ADVERTISEMENT

ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കേണ്ട കാലമാണു വരുന്നതെന്നു തോന്നുന്നു. 'ശാസ്ത്രം ജയിക്കും. കാരണം അതു പ്രാവര്‍ത്തികമാക്കുന്നു (Science will win, because it works.) എന്നാണ് അദ്ദേഹം പറഞ്ഞത്. കേവലം അഞ്ചു വര്‍ഷം കൊണ്ട് ശാസ്ത്രക്കുതിപ്പ് ഉണ്ടാകുമെന്നാണ് പുതിയ സൂചനകള്‍ നൽകുന്നത്.

എന്താണു മാറ്റം?

മനുഷ്യര്‍ക്ക് തലച്ചോറില്‍ പിടിപ്പിക്കാവുന്ന ഹൈ-ടെക് സ്മാര്‍ട് ചിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇതിലൂടെ ക്ഷണത്തില്‍ അറിവു വര്‍ധിപ്പിക്കാനാകുമെന്നാണ് വാദം. മനുഷ്യ മസ്തിഷ്‌ക്കത്തെ, അതിന്റെ ജൈവികാവസ്ഥയെ താറുമാറാക്കാതെ തന്നെ, ഹാക്കു ചെയ്ത് സ്മാര്‍ട് ചിപ്പുകള്‍ വയ്ക്കാനാണു ശ്രമം. തത്വത്തില്‍ ഇതിലൂടെ തലച്ചോറില്‍ നിന്നു ഇന്നേവരെ മനുഷ്യര്‍ക്കു കിട്ടിയിരിക്കുന്നതിലേറെ ശേഷിയുള്ള ഒരു കൂട്ടം മനുഷ്യര്‍ രൂപപ്പെടും. ഇന്റര്‍നെറ്റിലേക്കു തുറന്നു വച്ച തലച്ചോറുള്ള മനുഷ്യര്‍ വരുമ്പോള്‍ ഇത്രയും കാലം വിദ്യാഭ്യാസം, അറിവ്, വിജ്ഞാനം എന്നൊക്കെ പറഞ്ഞു വലിയ കാര്യമായി കൊണ്ടുനടന്നവയടക്കം പലതും പിന്നെ പഴങ്കഥയാകാം.

അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ തന്നെ തലച്ചോറില്‍ ചിപ്പ് വയ്ക്കാന്‍ പാകത്തിനുള്ള പുരോഗതി ഇപ്പോള്‍ നേടിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ബ്രിട്ടനിലെ നോര്‍ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് ഡോ. മൊറന്‍ സെര്‍ഫ് പറയുന്നത്. എന്നാല്‍ സാമൂഹികമായ അസമത്വം ഇതിലൂടെ പെട്ടെന്നുടലെടുക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ചിപ്പിനെക്കുറിച്ച് സെര്‍ഫ് പറയുന്നതനുസരിച്ച് ഇന്റര്‍നെറ്റ് ഉണ്ടെങ്കില്‍ നമ്മള്‍ ചിന്തിക്കുമ്പോള്‍ അതു വിക്കിപീഡിയയിലേക്കു പോകുമെന്നും ഇതിലൂടെ ഉത്തരം കണ്ടെത്താനാകും. ജൈവികാവസ്ഥയും സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ് അദ്ദേഹം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും സമാനാമയ പരീക്ഷണങ്ങള്‍ക്കായി പണം ചെലവാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ന്യൂറാലിങ്ക് (Neuralink) പ്രൊജക്ടും തലച്ചോറും കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനു ശ്രമിക്കുന്നു. ഒന്നിലും പിന്നോട്ടു പോകാനാഗ്രഹിക്കാത്ത ചൈനയും ഇത്തരം പ്രൊജക്ടുകള്‍ നടത്തുന്നുണ്ടെന്നാണ് കരുതുന്നത്.

അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍്‌സഡ് റിസേര്‍ച് പ്രൊജക്ട്‌സ് ഏജന്‍സിയും (Defense Advanced Research Projects Agency (DARPA) ഇത്തരം ഗവേഷണങ്ങളില്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സൈനികരുടെ ചിന്തിക്കാനുള്ള കഴിവു വര്‍ധിപ്പിക്കാനും ടെക്‌നോളജി കൂടുതലായി മനസ്സിലാക്കാനുള്ള ശേഷി കൂട്ടാനുമാണ് അവര്‍ ഇതിലൂടെ ശ്രമിക്കുന്നത്. സൈനികര്‍ക്ക് ബ്രെയിൻ‌വേവ്സിലൂടെ വിവരങ്ങള്‍ കൈമാറാനും സ്വീകരിക്കാനുമുള്ള കഴിവായിരിക്കും ഇതിലൂടെ കിട്ടുക. ഇതിനായി തുടങ്ങിയിരിക്കുന്ന ന്യൂറല്‍ ഇന്റര്‍ഫെയ്‌സ് നിര്‍മാണത്തിനുള്ള പ്രോഗ്രാമിന്റെ പേര് N3 എന്നാണ്. സൈന്യങ്ങള്‍ക്ക് ഡ്രോണുകളെയും മറ്റു പ്രതിരോധ സിസ്റ്റങ്ങളെയും തങ്ങളുടെ ചിന്തകൊണ്ട് നിയന്ത്രിക്കാനായേക്കാം! ഇതെല്ലാം ശാസ്ത്ര നോവലുകളിലും സിനിമകളിലും കാണുന്നതല്ലെയെന്ന് സംശയിക്കാമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലത്രെ. രണ്ടു രീതിയിലാണ് ഇതു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ശരീരത്തിനു പുറത്തു പിടിപ്പിച്ച ഒരു ഉപകരണത്തെ ആശ്രയിച്ച്, അല്ലെങ്കില്‍ ശസ്ത്രക്രിയ ഉപയോഗിക്കാതെ വിഴുങ്ങാവുന്നതോ, കുത്തി വയ്ക്കാവുന്നതോ, മൂക്കിലൂടെ കടത്തിവിടാവുന്നതോ ആയ ഒരു ഉപകരണത്തിന്റെ സഹായത്തോടെയോ ആയിരിക്കും ചെയ്യുക.

കഴിഞ്ഞ വര്‍ഷം പെന്റഗണ്‍ മനുഷ്യരും യന്ത്രങ്ങളുമായുള്ള അകല്‍ച്ച കുറയ്ക്കാനുള്ള പ്രൊജക്ട് തുടങ്ങിയിട്ടുണ്ട്. കൂടാതെ 2017ല്‍, സൈനിക പരിശീലനത്തിനിടയില്‍ ഇലക്ട്രിക്കല്‍ ഉദ്വീപനം സുരക്ഷിതമായി ഉപയോഗിച്ച് പഠനം എങ്ങനെ ത്വരിതപ്പെടുത്താമെന്നും കഴിവുകള്‍ വര്‍ധിപ്പിക്കാമെന്നതിനെപ്പറ്റിയും പഠനത്തിനായി ഗവേഷണ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. എട്ടു വ്യത്യസ്ത ടീമുകളാണ് ഇതിന്റെ പുരോഗതിക്കായി ജോലിയെടുക്കുന്നത്. ടാഗിറ്റിഡ് ന്യൂറോപ്ലാസ്റ്റിസിറ്റി ട്രെയ്‌നിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. ശരീരത്തിന്റെ ബാഹ്യഭാഗത്തുള്ള ഞരമ്പുകളെ ഉദ്വീപിപ്പിച്ച് പഠനം ത്വരിതപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. തലച്ചോറില്‍ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി എന്നൊരു പ്രക്രിയയെ ആക്ടിവേറ്റു ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത് പഠനവുമായി ബന്ധപ്പെട്ട് തലച്ചോറില്‍ നടക്കുന്ന ഒരു പ്രക്രിയയാണ്. വൈദ്യുതിയിലൂടെ ഇതില്‍ ഉദ്ദ്വീപനം നടത്താനാണ് ശ്രമം. ഇതു ശരിയായാല്‍ ഒരു മനുഷ്യല്‍ ആയിരക്കണക്കിനു മണിക്കൂര്‍ അധ്വാനിച്ചു സ്വായത്തമാക്കിയിരുന്ന കാര്യങ്ങള്‍ ആര്‍ക്കും ക്ഷണത്തില്‍ നേടമെന്നാണ് കണക്കു കൂട്ടല്‍.

സാധ്യതകള്‍

ഇതിനു നിരവധി സാധ്യതകളുണ്ട്. പഠനത്തെ സഹായിക്കുന്നതു കൂടാതെ, തന്റെ കൊച്ചു തലച്ചോറിനെ മാത്രം ആശ്രിയിക്കാതെ, വരുംവരായ്കകള്‍ മുഴുവനും തന്നെ മനസ്സിലാക്കി പെട്ടെന്ന് തീരുമാനമെടുക്കാം. യാത്രയ്ക്കിടയില്‍ താന്‍ ഏതു വഴിക്കാണ് പോകുന്നത് എന്നതിനെപ്പറ്റിയൊക്കെ ഇപ്പോള്‍ സാധ്യമല്ലാത്ത രീതിയില്‍ മനസ്സിലാക്കാം. സംഭാഷണങ്ങളെ അവലോകനം ചെയ്യാം, ഭീഷണി നേരത്തെ മനസിലാക്കാം.

ടെക്‌സസ് ബയോമെഡിക്കല്‍ ഡിവൈസ് സെന്ററിലെ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌സസിലെ ഡോക്ടര്‍ റോബര്‍ട്ട് റെനകര്‍ ഭാവിയിലെ പഠന രീതി ചിപ്പ് വരുന്നതോടെ മാറുമെന്നു പറഞ്ഞു. ഉദാഹരണത്തിന് നിങ്ങള്‍ക്ക് കണക്കു ചെയ്യാനോ, ക്രിക്കറ്റില്‍ ബാറ്റു ചെയ്യാനൊ എല്ലാം അറിയില്ലെന്നു സങ്കല്‍പ്പിക്കുക. ഇതു പ്രാക്ടീസ് ചെയ്യുമ്പോള്‍ ഓരോ തവണയും നിങ്ങള്‍ ശരിക്കു ചെയ്യുമ്പോള്‍ ലൈറ്റു കത്തും. വെയ്ഗസ് (vagus) ഞരമ്പിനെ ഉദ്ദീപിപ്പിച്ചാണ് പഠന രീതിയില്‍ മാറ്റം വരുത്തുകയത്രെ. പഠന സമയത്ത് കൃത്രിമമായി രാസവസ്തുക്കള്‍ പുറത്തുവിട്ടാണ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നത്.

തലയോട്ടിയില്‍ തുളയിടാതെ പുതിയ സാങ്കേതികവിദ്യ എങ്ങനെ കൊണ്ടുവരാമെന്ന ഗവേഷണത്തിലാണ് ലോകമെമ്പാടും ശാസ്ത്രജ്ഞരെന്ന് സെര്‍ഫ് പറഞ്ഞു. ഇതു നല്ലതാണെങ്കിലും പൊതുജനം ഇതുപയോഗിക്കുന്നുണ്ടെങ്കില്‍ സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും.

എങ്ങനെയാണ് അസന്തുലിതാവസ്ഥ കൊണ്ടുവരുന്നത്?

ഇതൊക്കെ വരുമോ എന്ന കാര്യത്തില്‍ അല്‍പ്പം സംശയം സൂക്ഷിക്കുന്നതു നല്ലതാണ്. വന്നാല്‍ ഇതു നല്ലതല്ലെ? എങ്ങനെയാണ് സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക? തുടക്കത്തില്‍ ഇതു വളരെ ചിലവേറിയ പ്രക്രിയയായിരിക്കാം. വന്‍ പണക്കാര്‍ക്കു മാത്രം സാധ്യമാകുന്ന ഒന്നാകാം. സ്മാര്‍ട് ഫോണ്‍ പോലെ വിറ്റു കാശാക്കാന്‍ ഉദ്ദേക്കുന്നില്ലെങ്കിലോ? കാരണം എന്നും മനുഷ്യര്‍ മറ്റുള്ളവുരടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ തല്‍പ്പരാരായിരുന്നുവെന്നു കാണാം. ഒരു കൂട്ടം ആളുകള്‍ക്ക് ഇതു കൃത്യമായ മേല്‍ക്കൊയ്മ ലഭിക്കുമെങ്കില്‍ ഒരു കണ്‍സ്യൂമര്‍ ഉപകരണം പോലെ എല്ലാവരിലേക്കും എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കരുതുക. അല്ലെങ്കില്‍ മറ്റു ചില രാജ്യങ്ങളിലേക്കു വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലോ? മാത്രമോ, ഇത്തരമൊരു സാങ്കേദികവിദ്യ എന്തു വിശ്വസിച്ചാണ് പിടിപ്പിക്കുക?

ബാഹ്യശക്തിക്ക് നിങ്ങളെ നിഷ്പ്രയാസം നിയന്ത്രിക്കാനാകും? ചൈനക്കാര്‍ (അല്ലെങ്കില്‍ ഏതെങ്കിലും രാജ്യം) ചെലവു ചുരുക്കിയൊ അല്ലാതെയോ ഒരു ചിപ്പു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചുവെന്നു കരുതുക. അതുവയ്ക്കാന്‍ നിങ്ങള്‍ തയാറാകുമോ? ചുരുക്കിപ്പറഞ്ഞാല്‍ ഇതു എല്ലാവരിലേക്കും എത്തണമെന്ന് നിര്‍ബന്ധമില്ല. ഇത്തരം സാങ്കേതികവിദ്യ ആദ്യം ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ വന്‍ കുതിപ്പു നടത്തിയേക്കാമെന്നാണ് പലരും പറയുന്നത്.

ഓര്‍ക്കേണ്ടത് ഹോക്കിങ്ങിന്റെ വാചകമാണ്. ശാസ്ത്രം കൊണ്ടുവരുന്ന ഭാവിക്കായി പടിഞ്ഞാറന്‍ ലോകം ഒരുങ്ങുകയാണ്. ഇന്ത്യ, ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ ശരാശരിക്കാരെ ഇത്തരം കാര്യങ്ങള്‍ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് ആശങ്കപ്പെടുന്ന പടിഞ്ഞാറന്‍ ചരിത്രകാരന്മാരുണ്ട്. പാരമ്പര്യ ബോധ്യങ്ങളെ ആഞ്ഞു പുല്‍കുകയാണോ, ശാസ്ത്ര സാധ്യകള്‍ ആരായുകയാണോ വേണ്ടതെന്ന കാര്യത്തില്‍ പ്രതീക്ഷിച്ചതിലും നേരത്തെ തീരുമാനമെടുക്കേണ്ടതായി വരുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com