ADVERTISEMENT

പ്രപഞ്ച രഹസ്യങ്ങളിലൊന്നായ തമോർഗത്തം (Black Hole) ചരിത്രത്തിലാദ്യമായി ക്യാമറയിൽ പതിഞ്ഞു. ഇതുവരെ ഭാവനയിൽ മാത്രം ചിത്രീകരിച്ചിരുന്ന തമോഗർത്ത പ്രതിഭാസത്തിന്റെ ചിത്രമാണ് ഇപ്പോൾ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. 

 

രാജ്യാന്തര ജ്യോതിശാസ്ത്ര സമൂഹം 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ചരിത്രപരമായ കണ്ടെത്തലിൽ എത്തിനിൽക്കുന്നത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയർ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യന്റെ 650 ബില്ല്യൻ മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. കറുത്ത ഒരു വൃത്തത്തിനു ചുറ്റും പ്രഭാവലയങ്ങളോടു കൂടിയ ചിത്രമാണ് ഇന്നലെ ഗവേഷകർ പുറത്തുവിട്ടത്. പ്രകാശം പോലും അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ പടം ഇതുവരെ പകർത്താനായിരുന്നില്ല.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ 2017 ഏപ്രിലിലാണ് നിരീക്ഷണം തുടങ്ങിയത്. ഇവയുടെ കണ്ടെത്തലുകൾ ഏകീകരിച്ച് ചിത്രമാക്കി മാറ്റുകയായിരുന്നു. വാഷിങ്ടനു പുറമേ ബ്രസൽസ് സാന്തിയാഗോ, ഷാങ്ഹായ്, തായ്പേയ്, ടോക്കിയോ എന്നിവിടങ്ങളിലും ഒരേസമയം മാധ്യമസമ്മേളനം നടത്തിയാണ് ഈ ചിത്രം പുറത്തുവിട്ടത്.

 

60 സ്ഥാപനങ്ങളിലെ 200 ഗവേഷകര്‍ ചേര്‍ന്നു നടത്തിയ ആറു പഠനങ്ങള്‍ വിശകലനം ചെയ്താണ് തമോഗര്‍ത്ത വിവരങ്ങള്‍ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com