sections
MORE

യുഎസ്–റഷ്യ സ്പേസ് യുദ്ധം ഭൂമിയെ ഇരുട്ടിലാക്കും, ജനങ്ങള്‍ 'തടവിലും'

space-war
SHARE

ഏതെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ ബഹിരാകാശ യുദ്ധം നടന്നാല്‍ അത് അവസാനത്തേതും ആയിരിക്കും. അതിനുശേഷം ബഹിരാകാശം നിറയെ തകര്‍ന്ന സാറ്റലൈറ്റുകളുടെയും മറ്റും ഉപയോഗശൂന്യമായ വസ്തുക്കള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കും. പിന്നീട് ഭൂമിയില്‍ നിന്ന് ഒരു ബഹിരാകാശ പേടകം പോലും അയക്കാനാകില്ല. ഇപ്പോഴുള്ള സാറ്റലൈറ്റുകളെ മുഴുവന്‍ ഇടിച്ചു പൊട്ടിച്ചുകളയുകയും ചെയ്യുമെന്നു പറഞ്ഞ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചലിന്റെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് അമേരിക്ക ബഹിരാകാശ യുദ്ധ സജ്ജീകരണങ്ങള്‍ നടത്തുന്നതെന്നാണ് ഉയരുന്ന പുതിയ ആരോപണം.

അമേരിക്കയുടെ ആക്ടിങ് ഡിഫന്‍സ് സെക്രട്ടറിയായ പാട്രിക് ഷാനഹന്‍ പറയുന്നത് ഇപ്പോള്‍ ബഹിരാകാശ യുദ്ധം നടന്നാല്‍ തങ്ങള്‍ ജയിക്കുമെന്നാണ്. ആരു ജയിച്ചാലും ജയിച്ചില്ലെങ്കിലും അത്തരമൊരു യുദ്ധം നടന്നാല്‍ ഭൂമിയിലെ ജനങ്ങള്‍ മുഴുവന്‍ ജയില്‍പ്പുള്ളികളാകുന്നതിനു സമമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാറ്റലൈറ്റ് വഴി സാധാരണ ജനങ്ങള്‍ പോലും ഇന്ന് ആസ്വദിച്ചുകൊണ്ടിരിക്കുന്ന പലതും ആ യുദ്ധത്തോടെ ഇല്ലാതാകുകയും ചെയ്യും. ഭാഗ്യവശാല്‍ ഷാനഹന്റെ വാദം വെറും വീമ്പിളക്കലായി തള്ളിക്കളയാമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നനത്. ഷാനഹനെ സ്ഥിരം പ്രതിരോധ സെക്രട്ടറിയാക്കണോ എന്നറിയാന്‍ അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം പറഞ്ഞത് ചൈനയ്ക്കും റഷ്യയ്ക്കുമെതിരെ സ്‌പേസ് യുദ്ധം വന്നാല്‍ അമേരിക്ക ജയിക്കുമെന്ന കാര്യത്തില്‍ താന്‍ പൂര്‍ണ്ണമായും അത്മവിശ്വാസമുള്ളവനാണെന്ന്. 

ബഹിരാകാശ യുദ്ധവിരുദ്ധ സംഘടനയുടെ (Global Network Against Weapons and Nuclear Power in Space) സംഘാടകന്‍ ബ്രൂസ് ഗാഗണോട് ഇതേക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് അദ്ദേഹം മിച്ചലിന്റെ വാക്കുകള്‍ ഓര്‍മിച്ചെടുത്തത്. എന്നാല്‍ ആക്ടിങ് ഡിഫെന്‍സ് സെക്രട്ടറിയുടെ വാക്കുകളില്‍ വലിയ പുതുമയൊന്നുമില്ല. 1980കളില്‍ മുന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ കാലം മുതല്‍ ബഹിരാകാശത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയ്യിലായിരിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നു കാണാം. കരയിലും, കടലിലും, ആകാശത്തിലും, ബഹിരാകാശത്തിലുമുള്ള യുദ്ധത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയവശമായിരിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു.

യുദ്ധം ചെയ്യാനുള്ള മറ്റൊരിടമായാണ് അമേരിക്ക സ്‌പേസിനെ കാണുന്നത്. അവര്‍ക്ക് ഒരു മുദ്രാവാക്യമുണ്ട് എല്ലായിടത്തും തങ്ങളായിരിക്കണം മേധാവികള്‍ (full spectrum dominance' ) എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എല്ലായിടത്തും അമേരിക്കന്‍ സൈന്യമായിരിക്കണം യുദ്ധത്തെ നിയന്ത്രിക്കുന്നത്.

ഇക്കാര്യത്തില്‍ റഷ്യയും ചൈനയും പോലും പ്രശംസയര്‍ഹിക്കുന്നുവെന്നാണ് ഗാഗണ്‍ പറയുന്നത്. ബഹിരാകശത്ത് ശാന്തി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ദൗത്യത്തിന് (Prevention of an Arms Race in Outer Space (PAROS) അവര്‍ തങ്ങളുടെ പിന്തുണ നല്‍കുന്നുണ്ട്. പക്ഷേ, ഇതിനു വിലങ്ങുതടിയായി നില്‍ക്കുന്നത് അമേരിക്കയും ഇസ്രയേലുമാണെന്നും അദ്ദേഹം പറയുന്നു. പതിറ്റാണ്ടുകളായി റഷ്യയും ചൈനയും പറയുന്നത് കുതിര പുറത്തു ചാടുന്നതിനു മുൻപു തന്നെ നമുക്ക് ലായത്തിന്റെ വാതില്‍ അടയ്ക്കാമെന്നാണ്.

മറ്റൊരു ചോദ്യം എന്തു ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ചാണ് അമേരിക്ക ഈ യുദ്ധം ജയിക്കാനിറങ്ങുന്നത് എന്നതാണ്. അവര്‍ക്ക് ഇപ്പോള്‍ സ്പേസിലുള്ളത് നിരീക്ഷണ ഉപഗ്രഹങ്ങള്‍ മാത്രമാണ്. മൂന്നു രീതിയല്‍ തങ്ങള്‍ ബഹിരാകാശത്ത് സൈനിക സാങ്കേതികവിദ്യ നിര്‍മിക്കുന്നതായി അമേരിക്കയുടെ ഡിഫന്‍സ് ഏജന്‍സി (Defense Advanced Research Projects Agency (DARPA) 2002ല്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ ഒന്ന് സ്‌പേസ് ഇന്റര്‍സെപ്റ്ററുകളാണ്. അവ ബാലിസ്റ്റിക് മിസൈലുകളെ ഇല്ലായ്മ ചെയ്യും. ശക്തമായ ലേസറുകളുള്ള സ്‌പേസ് പ്ലാറ്റ്‌ഫോമുകളും കാണും. (ഇവ ന്യൂക്ലിയര്‍ ശക്തിയോടു കൂടിയവയും ആകും. ഇവ അമേരിക്കയുടെ സ്വയം രക്ഷയ്ക്കു വേണ്ടിയുമാകും.) കൂടാതെ ഭൂമിയിലെ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ സ്‌പേസ് റ്റു സര്‍ഫസ് മിസൈലുകളും കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊന്നും ഇന്നുവരെ അമേരിക്കയ്ക്കു നിര്‍മിക്കാനായിട്ടില്ല.

എന്നാല്‍, അമേരിക്കയെ പോലെയല്ലാതെ റഷ്യ അടുത്തകാലത്ത് ശരിക്കുള്ള മിലിറ്ററി ലേസര്‍ സിസ്റ്റം നിര്‍മിച്ചു. അവയെ ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയും റഷ്യയുടെ കൈയ്യിലുണ്ട്. റഷ്യയ്ക്കു വേണമെങ്കില്‍ അതു ചെയ്യാം. യുഎസ്എസ്ആര്‍ നിരവധി സ്‌പേസ് മിലിറ്ററി സിസ്റ്റങ്ങളും നിര്‍മിച്ചിരുന്നു. അവ ടെസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അവയിലൊന്നാണ് R-36ORB മിസൈല്‍. അതിന് ഒരു ബഹിരാകാശ പേടകമായി ഭ്രമണപഥത്തില്‍ കഴിയാനും ഭൂമിയിലെ ലക്ഷ്യത്തിലേക്ക് ആയുധം അയക്കാനും സാധിച്ചിട്ടുണ്ട്. 1993ല്‍ പോലും ഇതിനെ ഉപയോഗിച്ചിട്ടുണ്ട്. റഷ്യയ്ക്ക് അല്‍മാസ് (Almaz) സ്‌പേസ് യുദ്ധ സ്റ്റേഷനുകളുമുണ്ട്. ഇവയിലൂടെ സ്‌പെസ്‌ക്രാഫ്റ്റുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാനുമാകും.

ചൈനയും അതി ശക്തരായ എതിരാളികളാണ്. അവര്‍ക്കും ആന്റി-സാറ്റലൈറ്റ്, ആന്റി-മിസൈല്‍ സിസ്റ്റങ്ങള്‍ ഭ്രമണപഥത്തിലുണ്ട്. സഞ്ചാരികളുമായുള്ള സ്‌പേസ് പ്രോഗ്രാമുകളും ചൈന പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. ഇതൊക്കെയാണെങ്കിലും റഷ്യയും ചൈനയും ബഹിരാകാശ യുദ്ധം വേണ്ടെന്നു വയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അമേരിക്ക സ്‌പേസും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA