ADVERTISEMENT

ശാസ്ത്രത്തിനുമേല്‍ പടുത്തുയര്‍ത്തപ്പെട്ടവയല്ല പല സമൂഹങ്ങളും. കുട്ടികളുടെ ശാസ്ത്ര സംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കണമെന്നുമില്ല. വിളിപ്പുറത്ത് ഇന്റര്‍നെറ്റില്ലേ എന്നു ചോദിച്ചാലും ഇതുപയോഗിച്ച് വേണ്ടവ കണ്ടത്താന്‍ സാധിക്കുന്നവരുടെ എണ്ണം കുറവാണ്. ഇതിനെല്ലാം ഒരു പരിഹാരമെന്ന നിലയിലാണ് കേരളത്തിന്റെ വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനത്തില്‍ ടെലിഫോണ്‍ ഹെല്‍പ്‌ലൈന്‍ തുറന്നത്.

വേറിട്ടതാണ് ഈ ഉദ്യമം. ദേശീയതലത്തില്‍ പോലും ഇത്തരത്തില്‍ മറ്റൊന്നില്ല എന്നാണ് കരുതുന്നത്. ഇവിടെ 20 ഗവേഷണ പണ്ഡിതരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50 വിദഗ്ധരുടെ സേവനവും തേടുന്നുണ്ട്. ഇന്ത്യയൊട്ടാകെയുള്ളവര്‍ക്ക് ഫസ്റ്റ് ക്വിസ്റ്റ്യൻ (First Question) എന്നു പേരിട്ടിരിക്കുന്ന ഈ സേവനം പ്രയോജനപ്പെടുത്താന്‍ 0487-2690222 എന്ന നമ്പറില്‍ വിളിക്കാം. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെ പറ്റിയുമുള്ള സംശയ ദുരീകരണത്തിനു വിളിക്കാമെങ്കിലും ജോലി, ജോലി സാധ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കില്ല.

കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെന്നു പറയുന്ന ഈ സേവനത്തിന് ഇപ്പോള്‍ ഒരു പോരായ്മയുണ്ട്. ഈ സേവനം രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയായാണ് ലഭ്യമാക്കിയിരിക്കുന്നത്. അതും തിങ്കള്‍ മുതല്‍ വെള്ളി വരെ. ഹെല്‍പ് ലൈന്‍ ലഭ്യമാക്കിയിരിക്കുന്ന സമയത്ത് മിക്ക കുട്ടികളും സ്‌കൂളുകളിലായിരിക്കുമെന്നതാണ് പ്രശ്‌നം. സമയം രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ ആക്കാന്‍ നീക്കമുണ്ടെന്നും പറയുന്നു. ഒരു പക്ഷേ, ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ ഈ ഉദ്യമം കൂടുതല്‍ അര്‍ഥവത്തായേക്കാം. പിന്നെ, വിദ്യാര്‍ഥികള്‍ എന്നത് സ്‌കൂള്‍ തലം മാത്രമല്ല എന്നുള്ളതും കുട്ടികള്‍ക്കു വേണ്ടി മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിളിക്കാമെന്നതും പ്രയോജനപ്പെടുത്താവുന്ന കാര്യങ്ങളാണ്.

കേരളാ ഫോറസ്റ്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയത് 1975ല്‍ ആണ്. തൃശൂര്‍ ജില്ലയില്‍ പീച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഒരു ഹെല്‍പ്‌ലൈന്‍ 2009ല്‍ തുടങ്ങിയിരുന്നു. ഗാഡ്ഗില്‍ കമ്മറ്റിയുടെ പശ്ചിമ ഘട്ടത്തെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനായി മറ്റൊരു ഹെല്‍പ്‌ലൈന്‍ 2012ല്‍ തുറന്നിരുന്നു. 2018ലെ വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ തുടങ്ങിയിരുന്നു. പുതിയ ഹെല്‍പ്‌ലൈന്‍ ചരിത്രകാരനായ രാജന്‍ ഗുരുക്കളുടെ ഒരു പ്രസംഗത്തില്‍ നിന്ന് ആവേശം കൊണ്ട് തുടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനം കുട്ടികളെ സംശയങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നില്ലെന്നും ഇതു മാറണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചില വിദേശ രാജ്യങ്ങളില്‍ ഒരു മണിക്കൂര്‍ ക്ലാസില്‍ അധ്യാപകന് 45 മണിക്കൂര്‍ ലക്ച്വർ നടത്താനാണ് അനുവാദം. പിന്നെ 15 മിനിറ്റു നേരത്തേക്ക് അധ്യാപകനോട് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. തനിക്ക് അറിയാത്ത ചോദ്യങ്ങള്‍ അറിയില്ലെന്നു പറഞ്ഞ് അടുത്ത ദിവസത്തേക്ക് ഉത്തരം പറയാന്‍ മാറ്റിവയ്ക്കാം. എന്നാല്‍ രണ്ടാം ദിവസവും ഉത്തരം പറയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് നെഗറ്റീവ് മാര്‍ക്ക് വീഴും. ഇത് വരും വര്‍ഷത്തെ അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും സ്വീകരിക്കണോ എന്ന് സ്‌കൂള്‍ അധികാരികള്‍ക്ക് തീരുമാനമെടുക്കാനും ഉപകരിക്കും. ഓരോ ദിവസവും കുട്ടികളും പാഠഭാഗങ്ങള്‍ പഠിച്ചു കൊണ്ടായിരിക്കും എത്തുക. അങ്ങനെ പഠനം അര്‍ഥവത്തായ ഒരു കൊടുക്കല്‍ വാങ്ങലായി മാറുന്നു.

കുട്ടികള്‍ക്കായി തുടങ്ങിയിരിക്കുന്ന ഹെല്‍പ്‌ലൈനിലും എല്ലാ ചോദ്യത്തിനും അപ്പോള്‍ തന്നെ മറുപടി ലഭിക്കണമെന്നില്ല. പക്ഷേ, അറിയില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അവര്‍ കുട്ടികളെ തിരിച്ചു വിളിക്കും. ഭാവിയില്‍ കുട്ടികള്‍ക്ക് ഉപകാരപ്രദമായ യുട്യൂബ് വിഡിയോകള്‍ നിര്‍മിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com