sections
MORE

പഴയ ഇറാഖും സിറിയയും: അമേരിക്കൻ ചാരവിമാനങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്ത്

us-spy-plane
SHARE

അമേരിക്കയുടെ യു2 ചാര വിമാനങ്ങള്‍ 1950കളിലും 60കളിലും മധ്യേഷ്യയ്ക്കു മുകളില്‍ നിന്നു പകർത്തിയ ഫോട്ടോകള്‍ പുറത്തുവന്നു. ഇതുവരെ വെളിപ്പെടാതെ കിടന്ന, പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് താത്പര്യമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെയാണ് ഈ ചിത്രങ്ങളിലൂടെ കാണിച്ചുതരുന്നത്. സിഐഎ പുറത്തുവിട്ട ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ കാണാനാകുന്നത് പുരാതന സ്ഥലങ്ങളുടെ ഒരു നിരതന്നെയാണ്. ഇവയില്‍ ഈജിപ്റ്റിലെ നൈല്‍ നദിക്കരയിലെ ഇടങ്ങള്‍ മുതല്‍ സിറിയയിലെ അലെപോയും (യുദ്ധം നശിപ്പിക്കുന്നതിനു മുൻപുള്ള ചിത്രങ്ങള്‍), ഇറാഖിലെ അസിറിയന്‍ നഗരമായ നിമ്രുദ് ( Nimrud) വരെയുള്ള സ്ഥലങ്ങളടങ്ങുന്നു.

മധ്യേഷ്യയിലേക്ക് കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നു പുറപ്പെട്ട മനുഷ്യരുടെ പാതയും താവളങ്ങളും ജീവിത രീതിയും ആരായുന്ന പുരാവസ്തു ഗവേഷകര്‍ക്ക് ഇതൊരു വിവരഖനിയായി തോന്നാനുള്ള കാരണം നിരവധിയാണ്. കിഴക്കന്‍ ജോര്‍ഡാനില്‍ മൃഗങ്ങളെ കൂട്ടക്കുരുതി നടത്തിയിരുന്ന കെണികള്‍, ഇറാഖിലെ നീയോ-അസിറിയന്‍ സമ്രാജ്യത്തിനു കീഴില്‍ ഉപയോഗിച്ചിരുന്ന ജല വിതരണ സംവിധാനങ്ങള്‍, പടിഞ്ഞാറന്‍ ഇറാഖിലെ ചതുപ്പില്‍ തമ്പടിച്ചിരുന്ന മനുഷ്യ സമൂഹങ്ങള്‍ തുടങ്ങിയവയൊക്കെ പുരാവസ്തു ഗവേഷകരില്‍ ആനന്ദം നിറയ്ക്കുന്ന രേഖകളാകുകയാണ്.

ഈ വിഷയത്തില്‍ വിദഗ്ധരായ എമിലി ഹാമറും ജെയ്‌സണും ചിത്രങ്ങള്‍ പഠിച്ച് സ്വന്തമായി സൂചിക സൃഷ്ടിച്ചു കഴിഞ്ഞു. പെന്‍സില്‍വേനിയയില്‍ നിന്നും ഹാര്‍വര്‍ഡില്‍ നിന്നുമുള്ള ഗവേഷകര്‍ ചിത്രങ്ങള്‍ ചിട്ടപ്പെടുത്തുകയാണ്. ഇവ 70,000 അടി ഉയരത്തിൽ നിന്നു ചിത്രീകരിച്ചവയാണ്. ചിത്രങ്ങളെടുക്കാനിറങ്ങിയ ദൗത്യത്തിന്റെ കോഡ്‌നാമം ചെസ് (CHESS) എന്നായിരുന്നുവെന്നു പറയുന്നു. റെസലൂഷന്‍ കുറവുള്ള നെഗറ്റീവുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തത്. ആയിരക്കണക്കിന് അടി നീളമുള്ള ഫിലിമിലെ ഫ്രെയ്മുകള്‍ സസൂക്ഷ്മം പഠിച്ച ശേഷം 100mm മാ‌ക്രോ ലെന്‍സ് ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും അവ കൂട്ടിച്ചേര്‍ക്കുയും പിന്നീട് കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇവ എവിടെയാണ് കിടക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്താണ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരു ഗവേഷകരും പുറത്തുവിട്ടത്.

ചിലപ്പോള്‍ യു2 വിമാനത്തില്‍ പിടിപ്പിച്ചെടുത്ത ഫിലിമിലെ ചിത്രങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുമ്പോള്‍ എന്താണിവ എന്ന് ആദ്യനോട്ടത്തില്‍ മനസ്സിലാകില്ല. അപരിചിതങ്ങളായ സ്ഥലങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പുതിയതായി നടത്തുന്ന കണ്ടെത്തലുകളുടെ ഒരു സുഖം ഉണ്ട് ഇവയിലൂടെ കടന്നുപോകുമ്പോഴെന്നും ഹാമര്‍ പറഞ്ഞു. മറ്റു ചിലപ്പോള്‍ ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ കടന്നു പോകുന്നത് എനിക്ക് മനപ്പാഠമായ സ്ഥലങ്ങളിലൂടെയാണ്. അപ്പോള്‍ ഞാന്‍ ശ്വാസം പിടിച്ചു നോക്കിയിരിക്കുമെന്നും അവര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്കു മുൻപ് ഈ പ്രദേശം എങ്ങനെയിരുന്നുവെന്നത് കാണുക എന്നത് ഉദ്വേഗജനകമാണെന്നും ഹാമര്‍ പറഞ്ഞു.

1954ലും 60ലും എടുത്ത ചിത്രങ്ങളില്‍ ഡിസെര്‍ട്ട് കൈറ്റുകള്‍ (desert kites- മൃഗങ്ങളെ വീഴിക്കാനുള്ള കെണികള്‍) ധാരാളമായി കാണാം. ഇവയില്‍ ചെറുമാനുകള്‍ (ഗസലുകള്‍), ജിറാഫുകള്‍ തുടങ്ങിയവ വീണിരുന്നു. 8,000 മുതല്‍ 5,000 വര്‍ഷം മുൻപായിരിക്കാം ഇവ ഉപയോഗിക്കപ്പെട്ടതെന്ന് അനുമാനിക്കുന്നു. നവീന ശിലായുഗം മുതല്‍ വെങ്കലയുഗം വരെയുള്ള കാലത്തു ജീവിച്ചിരുന്നവര്‍ മൃഗങ്ങളെ പിടിക്കാന്‍ ഈ രിതീ അനുവര്‍ത്തിച്ചു വന്നിരുന്നു. ഇതു കൂടാതെ, കല്ലുവച്ചു കെട്ടിയ മതിലുകള്‍, ചക്രത്തെ അനുസ്മരിപ്പിക്കുന്ന തരം വൃത്താകൃതിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയും കാണാം.

ഹാമറെയും ജെയ്‌സണെയും ഈ ഗവേഷണത്തിനു വഴി തിരിച്ചു വിട്ടതിനു പിന്നില്‍ ഒരു ചൈനീസ് ഗവേഷകനായിരുന്നു. യു2 ശീതയുദ്ധകാലത്ത് അദ്ദേഹത്തിന്റെ നാടിനു മുകളിൽ വച്ചെടുത്ത ചിത്രങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഈ ദൗത്യമേറ്റെടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

ഇറാഖില്‍ പുരാതന മനുഷ്യര്‍ സൃഷ്ടിച്ചിരുന്ന കനാലുകളും ടണലുകളും അവശിഷ്ടങ്ങളും കാണാം. ഏറ്റവും ആദ്യത്തെ കനാലുകളിലൊന്ന് കാസിര്‍ (Khazir) നദി മുതല്‍ നിമ്രുദ് നഗരം വരെ 60 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു. 1960കള്‍ മുതല്‍ നശിച്ചു പോയ പലതും ചിത്രങ്ങളുടെ സഹായത്തോടെ കംപ്യൂട്ടറില്‍ പുനഃസൃഷ്ടിക്കാനും തങ്ങള്‍ക്കായെന്ന് ഗവേഷകര്‍ പറയുന്നു. ഡിസെര്‍ഡ് കൈറ്റുകളെക്കാള്‍ ചെറിയ ഗ്രാമങ്ങള്‍ തുടങ്ങിയവയാണ് ഇങ്ങനെ സൃഷ്ടിച്ചത്. ആധുനിക കൃഷിയുടെ ഉദ്ഭുവത്തെക്കുറിച്ചു പഠിക്കാന്‍ ഇവ ഉപകരിക്കുമെന്നു കരുതുന്നു. കനാലുകളിലൂടെ എത്തിയ വെള്ളം പഴയ തലസ്ഥാനങ്ങള്‍ക്ക് ഉണര്‍വു പകര്‍ന്നു. ആവശ്യത്തിലേറെ വിഭവങ്ങള്‍ ഉണ്ടാക്കാനായി. ഗ്രാമങ്ങളില്‍ വെള്ളമെത്തിച്ചുവെന്നും പ്രൊഫെസര്‍ ഹാമര്‍ പറയുന്നു.

u2-spy-photos

അടുത്ത കാലത്തു കണ്ടെത്തിയ ചതുപ്പു നിലം കേന്ദ്രീകരിച്ചു ജീവിച്ചിരുന്ന അറബ് സമൂഹങ്ങളെക്കുറിച്ചും കൂടുതല്‍ വെളിപ്പെടത്തലുകള്‍ നടത്താന്‍ ഈ ചിത്രങ്ങള്‍ക്കായി. യു2 വിമാനം 43 ചതുപ്പു ഗ്രാമങ്ങള്‍ക്കു മീതെകൂടെയാണു കടന്നു പോയത്. ഇവയില്‍ ചിലതില്‍ മനുഷ്യവാസമുണ്ടായിരുന്നു. ചിലതില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോയിരുന്നു. ഇവയില്‍ ഉണ്ടായിരുന്ന കെട്ടിടങ്ങളും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA