sections
MORE

ലോകശക്തിയാകാൻ ഇന്ത്യ; എസ്എസ്എല്‍വി റോക്കറ്റ് ഐഎസ്ആര്‍ഒയുടെ അഭിമാനം

ISRO
SHARE

ആദ്യ വിക്ഷേപണത്തില്‍ രണ്ട് പ്രതിരോധ സാറ്റ‌്‌ലൈറ്റുകളെ വഹിച്ചായിരിക്കും എസ്എസ്എല്‍വി (സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പറന്നുയരുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായിരിക്കും പ്രഥമ വിക്ഷേപണം നടക്കുക. ആന്‍ട്രിക്‌സ് കോര്‍പറേഷന് സമാനമായരീതിയില്‍ മറ്റൊരു കമ്പനികൂടി ഐഎസ്ആര്‍ഒക്ക് കീഴില്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. 

120 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് പ്രതിരോധ സാറ്റ്‌ലൈറ്റുകളായിരിക്കും ആദ്യ വിക്ഷേപണത്തില്‍ എസ്എസ്എല്‍വിയിലുണ്ടാകുക. റോക്കറ്റിന്റെ ആകെ ഭാരം 110 ടണ്ണാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. എസ്എസ്എല്‍വിയുടെ നിര്‍മാണമടക്കം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്പനി തുടങ്ങാന്‍ ഐഎസ്ആര്‍ഒ അനുമതി തേടിയത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയും ചെയ്തതോടെ ഇതിനുള്ള നീക്കവും വേഗത്തിലാകുമെന്നും കെ. ശിവന്‍ അറിയിച്ചു. 

സ്വകാര്യമേഖലയിലെ കമ്പനികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക. ചെറു സാറ്റ്‌ലൈറ്റുകളുടെ വിക്ഷേപണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഐഎസ്ആര്‍ഒ നീക്കം. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി നേടിയ സാങ്കേതിക അറിവുകളും ഉൽപ്പന്നങ്ങളും ഇന്ത്യക്കകത്തും പുറത്തുമുള്ള ആവശ്യക്കാര്‍ക്ക് കൈമാറാനും പദ്ധതിയുണ്ട്. 

ഭാവിയില്‍ എസ്എസ്എല്‍വി റോക്കറ്റുകള്‍ പ്രതിമാസം രണ്ടോ മൂന്നോ തവണ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇന്ത്യക്കൊപ്പം മറ്റു രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളുടെ സാറ്റ്‌ലൈറ്റുകളും സ്വകാര്യ കമ്പനികളുടെ സാറ്റ്‌ലൈറ്റുകളുമായിരിക്കും പ്രധാനമായും എസ്എസ്എല്‍വി ബഹിരാകാശത്തെത്തിക്കുക. ഇതിനൊപ്പം പിഎസ്എല്‍വിയുടെ ഉൽപ്പാദനം വര്‍ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. 

കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ പുതിയ കമ്പനി ഉടന്‍ ആരംഭിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ശ്രമം. ഐഎസ്ആര്‍ഒക്ക് കീഴില്‍ ആന്‍ഡ്രിക്‌സ് കോര്‍പറേഷനു സമാനമായ രീതിയിലായിരിക്കും പുതിയ കമ്പനി രൂപീകരിക്കുക. അതേസമയം, പുതിയ കമ്പനിയുടെ പേരോ ആസ്ഥാനമോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ശിവന്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA