ഷ്യ ഉത്പാദനം 35 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. കാര്‍ഷിക വിളകളുടെ വൈവിധ്യവല്‍ക്കരണവും വളങ്ങളുടെ പ്രയോഗവും ജലലഭ്യത ഉറപ്പാക്കിയതുമൊക്കെയാണ് കൃഷി പലയിടത്തും വിപുലമാക്കിയത്. 

1990കളിലാണ് വനവല്‍ക്കരണവും ആഗോളതാപനുവുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയായത്. ഇതിന്റെ ഗുണഫലമാണീ മാറ്റം. ഒപ്പം മനുഷ്യന്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ എത്രത്തോളം പ്രാപ്തരാണെന്നതിന്റെ തെളിവും. പഠനത്തില്‍ പങ്കുചേര്‍ന്ന നാസ ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇന്ത‌ൊനീഷ്യയും ബ്രസീലും പോലുള്ള രാജ്യങ്ങള്‍ വലിയ തോതില്‍ ഇപ്പോഴും വനനശീകരണം നടത്തുന്നുണ്ടെന്നും ഇത് തടയാനായില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com