sections
MORE

ഭൂമിയുടെ കാന്തികധ്രുവം സൈബീരിയയിലേക്ക് നീങ്ങുന്നു, ഇന്ത്യൻ നഗരങ്ങൾക്കും ഭീഷണി

earth
SHARE

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഭൂമിയുടെ കാന്തിക ഉത്തര ധ്രുവത്തിന് പിന്നാലെയാണ് ശാസ്ത്രജ്ഞര്‍. തുടര്‍ച്ചയായി കാന്തിക ഉത്തരധ്രുവത്തിന് മാറ്റം സംഭവിക്കുന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ വൈമാനിക, കപ്പല്‍ നാവിഗേഷനുകളേയും നേരിട്ട് ബാധിക്കുമെന്നതാണ് സ്ഥിതി കൂടുതല്‍ ഗൗരവകരമാക്കുന്നത്.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കാനഡയില്‍ നിന്നും സൈബീരിയയുടെ ഭാഗത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനം. പ്രതിവര്‍ഷം 50 കിലോമീറ്ററോളമാണ് ഇതിന്റെ ചലനം. 1900 മുതല്‍ 1980 വരെ ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ അതല്ല അവസ്ഥ. 

യൂറോപ്യന്‍, അമേരിക്കന്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ പിന്തുടരുന്ന വേള്‍ഡ് മാഗ്നെറ്റിക് മോഡലിന്റെ (ഡബ്ല്യുഎംഎം) അടിസ്ഥാനമാക്കിയിരിക്കുന്നത് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ സ്ഥാനമാണ്. ചരക്കു- യാത്രാ വിമാനങ്ങള്‍, ഗൂഗിള്‍ ഭൂപടം, സ്മാര്‍ട് ഫോണിലെ ജിപിഎസ് തുടങ്ങിയവയുടെയെല്ലാം കൃത്യതക്ക് ഭൂമിയുടെ ഈ കാന്തിക മണ്ഡലവുമായി നേരിട്ട് ബന്ധമുണ്ട്. 

ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന്റെ ചലനം ശ്രദ്ധയില്‍ പെട്ടതോടെ ശാസ്ത്രലോകം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇതിന്റെ സ്ഥാനം മാറ്റി നിര്‍ണ്ണയിച്ചിരുന്നു. ബ്രിട്ടിഷ് ജിയോളജിക്കൽ സർവെ ആൻഡ് ദി നാഷണൽ ഓഷ്യാനിക, അറ്റ്മോസ്ഫെറിക് അഡ്മിനിഷ്ട്രേഷൻ (NOAA)നുമാണ് ഡബ്ല്യുഎംഎം അപ്‌ഡേഷനുകള്‍ പുറത്തുവിട്ടിരുന്നത്. 

ഇത്തവണ ഈ കാലപരിധിയും തെറ്റിയിരിക്കുന്നു. 2020ല്‍ നിശ്ചയിച്ചിരുന്ന സ്ഥാനമാറ്റം നേരത്തെയാക്കാന്‍ യുഎസ് സൈന്യം തന്നെ ആവശ്യപ്പെട്ടു. കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനം രാജ്യാന്തര സമയരേഖയും കടന്ന് പോയതാണ് പുതിയ തിടുക്കത്തിനിടയാക്കിയത്. ഇതേതുടര്‍ന്ന് ഡബ്ലുഎംഎമ്മിന്റെ പുതിയ അപ്‌ഡേഷന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് തന്നെ പുറത്തുവന്നു. 

കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളില്‍ കൃത്യതക്കുറവുണ്ടാകുമെന്നതാണ് പ്രധാന വെല്ലുവിളി. മറിച്ച് ഉത്തരകാന്തികധ്രുവത്തിന്റെ സ്ഥാനം അക്കങ്ങളിലൂടെ കൂടുതല്‍ കൃത്യമാക്കുകയാണ് ഡബ്ലുഎംഎം അപ്‌ഡേഷനുകളില്‍ ചെയ്യുന്നത്. ഇത് ജിപിഎസ് സംവിധാനത്തിന്റെ അടക്കം കൃത്യത ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. 

കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാന ചലനം ലോകത്തിന്റെ എല്ലാ ഭാഗത്തെ ജിപിഎസുകളിലും ഒരേ പോലെയല്ല ബാധിക്കുക. വടക്കന്‍ കാനഡയിലും ആര്‍ട്ടിക്കിലുമാണ് ജിപിഎസ് കൂടുതലായി തെറ്റായ ഫലം നല്‍കുക. ന്യൂയോര്‍ക്ക്, ന്യൂഡല്‍ഹി, ലണ്ടന്‍ തുടങ്ങി പലഭാഗങ്ങളിലെ നഗരങ്ങളിലും വളരെ ചെറിയ വ്യത്യാസമായിരിക്കും കാണുക. ഇന്ത്യയിലെ ചില നഗരങ്ങളിലെ ജിപിഎസ് സംവിധാനങ്ങൾക്കും ചെറിയ മാറ്റം വരുമെന്നാണ് പ്രവചനം. എന്നാല്‍ ജിപിഎസിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സൈന്യങ്ങള്‍ക്കുമെല്ലാം പുതിയ അപ്‌ഡേഷന്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA