sections
MORE

വീണ്ടും ട്വിസ്റ്റ്; തൂത്തന്‍ഖാമന് മുൻപ് ഈജിപ്ത് ഭരിച്ചത് രണ്ടു രാജ്ഞിമാര്‍

Akhenaten
ഗവേഷക വലേറി ആന്‍ഗെനോട്ട്
SHARE

പത്താം വയസ്സില്‍ ഫറവോയാവുകയും പതിനെട്ടാം വയസ്സില്‍ മരിക്കുകയും ചെയ്ത തൂത്തന്‍ഖാമന്‍ ഈജിപ്ഷ്യന്‍ ഫറവോമാരിലെ ഏറ്റവും ദുരൂഹമായ പേരാണ്. തൂത്തന്‍ഖാമന്റെ ഭരണത്തിനു തൊട്ടു മുൻപ് അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാര്‍ കൂടി ഈജിപ്ത് ഭരിച്ചിരുന്നുവെന്ന പുതിയ വാദമാണ് ഇപ്പോള്‍ ഉയരുന്നത്. കാനഡയിലെ യൂണിവേഴ്സിറ്റി ഡ്യു ക്യുബക് എ മോൺട്രിയലിൽ ഈജിപ്തിനെക്കുറിച്ചു പഠിക്കുന്ന ഗവേഷക വലേറി ആന്‍ഗെനോട്ടാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. 

ഈജിപ്തിലേക്കു പുരാവസ്തു ഗവേഷകരുടെയും സഞ്ചാരികളുടെയും പ്രവാഹം സൃഷ്ടിച്ചുകൊണ്ട്, 1922 ലാണ് തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയത്. കല്ലറയിൽനിന്നു ലഭിച്ച അമൂല്യ നിധിശേഖരമായിരുന്നു കാരണം. അതിലുണ്ടായിരുന്ന, തൂത്തന്‍ഖാമന്റെ സ്വര്‍ണമുഖാവരണത്തിനു മാത്രം 10.23 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

തൂത്തന്‍ഖാമന്റെ ഭരണകാലത്തിനു തൊട്ടുമുമ്പ് ഒരു രാജ്ഞി ഈജിപ്ത് ഭരിച്ചിരുന്നെന്ന് പല പുരാവസ്തുഗവേഷകരും നിഗമനം നടത്തിയിട്ടുണ്ട്. ഏതാണ്ട് അമ്പതു വർഷമായി ഗവേഷകരും ഇതിൽ‍ ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. തൂത്തന്‍ഖാമന്റെ പിതാവ് അഖനേറ്റന്റെ സഹോദരിയും പിന്നീട് ഭാര്യയുമായ നെഫര്‍റ്റിറ്റിയായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്. അഖനേറ്റന്റെ മരണശേഷം അവര്‍ രാജ്ഞിയായി സ്വയം അവരോധിക്കുകയായിരുന്നത്രേ. അതേസമയം, അഖനേറ്റന്റെ മൂത്തമകളായ മെരിറ്റാനറ്റന്‍ രാജകുമാരിയാണ് ഈജിപ്ത് ഭരിച്ചതെന്ന വാദവുമുണ്ട്. 

ഈ വാദങ്ങളെ ഖണ്ഡിച്ചാണ്, തൂതൻഖാമനു മുമ്പ് അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാര്‍ ഭരണം നടത്തിയിരുന്നെന്ന് വലേറി ആന്‍ഗെനോട്ട് പറയുന്നത്. നാലാം വയസ്സിലാണ് തൂത്തന്‍ഖാമനിലേക്ക് ഈജിപ്തിന്റെ ഫറവോ സ്ഥാനം എത്തുന്നത്. തങ്ങളുടെ സഹോദരന് കാര്യങ്ങള്‍ ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തിയാകുന്നതുവരെ ഭരണം നടത്താൻ‌ സഹോദരിമാർ അധികാരം കയ്യാളുകയായിരുന്നത്രേ. അവർ ഒരു പൊതു സ്ഥാനപ്പേരിലാണ് ഭരിച്ചിരുന്നത്. തൂത്തന്‍ഖാമന്റെ കല്ലറയില്‍ നിന്നും മറ്റും ലഭിച്ച പുരാവസ്തുക്കൾ, രാജകീയ ചിഹ്നങ്ങൾ, മറ്റു രേഖകളിൽനിന്നുള്ള സൂചനകൾ തുടങ്ങിയവ പഠിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്നും വലേറി പറയുന്നു.

ആറു പെണ്‍മക്കള്‍ക്ക് ശേഷമാണ് അഖനേറ്റന് തൂത്തന്‍ഖാമന്‍ എന്ന ആണ്‍കുഞ്ഞ് പിറക്കുന്നത്. ജീവിതകാലം മുഴുവന്‍ അസുഖക്കാരനായിരുന്ന തൂത്തന്‍ഖാമന്‍ പതിനെട്ടാം വയസ്സില്‍ അജ്ഞാത കാരണങ്ങളാല്‍ മരിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA