sections
MORE

സ്‌പെയ്‌സ്X പേടകം പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം, നാസ ദൗത്യം മാറ്റിവയ്‌ക്കേണ്ടിവരും?

spacex-
SHARE

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് തുടങ്ങിയ സ്‌പെയ്‌സ് എക്സ് കമ്പനി അടുത്തിടെ നടത്തിയ 'ക്രൂ ഡ്രാഗണ്‍' പരീക്ഷണം ദുരന്തത്തിലാണോ അവസാനിച്ചത്? ട്വിറ്ററില്‍ പോസ്റ്റു ചെയ്യപ്പെട്ട, വ്യക്തമല്ലാത്ത വിഡിയോയാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പുതിയ ക്യാപ്‌സ്യൂളിന്റെ അബോര്‍ട്ട് സിസ്റ്റം സ്റ്റാറ്റിക്-ഫയര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പൊട്ടിത്തകര്‍ന്നുവെന്നാണ് സൂചന. രാജ്യാന്തര മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വാർത്ത വന്നെങ്കിലും സ്‌പെയ്‌സ് എക്സ് അധികൃതർ പ്രതികരിച്ചില്ല. 

പുറത്തുവന്ന വിഡിയോ ശരിയാണെങ്കിൽ സ്പെയ്സ് എക്സ് പേടകത്തിനു ഗുരുതരമായ പ്രശ്‌നം നേരിട്ടുവെന്നാണ് കരുതുന്നത്. ഈ വര്‍ഷം ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ നീക്കങ്ങള്‍ക്കും വന്‍ തിരിച്ചടിയാണിതെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ഡ്രാഗണ്‍ ക്രൂ ക്യാപ്‌സ്യൂള്‍ ഫ്‌ളോറിഡയിലെ കെയ്പ് കനാവറല്‍ ലോഞ്ച് സൈറ്റിലെത്തിച്ചത്. ഇതിനെ ചുറ്റിയാണ് പുകയും തീനാളങ്ങളും കാണപ്പെട്ടതായി പറയുന്നത്. വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് @Astronut099 എന്ന യൂസറാണ്. ഇയാള്‍ സ്ഥിരമായി ട്വീറ്റു ചെയ്യുന്നയാളും കെയ്പ് കനാവെറലിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തിയുമാണ്. ടെസ്റ്റ് പാഡില്‍ വച്ചിരുന്ന ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ പൊട്ടിത്തെറിച്ചതു തന്നെയാകാം വിഡിയോയിലുള്ളതെന്ന് ചലര്‍ അനുമാനിക്കുന്നു. ഈ ഡ്രാഗണ്‍ ജൂണില്‍ നടക്കാനിരുന്ന ഒരു ലോഞ്ച് അബോര്‍ട്ട് ടെസ്റ്റില്‍ വീണ്ടും ഉപയോഗിക്കാനിരിക്കുകയായിരുന്നു. മറ്റൊരു ക്യാപ്‌സ്യൂള്‍ രണ്ടു ക്രൂവുമായി ജൂലൈയില്‍ ടെസ്റ്റ് ഫ്‌ളൈറ്റ് നടത്താനും പദ്ധതിയിട്ടിരുന്നു.

സൂപ്പര്‍ഡ്രാകോ അബോര്‍ട്ട് ത്രസ്റ്ററുകള്‍ ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമാണ്. അപകടഘട്ടത്തില്‍ ക്യാപ്‌സ്യൂളിനെ സുരക്ഷിതമാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. എന്നാല്‍, നാസ പറഞ്ഞത് തങ്ങളുടെ ബഹിരാകാശ സഞ്ചാരികളുമായുള്ള ദൗത്യം മാറ്റിവയ്ക്കണമോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നാണ്. ഇത്തരം സാധ്യതകളുള്ളതിനാലാണ് ടെസ്റ്റുകള്‍ നടത്തുന്നത് എന്നാണ് അവരുടെ പ്രതികരണം. ഞങ്ങള്‍ പഠിക്കുകയും, വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യും. അതിനുശേഷം ക്രൂവുമായുള്ള പറക്കല്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

dragon

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും സ്‌പെയ്‌സ് എക്‌സിന്റെ ജോലിക്കാരനുമായിരുന്ന ഗ്യാരറ്റ് റെയ്‌സ്മാന്‍ പറയുന്നത് സ്‌പെയ്‌സ് എക്സിന് കാര്യങ്ങള്‍ ശരിയല്ല എന്നാണ്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഈ അപകടത്തില്‍ നിന്നു പഠിച്ചെടുക്കാവുന്ന കാര്യങ്ങള്‍ വച്ച് ക്രൂ ഡ്രാഗണ്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നു കരുതാമെന്നും അദ്ദേഹം പറഞ്ഞു. ഈ അപകടത്തിനു മുൻപ് വരെ സ്‌പെയ്‌സ് എക്സില്‍ കാര്യങ്ങള്‍ വളരെ സുഗമാമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും നടത്തിയ യാത്രയൊക്കെ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞു. എന്നാല്‍, ദിവസങ്ങൾക്ക് മുൻപ് നടത്തിയ പരീക്ഷണ സമയത്ത് ക്യാപ്‌സ്യൂളിന്റെ വശത്ത് പിടിപ്പിച്ചിരുന്ന സൂപ്പര്‍ഡ്രാക്കോ ടെസ്റ്ററുകൾ ഉപയോഗിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡ്രാഗണിനെ ബഹിരാകാശ യാത്രയ്ക്കുള്ള ഏറ്റവും സുരക്ഷിത വ്യോമവാഹനമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് സ്‌പെയ്‌സ് എക്സ് പറയുന്നത്. എന്നാല്‍ ഇതിന് എന്താണ് പ്രത്യേകമായി ചെയ്യുന്നതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല.

എന്താണ് സ്‌പെയ്‌സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍?

ഈ ക്യാപ്‌സ്യൂളിന് 20 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്. ഇതില്‍ ഏഴ് ബഹിരാകാശ യാത്രക്കാര്‍ക്കു വരെ ഒരേ സമയം യാത്ര ചെയ്യാം. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപെടാന്‍ ക്രൂ ഡ്രാഗണില്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സുരക്ഷയാണ്. ചുറ്റുപാടിനെ ക്രമീകരിക്കാനും സുരക്ഷയ്ക്കുമുള്ള ( Environmental Control and Life Support System) സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലെയിലൂടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ, തത്സമയ വിവരങ്ങള്‍ തന്നെ ലഭിക്കും.

SpaceX-Dm-2

2011 മുതല്‍ നാസയുടെ ഗവേഷകർ യുഎസിലെ കെയ്പ് കനാവരലിലൂടെയല്ല ബഹിരാകാശത്തേക്കു പോയിരുന്നത്. അവർ റഷ്യന്‍ റോക്കറ്റുകള്‍ക്ക് വന്‍ വില നല്‍കി ഉപയോഗിക്കുകയായിരുന്നു. പിന്നീട് നാസ ഈ ജോലി രണ്ടു സ്വകാര്യ കമ്പനികള്‍ക്കായി വീതംവച്ചു നല്‍കുകയായിരുന്നു. സ്‌പെയ്‌സ് എക്സ്, ബോയിങ്. അവരോട് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാനുള്ള ക്യാപ്‌സ്യൂളുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA