ADVERTISEMENT

ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ക്ക് സാധ്യതയുള്ള രണ്ടായിരത്തോളം നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞു. അന്യഗ്രഹജീവന്‍ തേടുന്ന നാസയുടെ 'ടെസ്' ദൗത്യത്തിന്റെ ഭാഗമായാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ടര ലക്ഷം നക്ഷത്രങ്ങളില്‍ നിന്നാണ് ടെസ് ഈ രണ്ടായിരം നക്ഷത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നാസയുടെ ടെസ് (Transiting Exoplanet Survey Satellite) ദൗത്യം ആരംഭിക്കുന്നത്. ഒരു ചെറു ഫ്രിജിനോളം വലുപ്പമുള്ള ടെസിനെ ബഹിരാകാശത്തെത്തിച്ചത് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരുന്നു. നമ്മുടെ ആകാശത്തിന്റെ 85 ശതമാനം ഭാഗവും നിരീക്ഷിക്കാന്‍ കഴിയും വിധമാണ് ടെസിന്റെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം.

ഭൂമിയില്‍ നിന്നും 30 മുതല്‍ 300 പ്രകാശവര്‍ഷം വരെ അകലെയുള്ള നക്ഷത്രങ്ങളെയാണ് ടെസ് നിരീക്ഷിക്കുക. ഇതില്‍ നിന്നും ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ക്ക് സാധ്യതയുള്ള താരാപഥങ്ങളെ വേര്‍തിരിച്ച് എടുക്കുകയാണ് ടെസിന്റെ ദൗത്യം. അതിനൊപ്പം ഭൂമിയോട് ഏറ്റവും അടുത്തുള്ള ഇത്തരം ജീവന് സാധ്യതയുള്ള ഗ്രഹങ്ങളെ തിരിച്ചറിയാനും ടെസ് ശ്രമിക്കും.

രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൗത്യത്തിനിടെ ആകാശത്തെ 26 ഭാഗങ്ങളാക്കിയാണ് ടെസ് നിരീക്ഷണം നടത്തുക. ആദ്യ വര്‍ഷം 13 ഭാഗങ്ങളാക്കി ദക്ഷിണ ഭാഗവും പിന്നീട് ഉത്തരഭാഗവും നിരീക്ഷിക്കും. ഏകദേശം രണ്ട് ആഴ്ച (13.7ദിവസം) സമയമെടുത്താണ് അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ ടെസ് ഭൂമിയെ ഒരു തവണ വലംവെക്കുക.

ഗൂഗിളിന്റേയും കാവ്ള ഫൗണ്ടേഷന്റെയും മുതല്‍ മുടക്കില്‍ 2006ലാണ് ടെസ് പദ്ധതി ആരംഭിക്കുന്നത്. പിന്നീട് 2010ല്‍ നാസയും എംഐടിയും ഇതില്‍ പങ്കാളികളായി. 2013ല്‍ നാസയുടെ മീഡിയം എക്‌സ്‌പ്ലോറര്‍ പദ്ധതിയായി ടെസ് അംഗീകരിക്കപ്പെട്ടു. ഏറ്റവും വ്യക്തമായ ചിത്രങ്ങളെടുക്കുന്നതിനും ഹാനികരമായ വികിരണങ്ങളില്‍ നിന്നും രക്ഷപ്പെടാനും ഭൂമിയോടു ചേര്‍ന്നുള്ള ഭ്രമണപഥമാണ് ടെസ് സ്വീകരിച്ചിട്ടുള്ളത്. ഇത് വേഗത്തില്‍ ചിത്രങ്ങളയക്കാനും സഹായിക്കും. ഭൂമിയോട് ഒരു ലക്ഷം കിലോമീറ്റര്‍ വരെ അടുത്തും പരമാവധി മൂന്നേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലത്തിലുമാണ് ടെസ് ഭൂമിയെ വലംവെക്കുക.

രണ്ടായിരത്തോളം ഗ്രഹസമാന വസ്തുക്കളെ കണ്ടെത്തിയ കെപ്ലര്‍ ദൂരദര്‍ശിനിയുടെ പിന്‍ഗാമിയായാണ് ടെസ് അറിയപ്പെടുന്നത്. 2009ലായിരുന്നു നാസ കെപ്ലര്‍ വിക്ഷേപിച്ചത്. ഒൻപത് വര്‍ഷങ്ങള്‍ക്കു ശേഷം വിക്ഷേപിക്കപ്പെട്ട ടെസില്‍ കൂടുതല്‍ ആധുനികമായ സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. കെപ്ലറിനെ അപേക്ഷിച്ച് 400 മടങ്ങ് വിസ്തൃതിയിലാണ് ടെസ് നിരീക്ഷണം നടത്തുന്നത്. കെപ്ലറില്‍ നിന്നും വ്യത്യസ്തമായി ഗ്രഹങ്ങളുടെ പിണ്ഡം, വലുപ്പം, സാന്ദ്രത, ഭ്രമണപഥം, അന്തരീക്ഷം എന്നീ വിവരങ്ങളും കണ്ടെത്താന്‍ ടെസിനാകും. ഇതെല്ലാം പരിശോധിച്ച ശേഷമാണ് ജീവനു സാധ്യതയുണ്ടോയെന്ന് ടെസ് വിലയിരുത്തുന്നത്. ദൗത്യം അവസാനിക്കുമ്പോഴേക്കും മൂവായിരത്തോളം ഗ്രഹങ്ങളെയും ഭൂമിക്ക് സമാനമായ ഇരുപതോളം സൂപ്പര്‍ എര്‍ത്തുകളെയും ടെസ് തിരിച്ചറിയുമെന്നാണ് നാസയുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com