ADVERTISEMENT

ഒന്നോ രണ്ടോ ദിവസം തുടരുന്ന കൊടുങ്കാറ്റിനെത്തന്നെ നേരിടാൻ ലോകത്തിലെ ഒരു പ്രദേശത്തിനും സാധിക്കില്ല. കടലിൽ രൂപപ്പെട്ടു കരയിലേക്കു പാഞ്ഞെത്തുന്ന സൈക്ലോണുകൾ അഥവാ ചുഴലിക്കൊടുങ്കാറ്റുകളാണെങ്കിൽ പ്രത്യേകിച്ച്. സാധാരണ ഗതിയിൽ കരയിൽ എത്തുമ്പോൾ ഭൗമപ്രതലവുമായുള്ള ഘർഷണം കാരണം സൈക്ലോണുകളുടെ ശക്തി കുറയുകയാണു പതിവ്. എന്നാൽ 350 വർഷത്തോളം യാതൊരു മാറ്റവുമില്ലാതെ ഒരു ചുഴലിക്കാറ്റ് കറങ്ങിക്കൊണ്ടേയിരുന്നാൽ എങ്ങനെയുണ്ടാകും? അതും ഭൂമിയെത്തന്നെ ‘വിഴുങ്ങാൻ’ തക്ക വലുപ്പമുള്ള ഒരു കൊടുങ്കാറ്റ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലാണ് ഇതുള്ളത്–ചുവന്ന രാക്ഷസൻ എന്നറിയപ്പെടുന്ന ‘ദ് ഗ്രേറ്റ് റെഡ് സ്പോട്ട്’.

 

1830 മുതലാണ് വ്യാഴത്തിലെ ഈ അസാധാരണ പ്രതിഭാസം മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുന്നത്. അന്നു മുതൽ ഇതിനെ വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മൂന്നു നൂറ്റാണ്ടിലേറെയായി കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത ഈ ഗ്രേറ്റ് സ്പോട്ട് പക്ഷേ ഇപ്പോൾ ചുരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഒപ്പം ആകൃതിയും നിറവും മാറുന്നുണ്ടെന്നും മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്ര ഗവേഷക ഡോണ പിയേഴ്സ് വ്യക്തമാക്കുന്നു. ഘടികാരക്രമത്തിനു നേർവിപരീതമായാണ് ഈ കൊടുങ്കാറ്റിന്റെ കറക്കം. അതിനാൽത്തന്നെ ആന്റിസൈക്ലോൺ എന്നാണു പേര്. നൂറുകണക്കിന് വർഷം നിലനിൽക്കാനുള്ള ശേഷിയുണ്ട് ഇത്തരം ചുഴലിക്കാറ്റുകൾക്ക്. മണിക്കൂറിൽ 500 കി. മീ. വരെയെത്തും വേഗം. 

 

സൗരയൂഥത്തിലെ ഏറ്റവും നിഗൂഢമായ കാലാവസ്ഥ എന്നാണ് വ്യാഴത്തിലേതിനെ വിശേഷിപ്പിക്കന്നത്. ഭൂമിയുടെ കാലാവസ്ഥ രൂപപ്പെടുന്നത് സൂര്യനിൽ നിന്നുള്ള ചൂടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ വ്യാഴത്തിന് ‘ചൂട്’ ലഭിക്കുന്നത് സൂര്യനിൽ നിന്നല്ല. മറിച്ച് അതിന്റെ ഉള്ളിൽ നിന്നുതന്നെയാണ്. പലതരത്തിലുള്ള വാതകങ്ങൾ വ്യാഴത്തിന്റെ ആഴങ്ങളിൽ ചൂടുപിടിച്ചു കൊണ്ടേയിരിക്കുന്നു. ഈ ചൂട് മുകളിലേക്ക് ഉയരുന്നു. അതിൽ നിന്നു വാതകരൂപത്തിൽ പല രാസവസ്തുക്കളുമുണ്ടാകുന്നു. ഈ വാതകങ്ങളാണ് വ്യാഴത്തിനു ചുറ്റുമായി കാണുന്ന പ്രത്യേകതരം മേഘങ്ങൾ രൂപപ്പെടാൻ കാരണം. ഇതോടൊപ്പം വ്യാഴത്തിന്റെ ഭ്രമണ വേഗത്തെപ്പറ്റിയും അറിയണം– മണിക്കൂറിൽ ഏകദേശം 29,000 മൈൽ വേഗത്തിലാണത്. ഒരു ‘ക്ഷീണ’വുമില്ലാതെ തുടർച്ചയായാണു കറക്കം. ഭൂമി അതിന്റെ സാങ്കൽപിക അച്ചുതണ്ടിൽ ഒരുതവണ കറങ്ങിത്തീർക്കാൻ 24 മണിക്കൂറെടുക്കുമ്പോള്‍ വ്യാഴത്തിന് ഒൻപതു മണിക്കൂർ. മതി. 

 

ഇങ്ങനെ ഭ്രമണ വേഗവും ഒപ്പം ‘ചൂടൻ’ വാതകങ്ങളും ചേരുന്നതോടെ തികച്ചും അപരിചിതമായ കാലാവസ്ഥ വ്യാഴത്തിൽ രൂപപ്പെടുന്നു. കൂടാതെ റെഡ് സ്പോട്ട് എന്ന രാക്ഷസനും രൂപം നൽകുന്നു. കഴിഞ്ഞ 350ലേറെ വർഷങ്ങളായി മണിക്കൂറിൽ 250 മൈൽ വേഗം എന്ന കണക്കിനാണ് ഈ ആന്റിസൈക്ലോണിന്റെ കറക്കം. അതിലേക്കു മറ്റു ചെറു സൈക്ലോണുകൾ കയറിവന്നാൽ നിമിഷങ്ങൾക്കകം റെഡ് സ്പോട്ട് ഇല്ലാതാക്കിക്കളയും! ഭൂമിയിലെ കരയ്ക്കു സമാനമായി സൈക്ലോണിന്റെ വേഗം കുറയ്ക്കാന്‍ വ്യാഴത്തിൽ കരയില്ല.  ഉണ്ടെങ്കിൽത്തന്നെ ആഴങ്ങളിലെവിടെയോ ആണ്. അതിനെ മൂടി വാതകപാളികളും. ആ വാതകങ്ങളാകട്ടെ ഒരിക്കലും നിലയ്ക്കാത്ത വിധം ചൂടും ഉൽപാദിപ്പിക്കുന്നു, ഭ്രമണവേഗത്തിനുമില്ല കുറവ്. അതോടെ സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ആന്റിസൈക്ലോൺ റെഡ് സ്പോട്ടിന്റെ രൂപത്തിൽ വ്യാഴത്തിൽ രൂപപ്പെട്ടു. 

 

ഹൈഡ്രജനും ഹീലിയവുമാണ് വ്യാഴത്തിലെ പ്രധാന വാതകങ്ങൾ. ബാക്കിയുള്ളവ ഏതൊക്കെയാണെന്നു പോലും ഇന്നും ശാസ്ത്രത്തിന് അജ്ഞാതം. അതിനാൽത്തന്നെ വ്യാഴത്തിനു ചുറ്റുമുള്ള വാതകമേഘങ്ങളുടെ വൈവിധ്യമാർന്ന നിറങ്ങൾക്കു പോലും വിശദീകരണം കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് റെഡ് സ്പോട്ട് കൂടുതൽ വൃത്താകൃതിയിലേക്കു മാറുന്നതായി കണ്ടെത്തിയത്. ചുവപ്പു മാറി നിറത്തിലും ഇടയ്ക്കിടെ മാറ്റം വരുന്നു. പക്ഷേ അതിന്റെയും കാരണം അവ്യക്തം. വ്യാഴത്തിന്റെ ഈ നിഗൂഢത പിടിതരാതായതോടെയാ‌ണ് നാസ ജൂണോ പേടകം അയച്ചത്. നിലവിൽ വ്യാഴത്തെ ചുറ്റി ഈ പേടകം ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുകയാണ്. റെഡ് സ്പോട്ടിന്റെയും വാതകമേഘങ്ങളുടെയും പുതിയ ചിത്രങ്ങൾക്കൊപ്പം അതിനു പിന്നിലെ രഹസ്യവും വെളിപ്പെടുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com