ADVERTISEMENT

സൈനികത്താവളങ്ങൾക്ക് മുകളിൽ അജ്ഞാത വസ്തുക്കൾ കണ്ടതായി അമേരിക്കൻ നാവികസേനയുടെ വെളിപ്പെടുത്തൽ. പറക്കുംതളികയ്ക്ക് സമാനമായ വസ്തുക്കൾ നിരവധി തവണ കണ്ടെത്തിയതായി പൈലറ്റുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് അ‍ജ്ഞാത വസ്തുക്കൾ റിപ്പോർട്ട് ചെയ്യാൻ യുഎസ് നാവികസേന പുതിയ മാർഗനിർദേശങ്ങൾ തന്നെ പുറത്തിറക്കി. പൈലറ്റുമാർക്കും മറ്റു ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകി.

അമേരിക്കൻ നാവികസേനയിൽ 18 വർഷം പൈലറ്റായി പ്രവർത്തിച്ച കമാന്‍ഡര്‍ ഡേവിഡ് ഫ്രേവറിൻ പറഞ്ഞത് 2004ല്‍ കാലിഫോര്‍ണിയയുടെ തീരത്തു കൂടെ പറക്കുമ്പോൾ പറക്കുംതളിക പോലുള്ള വസ്തു കണ്ടുവെന്നാണ് വെളിപ്പെടുത്തിയത്. അമേരിക്കൻ നാവികസേനയില്‍ നേവി സ്വാഡ്രണായി സേവനം അനുഷ്ടിക്കുന്നതിനിടെയായിരുന്നു ഫ്രേവറിന്റെ വിചിത്രാനുഭവം. ഒരു വിമാനത്തോളം വലുപ്പമുള്ള പറക്കും തളികയെയാണ് സാധാരണ പരിശീലന പറക്കലിനിടെ താന്‍ കണ്ടതെന്ന് ഫ്രേവര്‍ വെളിപ്പെടുത്തിയിരുന്നു. 2004 ൽ തന്നെയാണ് ഏറ്റവും കൂടുതൽ തവണ അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2017ൽ ആകാശത്ത് കാണുന്ന അജ്ഞാത വസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്ന പെന്റഗണിന്റെ ഔദ്യോഗിക സമ്മതം വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഫ്രേവറിന്റെ അനുഭവസാക്ഷ്യവും പുറത്തുവന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും എയർപോർട്ടുകൾക്ക് പരിസരത്തും പതിവായി അജ്ഞാത വസ്തുക്കൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് നാവികസേന പൈലറ്റുമാർ പറയുന്നത്.

2007 മുതല്‍ 2012 വരെയുള്ള കാലത്ത് ഇത്തരം അജ്ഞാത ആകാശ വസ്തുക്കളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടെന്ന് നേരത്തെ പെന്റഗണും സമ്മതിച്ചിരുന്നു. എന്നാല്‍ അന്നത്തെ പട്ടികയിലുണ്ടായിരുന്ന സംഭവങ്ങളില്‍ ചിലതില്‍ ഇപ്പോഴും പഠനം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. 

അമേരിക്കന്‍ വ്യോമസേന പറക്കുംതളികകളെക്കുറിച്ച് 1969ല്‍ നടത്തിയ പ്രൊജക്ട് ബ്ലൂബുക്ക് എന്ന പഠനങ്ങള്‍ക്ക് സമാനമായിരുന്നു ഇവ. ആകാശത്ത് പലകാലങ്ങളില്‍ പലദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട നൂറുകണക്കിന് അജ്ഞാത വസ്തുക്കളായിരുന്നു പ്രൊജക്ട് ബ്ലൂബുക്കിലെ പഠനവിഷയങ്ങള്‍. എന്നാല്‍ അന്യഗ്രഹ പറക്കും തളികകളെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു പ്രൊജക്ട് ബ്ലൂബുക്ക് എന്നാണ് അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കിയത്. 

2004 നവംബര്‍ 14ന് താന്‍ കണ്ട അജ്ഞാത വസ്തുവിനെക്കുറിച്ച് മറ്റാര്‍ക്കെല്ലാം സംശയങ്ങളുണ്ടെങ്കിലും തനിക്ക് സംശയമില്ലെന്നാണ് പൈലറ്റായ ഫ്രേവര്‍ മൂന്നു വർഷം മുൻപ് വെളിപ്പെടുത്തിയത്. അന്ന് താന്‍ കണ്ടത് ഭൂമിയിലുള്ള വസ്തുവല്ലെന്ന് ഫ്രേവര്‍ വിശ്വസിക്കുന്നു. അമേരിക്കയിലെ സാന്‍ഡിയോഗോക്കും മെക്‌സിക്കോയിലെ എന്‍സെനാഡക്കുമിടയിലൂടെ കരയില്‍ നിന്നും 60 മുതല്‍ 100 മൈല്‍ വരെ ദൂരത്തില്‍ സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഫ്രേവര്‍ ആ കാഴ്ച കണ്ടത്. 

നാല്‍പത് അടിയോളം വലുപ്പത്തില്‍ ചിറകുകളൊന്നുമില്ലാത്ത വെളുത്ത നിറത്തിലുള്ള പറക്കും തളിക കണ്ടുവെന്നാണ് ഫ്രേവര്‍ റിപ്പോര്‍ട്ടു ചെയ്തത്. സമുദ്രത്തോട് ചേര്‍ന്നായിരുന്നു ഈ പറക്കും തളികയുടെ സഞ്ചാരം. കൂടുതല്‍ അടുത്തേക്ക് ചെന്നതോടെ അതിവേഗം ഇത് പറന്നുപോവുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

സുരക്ഷയ്ക്ക് വൻ ഭീഷണിയായേക്കാവുന്ന ഇത്തരം അജ്ഞാത വസ്തുക്കളുടെ കണ്ടെത്തല്‍ അതീവ ഗുരുതരമായാണ് നാവികസേന കണക്കിലെടുക്കുന്നത്. ഇതിനാലാണ് പൈലറ്റുമാര്‍ക്കും മറ്റ് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com