ADVERTISEMENT

കഴിഞ്ഞ ബുധനാഴ്ച നടത്തിയ ഇന്ത്യയുടെ ‘മിഷൻ ശക്തി’ പരീക്ഷണത്തിനെതിരെ വ്യാപക വിമർശനം. യൂറോപ്പ്, അമേരിക്കൻ ഗവേഷകരെല്ലാം ലൈവ് സാറ്റലൈറ്റ് വെടിവച്ചിട്ടതിനെ രൂക്ഷമായാണ് വിമർശിച്ചത്. പരീക്ഷണത്തെ ഭയാനകമായ നടപടിയെന്നാണ് നാസ തലവൻ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞത്. പരീക്ഷണത്തിനു ശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾക്കോ ബഹിരാകാശ നിലയത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇന്ത്യ മാത്രമായിരിക്കുമെന്നു യൂറോപ്യൻ സ്പേസ് ഏജൻസി ശാസ്ത്രജ്ഞൻ മാത്തിയാസ് മോറെറും ആരോപിച്ചു.

ലൈവ് സാറ്റലൈറ്റ് 400 കഷ്ണം

മിസൈൽ ഉപയോഗിച്ച് ഇന്ത്യ തകർത്ത ലൈവ് സാറ്റലൈറ്റ് 400 കഷ്ണങ്ങളായി. ഇതിൽ മിക്കതും ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിനും ഭീഷണിയാണ്. ചിതറിയ ചില ഭാഗങ്ങൾ ബഹിരാകാശ നിലയത്തിനു മുകളിൽ വരെ പോയിട്ടുണ്ട്. ഇതെല്ലാം വൻ ഭീഷണിയാണ് ഉയർത്തുന്നത്. ബഹിരാകാശ യാത്രികര്‍ക്കും ഭീഷണിയാണ്. ഭാവിയിലെ ബഹിരാകാശ സഞ്ചാരികൾക്ക് വൻ വെല്ലുവിളിയാകും ഈ മാലിന്യങ്ങളെന്നും നാസ തലവൻ ആരോപിക്കുന്നു.

ചിതറിയ ഭാഗങ്ങളെ കണ്ടെത്താനുള്ള നീക്കം തുടരുകയാണ്. എന്നാൽ അതിവേഗം സഞ്ചരിക്കുന്ന നൂറുകണക്കിന് ചെറിയ ഭാഗങ്ങൾ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പത്ത് സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള ഭാഗങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുളളത്. ഓർബിറ്റില്‍ ബഹിരാകാശ നിലയത്തിനു താഴെയായിരുന്ന ഉപഗ്രഹമാണ് ഇന്ത്യ തകർത്തത്. എന്നാൽ പൊട്ടിത്തെറിയിൽ 24 ഭാഗങ്ങൾ ബഹിരാകാശ നിലയത്തിനു മുകളിലുള്ള ഓർബിറ്റിലേക്ക് നീങ്ങിയിട്ടുണ്ട്. ഈ ഭാഗങ്ങൾ ബഹിരാകാശ നിലയത്തിൽ ചെന്നിടിക്കാനുള്ള സാധ്യത 44 ശതമാനാമാണെന്നും ബ്രൈഡൻസ്റ്റൈൻ പറഞ്ഞു.

ബഹിരാകാശത്ത് മാലിന്യം സൃഷ്ടിക്കുന്ന ഇത്തരമൊരു പരീക്ഷണം ഉത്തരവാദിത്വമുള്ള ഒരു രാജ്യവും ചെയ്യില്ലെന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി ശാസ്ത്രജ്ഞൻ മാത്തിയാസ് മോറെർ നേരത്തെ പറഞ്ഞത്. നിരവധി ഭാഗങ്ങളായി തകർന്ന ഉപഗ്രഹം ഭാവിയിൽ നിരവധി പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇന്ത്യ മാത്രം

ബഹിരാകാശ ദൗത്യങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ലോ ഓര്‍ബിറ്റിലാണ്. ഇവിടെയാണ് അനാവശ്യമെന്ന് പറയാവുന്ന, ലൈവ് സാറ്റലൈറ്റ് വെടിവച്ചിട്ട് പരീക്ഷണം നടത്തിയിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയം വരെ ഇവിടെയാണുള്ളത്. ഇതൊരു നല്ല സൂചനയല്ല. ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾക്കോ നിലയത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇന്ത്യ മാത്രമായിരിക്കുമെന്നും മോറെർ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ പരീക്ഷണത്തെ നാസ മേധാവി ജിം ബ്രൈഡ്സ്റ്റൈനും വിമർശിച്ചു. സാറ്റലൈറ്റ് തകർത്തുള്ള ഇത്തരം പരീക്ഷണങ്ങൾ ലോ ഓർബിറ്റിൽ ദീർഘകാല അനന്തരഫലങ്ങളുണ്ടാകുമെന്നാണ് ബ്രൈഡ്സെറ്റെൻ പറഞ്ഞത്. അമേരിക്ക ഗവേഷകരും വ്യോമസേനയും ഇന്ത്യ തകർത്ത സാറ്റലൈറ്റിന്റെ ഭാഗങ്ങളെ നിരീക്ഷിച്ചു വരികയാണ്. മൈക്രോസാറ്റ് ആർ പൊട്ടിത്തെറിച്ച് 250 ഭാഗങ്ങളായെന്നാണ് അമേരിക്കൻ വ്യോമസേന കണ്ടെത്തിയിരിക്കുന്നത്.

യുഎസ് നിരീക്ഷണം തുടരുന്നു

ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് യുഎസ് മിലിറ്ററി സ്ട്രാറ്റജിക് കമാൻഡ് നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്. കേണൽ ഡേവ് ഇസ്റ്റ്ബേൺ പറഞ്ഞു. അടുത്ത 45 ദിവസത്തിനുള്ളിൽ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിൽ പ്രവേശിച്ച കത്തിതീരുമെന്നാണ് ഇന്ത്യൻ ഗവേഷകരുടെ വാദം. എന്നാൽ വർഷങ്ങളോളം ഈ ഭാഗങ്ങൾ ലോ ഓർബിറ്റിലൂടെ അതിവേഗം സഞ്ചരിക്കുമെന്നാണ് യുഎസ് ഗവേഷകർ പറയുന്നത്.

അതേസമയം, ബഹിരാകാശ പരീക്ഷണങ്ങൾക്ക് മാർഗനിർദേശം വേണമെന്ന് യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച് ആവശ്യപ്പെട്ടു. സാറ്റലൈറ്റുകൾ തകർക്കുന്ന ആയുധങ്ങൾ ബഹിരാകാശത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകുമെന്നും യുഎൻഐഡിഐആർ ട്വീറ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com