sections
MORE

നിങ്ങളറിയാതെ നിങ്ങളുടെ കിടക്ക പങ്കിടുന്നവര്‍, മാര്‍ട്ടിന്‍ കാണിച്ചത് ഞെട്ടിക്കും ദൃശ്യങ്ങള്‍

bug-
SHARE

ങേ അങ്ങിനെയും ആള്‍ക്കാരുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. സംഭവം സത്യമാണെന്നാണ് ബയോമെഡിസിന്‍ വിദ്യാര്‍ഥിയായ മാര്‍ട്ടിന്‍ കേ ക്രിസ്റ്റിയാന്‍സന്‍ സാക്ഷ്യപ്പെടുത്തുന്നത്. ആ അത് വല്ല സൂക്ഷ്മജീവികളുമാണെന്ന് കരുതി ആശ്വസിക്കാനാണ് ശ്രമമെങ്കില്‍ അതിനും വകയില്ല. ഈ ബയോ മെഡിസിന്‍ വിദ്യാര്‍ഥി കിടക്കയില്‍ നിന്നും കണ്ടെത്തിയ ജീവികളില്‍ പലതും കണ്ണുകൊണ്ട് കാണാനാകുന്നവയാണ്. 

കിടക്കയിലേയും കട്ടിലിലേയും ഒളികേന്ദ്രങ്ങളില്‍ നിന്നും പാതിരാത്രിയാണ് ഇവ പുറത്തിറങ്ങാറ്. മനുഷ്യരാല്‍ പിടിക്കപ്പെടുന്നതില്‍ താത്പര്യമില്ലാത്തതിനാല്‍ ഇവയെ സാധാരണയായി ആരും കാണാറുമില്ല. സില്‍വര്‍ഫിഷ്, പൊടികളിലെ ചെറു ചാഴി, പുസ്തകപുഴുക്കളെ പോലുള്ളവ, ചിതലിന്റെ  വകഭേദങ്ങള്‍ എന്നിങ്ങനെ പലരും നമുക്കൊപ്പം കിടക്ക പങ്കിടുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും ഇവ പലപ്പോഴും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. 

കണ്ടെത്തിയ ചെറുജീവികളില്‍ പലതിനും ആപ്പിളിന്റെ കുരുവിനേക്കാള്‍ വലിപ്പം കുറവാണ്. കിടക്കയുടെ അടിഭാഗം കട്ടിലിന്റെ ഫ്രയിമിലെ അരികുകള്‍, പുതപ്പ്, തുണി, കിടക്കക്കടുത്തുള്ള ഫര്‍ണീച്ചറുകള്‍ എന്നിവയൊക്കെയാണ് ഈ കൂട്ടുകിടപ്പുകാരുടെ ഒളിസങ്കേതങ്ങള്‍. 

ഐഫോണില്‍ മൈക്രോസ്‌കോപ് ഘടിപ്പിച്ചാണ് മാര്‍ട്ടിന്‍ ഇവയുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തത്. ഇക്കൂട്ടത്തില്‍ സുതാര്യമായ ശരീരമുള്ള ജീവികള്‍ വരെയുണ്ട്. സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഇവയെ കണ്ടെത്തുക അസാധ്യമാണ്. ഈ ജീവികളെയെല്ലാം സ്വന്തം കിടക്കയില്‍ നിന്നാണ് മാര്‍ട്ടിന്‍ ക്രിസ്റ്റിയാന്‍സന്‍ കണ്ടെത്തിയതെന്നാണ് മറ്റൊരു വസ്തുത. മറ്റേതൊരു സാധാരണ വീട്ടിലേയും പോലെ വൃത്തിയില്‍ തന്നെയാണ് തന്റെ മുറിയുള്ളതെന്ന് ദൃശ്യങ്ങള്‍ സഹിതം ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും കിടക്കയില്‍ അധികമാരുമറിയാത്ത കൂട്ടുകാര്‍ നിരവധിയാണ്. 

താന്‍ കണ്ടെത്തിയ കിടക്കയിലെ ചെറുജീവികള്‍ മൂട്ടയാണെന്ന തെറ്റിദ്ധാരണയോ ആശ്വാസമോ വേണ്ടെന്നും ക്രിസ്റ്റാന്‍സണ്‍ പറയുന്നുണ്ട്. പൊതുവെ എല്ലാവര്‍ക്കും പരിചിതമായ മൂട്ടകളെക്കുറിച്ചല്ല ഈ വിദ്യാര്‍ഥി പറയുന്നത്. മൂട്ടകള്‍ കടിച്ചാല്‍ ആ ഭാഗം വേദനയോടെ വീര്‍ക്കുകയോ ചൊറിച്ചില്‍ അനുഭവപ്പെടുകയോ ചെയ്യാറുണ്ട്. ആ മൂട്ടയുടെ അത്ര പരിചിതമല്ലാത്ത കൂട്ടുകാരെക്കുറിച്ചാണ് ഈ ബയോ മെഡിസിന്‍ വിദ്യാര്‍ഥി പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA