ADVERTISEMENT

ലോകമെമ്പാടും പത്തു ലക്ഷത്തിലേറെ പേരാണ് ഓരോ വർഷവും കൊതുകുജന്യ രോഗങ്ങളാൽ കൊല്ലപ്പെടുന്നത്. കോടിക്കണക്കിന് പേർക്ക് രോഗങ്ങളും വരുന്നു. ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, മഞ്ഞപ്പനി എല്ലാം കൊടുകകുകൾ പരത്തുന്നതാണ്. ‘സിക്ക’ ഉൾപ്പടെയുള്ള മാരകരോഗങ്ങൾക്കെല്ലാം കാരണം പെൺകൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകൾ. വിവിധ രാജ്യങ്ങളിലായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാൻ ആർക്കും സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ കൈപിടിച്ച് സഹായവുമായി ഗൂഗിൾ എത്തിയത്. 2017 ൽ ഗൂഗിൾ തുടക്കമിട്ട കൊതുകിനെ തുരത്താനുള്ള പദ്ധതി 95 ശതമാനം വരെ വിജയിച്ചെന്നാണ് അറിയുന്നത്. 

 

ഗൂഗിൾ സെർച്ച് എൻജിൻ ഭീമന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനു കീഴിലെ ലൈഫ് സയൻസസ് വിഭാഗമായ ‘വെരിലി’ ആണ് പുതിയ പ്രോജക്ട് പരീക്ഷിച്ചത്. ഇവിടത്തെ ഗവേഷകർ 2017 ൽ കലിഫോർണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 15 ലക്ഷത്തിലേറെ കൊതുകുകളെയായിരുന്നു. പക്ഷേ അവയൊന്നും ഉപദ്രവകാരികളായിരുന്നില്ല. മനുഷ്യനെ കടിക്കാത്ത ആൺകൊതുകുകളെയാണ് അവർ തുറന്നുവിട്ടത്. അവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തുറന്നുവിട്ട ലക്ഷക്കണക്കിനു കൊതുകുകളിലും വൊൽബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരുന്നു. ഈ ബാക്ടീരിയയുള്ള ആൺകൊതുകുകളുമായി പെൺകൊതുകുകൾ ഇണചേരുമെങ്കിലും അതുവഴിയുണ്ടാകുന്ന മുട്ടകൾ വിരിയില്ല! 

 

കൊതുകിന്റെ ശരീരത്തിൽ ഒളിച്ചിരുന്ന് മുട്ടകളെ വിരിയാൻ പറ്റാത്ത അവസ്ഥയിലാക്കുന്നവയാണ് ഇത്തരം ബാക്ടീരിയങ്ങൾ ചെയ്യുക. മനുഷ്യനെ കടിക്കാത്തതിനാൽ ആ ഭീതി വേണ്ട. അഥവാ കടിച്ചാൽത്തന്നെ വൊൽബാക്കിയ മനുഷ്യനെ യാതൊരു തരത്തിലും ബാധിക്കില്ല. മോസ്കിറ്റ്മേറ്റ് എന്ന ബയോടെക് കമ്പനിയുമായി ചേർന്നാണ് വെരിലിയുടെ ഈ ‘ഡീബഗ് പ്രോജക്ട്’ പരീക്ഷിച്ചത്. ഒരു റോബട്ടിക് സംവിധാനത്തിലൂടെയാണ് ഇത്രയേറെ കൊതുകുകളെ ഉൽപാദിപ്പിച്ചെടുത്തത്. ഇത്തരത്തിൽ വൻകൂട്ടമായി കൊതുകുകളെ തുറന്നുവിടുന്നതിനെ ഒരു ‘ജൈവയുദ്ധ’ത്തോടാണ് ഗവേഷകർ ഉപമിക്കുന്നത്.

 

ചില കൊതുകുകളെയും ഷഡ്പദങ്ങളെയും പ്രസവിക്കാൻ സാധിക്കാത്ത വിധമാക്കുന്നതിൽ വൊൽബാക്കിയ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് 1967ൽ തന്നെ ഗവേഷകർ മനസ്സിലാക്കിയിരുന്നു. ഈ തന്ത്രം ഉപയോഗപ്പെടുത്തിയാണ് കൊതുകുകളെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നടന്നത്. എന്നാൽ ഏറെ കാലങ്ങൾക്കു ശേഷമാണ് വൊൽബാക്കിയയിലെ ചില പ്രത്യേക ജീനുകൾ എങ്ങനെയാണ് ‘വിരിയാത്ത’ മുട്ടകൾ ഇടീപ്പിക്കുന്ന അവസ്ഥയിലേക്ക് ഷഡ്പദങ്ങളെ എത്തിക്കുന്നതെന്ന് കണ്ടെത്താനായത്. ഗൂഗിളാകട്ടെ ജനിതകപരിവർത്തനം നടത്തിയ കൊതുകുകളെയല്ല തുറന്നുവിട്ടത്. വൊൽബാക്കിയയെ കൊതുകുകളിലേക്ക് കടത്തിവിട്ടുവെന്നേയുള്ളൂ. ജനിതകമാറ്റം വരുത്തിയ കൊതുകുകളും തുറന്നുവിടുന്നതിനെതിരെ നിലവിൽ പ്രതിഷേധങ്ങളേറെ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഗൂഗിളിന്റെ അനുയോജ്യ നീക്കം. 

 

അമേരിക്കയിൽ തുടക്കമിട്ട ഈ പദ്ധതി വിവിധ രാജ്യങ്ങളിൽ കൂടി നടപ്പിലാക്കുന്നതോടെ ഭൂമിയിൽ കൊതുകുകളുടെ ഭീഷണി ഇല്ലാതാകുമെന്നാണ് കരുതുന്നത്. പ്രധാനമായും ഈഡിസ് ഈജിപ്തിയാണ് ഡീബഗ് പ്രോജക്ടിന്റെ നോട്ടപ്പുള്ളി. ഡെങ്കിയും സിക്കയും ചിക്കുൻഗുനിയയുമെല്ലാം പടർത്തുന്നതിൽ മുൻപന്തിയിലുണ്ട് ഇത്. കുറഞ്ഞ ജീവിതകാലമേയുള്ളൂ ഓരോ കൊതുകിനും. അതിനിടെ പരമാവധി മുട്ടകളിട്ട് വംശവർധനയ്ക്കാണു ശ്രമം. പക്ഷേ വൊൽബാക്കിയ കയറിയ ആൺകൊതുകുകൾ നിറയുന്നതോടെ ഈഡിസ് കൊതുകുകളുടെ പ്രത്യുൽപാദനം തടസ്സപ്പെടും. വലിയൊരു മേഖലയിൽ നിന്നുതന്നെ അവ തുടച്ചുമാറ്റപ്പെടും. ബ്രസീലിലും വിയറ്റ്നാമിലും ഓസ്ട്രേലിയയിലും സമാനമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. ഫ്രെസ്നോയിലെ ഫീൽഡ് സ്റ്റഡിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് പുതു സ്ട്രാറ്റജി തയാറാക്കി ഡീബഗ് പ്രോജക്ടുകൾ ലോകമെമ്പാടും ആരംഭിക്കുമെന്നാണ് അറിയുന്നത്. വൈകാതെ ഇന്ത്യയിലേക്കും ഇതെത്തുമെന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com