ADVERTISEMENT

ഏകദേശം 4000- 4500 വര്‍ഷങ്ങള്‍ക്ക് മുൻപ് സ്‌പെയിനിലുണ്ടായിരുന്ന പുരുഷന്മാരെല്ലാം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഇല്ലാതായെന്ന് കണ്ടെത്തല്‍. വെങ്കലയുഗത്തില്‍ നിലവില്‍ പോര്‍ച്ചുഗലും സ്‌പെയിനും സ്ഥിതി ചെയ്യുന്ന ഐബീരിയന്‍ ഉപദ്വീപിലാണ് ഇത് സംഭവിച്ചത്. റഷ്യയില്‍ നിന്നുള്ള കുടിയേറ്റമാണ് ഐബീരിയന്‍ ഉപദ്വീപിലെ പുരുഷന്മാരുടെ കുലം മുടിച്ചത്. ഈ കുടിയേറ്റക്കാർ ഇന്ത്യയിലും എത്തിയിരുന്നുവെന്നാണ് അറിയുന്നത്.

 

കഴിഞ്ഞ എണ്ണായിരം വര്‍ഷക്കാലത്തെ മേഖലയിലെ ലഭ്യമായ പുരുഷന്മാരുടെ ജനിതക പരിശോധന നടത്തിയ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം, മേഖലയിലെ സ്ത്രീകളുടെ ജനിതകഘടനയില്‍ വലിയ മാറ്റങ്ങളുണ്ടായില്ലെന്നത് കുടിയേറ്റക്കാര്‍ സ്ത്രീകള്‍ക്ക് ഭീഷണിയായില്ലെന്നതിന്റെ സൂചനയാണ്. ഹഡേഴ്‌സ്ഫീല്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ബിസി 6000ത്തിനും എഡി 1600നും ഇടക്ക് ജീവിച്ചിരുന്ന 403 ഐബീരിയന്‍സിന്റെ ഡിഎന്‍എകളാണ് പരിശോധിച്ചത്.

 

7500 വര്‍ഷങ്ങള്‍ക്ക് മുൻപ്, കൃഷി കണ്ടെത്തുന്നതിനും മുൻപ് വേട്ടയാടി ജീവിച്ച ഐബീരിയന്‍ ജനതക്കുണ്ടായ മാറ്റങ്ങളിലേക്കും ഡിഎന്‍എ പരിശോധനകള്‍ വെളിച്ചം വീശുന്നുണ്ട്. 4500 വര്‍ഷങ്ങള്‍ക്ക് മുൻപ് ചെമ്പ് യുഗത്തിന്റെ അവസാനകാലത്താണ് പുതിയ ജനവിഭാഗങ്ങള്‍ മേഖലയിലേക്ക് വന്നെത്തിയതിന്റെ സൂചനകള്‍ ഡിഎന്‍എകള്‍ നല്‍കുന്നത്. ബീക്കർ ‍(കൈപ്പിടിയില്ലാത്ത വലിയ പാത്രങ്ങള്‍) കാലഘട്ടം എന്നറിയപ്പെട്ടിരുന്ന ഈ സമയത്താണ് മേഖലയില്‍ കുടിയേറ്റക്കാര്‍ വലിയ സ്വാധീനം ചെലുത്തുന്നത്. 500 വര്‍ഷം കൊണ്ടുതന്നെ ഐബീരിയന്‍ ജനതയുടെ ജനിതകഘടനയില്‍ 40 ശതമാനവും ഇവരുടേതായി മാറി. ഇക്കാലംകൊണ്ട് ഐബീരിയന്‍ ഗോത്രങ്ങളിലെ പുരുഷന്മാരുടെ ഡിഎന്‍എ സംഭാവന പോലും ഇല്ലാതായി. 

 

വന്നു ചേര്‍ന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാരാണെന്നും ഗവേഷകര്‍ സൂചന നല്‍കുന്നുണ്ട്. ഇക്കാലവും മേഖലയിലെ സ്ത്രീകള്‍ വിജയകരമായി അതിജീവിച്ചെന്നതും ശ്രദ്ധേയമാണ്. പിതാവില്‍ നിന്നും പുത്രന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈ ക്രോമസോമുകളെയാണ് ശാസ്ത്രജ്ഞര്‍ പഠിച്ചത്. വൈ ക്രോമസോമുകളില്‍ മാതാവിന്റെ യാതൊന്നും കൈമാറ്റം ചെയ്യപ്പെടുന്നില്ല. 

 

മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത ഇതേകാലത്ത് സമാനമായ ഗോത്രവിഭാഗത്തിന്റെ കുടിയേറ്റം ഇന്ത്യയിലേക്കുമുണ്ടായി എന്നതാണ്. 5000 വര്‍ഷങ്ങള്‍ക്ക് മുൻപ് കരിങ്കടലിന് വടക്ക് റഷ്യയിലെ പുല്‍മേടുകളില്‍ താമസിച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് ഒരേസമയം പടിഞ്ഞാറ് യൂറോപ്പിലേക്കും കിഴക്ക് ഏഷ്യന്‍ പ്രദേശത്തേക്കും കുടിയേറ്റം നടത്തിയത്. കുതിരകളും ചക്രം ഘടിപ്പിച്ച വാഹനങ്ങളുമാണ് ഈ ഗോത്രവിഭാഗത്തെ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് ഇത്രയും ദീര്‍ഘമായ കുടിയേറ്റത്തിനു പ്രാപ്തരാക്കിയതെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com